ADVERTISEMENT

ദുബായ് ∙ ചില വീസകൾക്ക് അനുമതി ലഭിക്കാൻ വൈകുന്നതിനു കാരണം അപേക്ഷകരുടെ സ്പോൺസർമാരുടെ അനുമതി കൂടി ലഭിക്കേണ്ടതു കൊണ്ടാണെന്ന് ജിഡിആർഎഫ്എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്) ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മർറി വ്യക്തമാക്കി.

റസിഡന്റ് വീസയുള്ള എല്ലാവർക്കും യുഎഇയിലേക്കു മടങ്ങാം. എന്നാൽ ചില കമ്പനികൾ അവരുടെ ജീവനക്കാരുടെ കാര്യത്തിൽ അനുവാദത്തിന് അപേക്ഷിക്കണം. അങ്ങനെ അപേക്ഷിച്ച പല കമ്പനികൾക്കും അനുവാദം നൽകിയിട്ടുണ്ടെന്നും ജോലി ഉറപ്പാക്കാതെ ആരും വരാതിരിക്കാനാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സംശയങ്ങൾക്കുള്ള അദ്ദേഹത്തിന്റെ മറുപടി:

കോവിഡ് പ്രതിസന്ധിക്കു മുൻപു ലഭിച്ച ടൂറിസ്റ്റ് വീസകൾക്ക് എന്ത് സംഭവിക്കും?

∙ ജിഡിആർഎഫ്എയും ട്രാവൽ ഏജൻസികളും തമ്മിൽ ഇക്കാര്യത്തിൽ പരിഹാരം കണ്ടെത്തും. വിമാനങ്ങൾ  പുതുക്കി യാത്രാ സമയം നിശ്ചയിക്കുകയോ വ്യത്യസ്ത പാക്കേജുകൾ ബുക്കു ചെയ്തു നൽകുകയോ ചെയ്യേണ്ടി വരും.

ഡിസംബർ വരെ തനിയെ നീട്ടിക്കിട്ടും എന്ന് പറയുന്ന കാലാവധി കഴിഞ്ഞ റസിഡന്റ് വീസകളുമായി യുഎഇയിൽ നിന്നു പോകാനോ മടങ്ങി വരാനോ സാധിക്കുമോ?

∙ റസിഡന്റ് വീസകൾ പുതുക്കി കിട്ടുന്നതുവരെ രാജ്യം വിടാൻ അനുവാദമില്ല. കാലാവധി കഴിഞ്ഞ വീസയുമായി രാജ്യത്തു നിന്നു പോയാൽ അവർ മടങ്ങിവരുമ്പോൾ പുതുക്കി കിട്ടണമെന്നില്ല. അതു കൊണ്ട് വീസ പുതുക്കിയശേഷം രാജ്യം വിടുന്നതാവും മടങ്ങിവരാനും നല്ലത്.

കുടുംബാംഗങ്ങളിൽ ചിലർക്ക് യാത്രാനുമതി നിഷേധിച്ചാൽ എന്തു ചെയ്യണം?

∙ കുടുംബാംഗങ്ങളിൽ ആർക്കും വീട്ടു ജോലിക്കാർക്കും ഇതു സംഭവിക്കാം. അതു മിക്കപ്പോഴും ഡേറ്റ നൽകിയപ്പോൾ വന്ന പിഴവു കൊണ്ടുമാകാം. വീട്ടു ജോലിക്കാർ ഒറ്റയ്ക്ക് അവരുടെ രാജ്യത്തു നിന്നു മടങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ ജോലി നൽകുന്ന ആൾ അതിന് പ്രത്യേകമായി അപേക്ഷിക്കേണ്ടി വരും.

യുഇഎ വിമാനക്കമ്പനികളിൽ മാത്രമാണോ ഇങ്ങോട്ടു വരാനാകുക?

∙ ഏതു വിമാനത്തിലും ദുബായിലേക്കു വരാം. അവരുടെ സുഗമമായ യാത്രയ്ക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ വിമാനക്കമ്പനികൾക്ക് ഉത്തരവാദിത്വവും അവകാശവും ഉണ്ട്.

പ്രായമുള്ള മാതാവിനു വീസ കിട്ടാൻ എന്താണു വ്യവസ്ഥ?

∙ ചില ഘടകങ്ങൾ അനുകൂലമാണെങ്കിൽ മക്കൾക്കൊപ്പം താമസിക്കാൻ ആർക്കും വീസ അനുവദിക്കും.

അറുപതു വയസ്സിനു മുകളിലുള്ളവർക്കു റസിഡന്റ് വീസ പുതുക്കി നൽകുമോ?

∙ അപേക്ഷകരുടെ ആരോഗ്യസ്ഥിതിയും ജോലി ചെയ്യുന്ന മേഖലയും അനുസരിച്ചാകും പുതുക്കി നൽകുക. പ്രായം ഒരു ഘടകമല്ല. എന്നാൽ ആരോഗ്യം പ്രധാന ഘടകമാണ്.

ജോലി നഷ്ടമായി, പിഴയും അടയ്ക്കേണ്ടി വന്ന് ഇവിടെ നിന്ന് പോകാൻ സാധിക്കാതിരിക്കുന്നവർ എന്താണ് ചെയ്യേണ്ടത്?

∙ ജിഡിഎഫ് ആർഎയിലെ മാനുഷിക പരിഗണന നൽകുന്ന വിഭാഗം  ഓരോ  കേസും പ്രത്യേകമായി പരിഗണിച്ച് യാത്രാ സൗകര്യം നൽകാറുണ്ട്. പിഴയുള്ളവർക്കു  രാജ്യം വിടാൻ കഴിയില്ലെന്നു കരുതരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com