ദുബായ്/അബുദാബി∙ നാക്കിലയിലെ സദ്യയും നാലുകൂട്ടം പായസവും ഇല്ലാതെ മലയാളിക്കെന്ത് ഓണാഘോഷം. പ്രവാസികളുടെ ഓണാഘോഷം മധുരതരമാക്കാൻ യുഎഇയിൽ പായസമേളകൾ ഒരുങ്ങുന്നു. വിവിധ റസ്റ്ററന്റുകളും മാളും കേന്ദ്രീകരിച്ചു നാളെ ആരംഭിക്കുന്ന പായസമേള തിരുവോണം വരെ തുടരും. കാലിക്കറ്റ് നോട്ട് ബുക്കിന്റെ ശാഖകളിൽ വെള്ളിയാഴ്ച മുതൽ പായസമേള തുടങ്ങും. ചക്ക, ഇളനീർ, സേമിയ, പരിപ്പ്, അട എന്നീ പയാസങ്ങളാണ് ലഭ്യമാകുക.
മുൻകൂട്ടി ബുക്ക് ചെയ്യുന്നത് അഭികാമ്യമാകുമെന്ന് എംഡി സതീഷ് കുമാർ പറഞ്ഞു. ഒന്നാം ഓണം മുതൽ റസ്റ്ററന്റ് ശാഖകളിൽ സദ്യയും ലഭ്യമാകും. ഏതു ദിവസമാണെങ്കിലും ഓണസദ്യ ഒരുക്കി വീട്ടിലെത്തിക്കാനും പദ്ധതിയുണ്ടെന്നും പറഞ്ഞു. ഷാർജ സഫാരി മാളിൽ 16 തരം പായസങ്ങളടങ്ങിയ പായസ മേള 27 മുതൽ ഒരുക്കിയിട്ടുണ്ട്. അബുദാബി മുസഫയിലെ ബനാന ലീഫ് റസ്റ്ററന്റ് 28 മുതൽ പായസമേളം ഒരുക്കുന്നത്. പാഴ്സലായി കൊണ്ടുപോകാനും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഉടമ നിബു സാം ഫിലിപ്പ് പറഞ്ഞു. ബുക്ക് ചെയ്യുന്നവർക്ക് വീട്ടിൽ എത്തിക്കും. മുസഫ വ്യവസായ മേഖലയിലെ കോക്കനട്ട് ലഗൂണിൽ നാളെ മുതൽ 31 വരെ പായസമേള ഉണ്ടാകും.
അമ്പലപ്പുഴ പാൽപായസം, മത്തങ്ങ, ബീറ്റ്റൂട്ട്, കാരറ്റ്, അരി, പാലട, സേമിയം, ഗോതമ്പ്, പരിപ്പ്, അട പായസം എന്നിവയാണ് ഇവിടെ ലഭിക്കുകയെന്ന് എംഡി സജി തോമസ് പറഞ്ഞു. ഇതിൽ അമ്പലപ്പുഴ പാൽപായസം ഒന്നോണം, തിരുവോണം ദിവസങ്ങളിൽ മാത്രമേ ലഭിക്കൂ. പാഴ്സൽ വാങ്ങാനും സൗകര്യം ഉണ്ട്. കാലിക്കട്ട് പാരഗൺ, സൽക്കാര ഹോട്ടലുകളിൽ സദ്യയും പായസവും ലഭിക്കുമെന്ന് ഷെഫ് റോയി അറിയിച്ചു.
പാലട, പരിപ്പ് പായസങ്ങളും പ്രഥമനുമാണു സദ്യയ്ക്കൊപ്പം വിളമ്പുക. വീടുകളിൽ പാഴ്സലായി കൊണ്ടുപോകാനും സൗകര്യം ഉണ്ടാകും. 31,1,2 തീയതികളിൽ കരാമയിൽ സദ്യയുണ്ടാവും. 28,31തീയതികളിൽ ഷാർജ അൻസർമാൾ സൽക്കാരയിൽ സദ്യയുണ്ടാകും. മീഡിയസിറ്റി സൽക്കാരയിലും അൽനാദ കാലിക്കട്ട് പാരഗണിലും 28ന് പാഴ്സൽ സദ്യ മാത്രം. രണ്ടിടത്തും 31ന് ഹോട്ടലിൽ സദ്യയുണ്ണാം. ഖിസൈസ് സൽക്കാരയിൽ 29,30,തീയതികളിൽ പാഴ്സൽ മാത്രം. 31ന് അവിടെ കഴിക്കാനും പാഴ്സൽ കിട്ടാനും സൗകര്യം.