ADVERTISEMENT

ദുബായ് ∙ നീറ്റ് പരീക്ഷ പ്രവാസലോകത്ത് പരീക്ഷണമായി മാറുന്നു. ജൂലൈ 26ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ ഏറെ നിവേദനങ്ങൾക്കും പരിവേദനങ്ങൾക്കും ഒടുവിലാണ് മാറ്റി വച്ചത്. അന്ന് പ്രവാസ ലോകം ഏറെ ആശ്വസിച്ചു. നീറ്റിന് ഒരു പരീക്ഷാ കേന്ദ്രം എന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാൽ പരീക്ഷ എഴുതേണ്ടവർ വന്ദേഭാരത് വിമാനങ്ങളിൽ വന്ന് പരീക്ഷ എഴുതട്ടെയെന്ന  തീരുമാനം ആശങ്കയോടെയാണ് പ്രവാസലോകം കേട്ടത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് മൂവായിരത്തിലധികം പേർ നീറ്റ് എഴുതാനുണ്ട്. ഗൾഫിൽ നിന്ന് നാട്ടിൽ പോകുന്ന കുട്ടികൾ ക്വാറന്റീനിൽ പോകേണ്ടി വരും.

14 ദിവസം ക്വാറന്റീൻ കണക്കാക്കി വേണം യാത്ര തീരുമാനിക്കാൻ. ഇതു കണക്കാക്കി വ്യാഴാഴ്ച നാട്ടിലേക്ക് മകൾ  പോകാനിരിക്കുകയാണെന്ന് ചെങ്ങന്നൂർ സ്വദേശിയും ദുബായിൽ ഉദ്യോഗസ്ഥനുമായ തോമസ് ജോസ്(തമ്പി) പറഞ്ഞു. വീടുള്ളതിനാൽ അക്കാര്യത്തിൽ ബുദ്ധിമുട്ടില്ലെന്നും എന്നാൽ നാട്ടുകാർ ഉൾപ്പെടെയുള്ളവരുടെ ഭീതി പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം സ്വന്തമായി വീടില്ലാത്തവരും വൃദ്ധരായ മാതാപിതാക്കൾ ഉൾപ്പെടെ വീട്ടിലുള്ളവരും വളരെ പ്രയാസത്തിലാണ്. കോവിഡ് ഭീതി മൂലം സഹോദരങ്ങൾ പോലും അകറ്റുന്ന സമയത്ത് ബന്ധുവീടുകളിൽ കഴിയുന്നത് ബുദ്ധിമുട്ടാവും. മക്കളെ ഒറ്റയ്ക്കു നാട്ടിലേക്ക് വിടാൻ ഭയക്കുന്ന മാതാപിതാക്കളും ധാരാളം. ഏതായാലും ഇത്തവണ പരീക്ഷ എഴുതുന്നില്ലെന്നും ഒരു വർഷം നഷ്ടപ്പെടുന്നതിൽ വേദനയുണ്ടെന്നും അവർ ഓൺ ഇംഗ്ലിഷ് സ്കൂളിൽ നിന്ന് പ്ലസ്ടു കഴിഞ്ഞ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ഗോപിക ജോഷി പറഞ്ഞു.

ഗൾഫിൽ ഒരു പരീക്ഷാ കേന്ദ്രം ഏറെ അത്യാവശ്യമാണെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അനുകൂല തീരുമാനമെടുക്കും എന്നാണ് കരുതിയിരുന്നതെന്നും ഒമാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിങ് മുൻ കൺവീനർ ടി.ഭാസ്കരൻ പറഞ്ഞു. വന്ദേഭാരത് വിമാനങ്ങളിൽ 96 മണിക്കൂർ സമയപരിധിയിലുള്ള പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിനാൽ അതു നടത്തുന്നതിനുള്ള സാങ്കേതിക പ്രശ്നങ്ങളും ഏറെയുണ്ട്. ഈ സാഹചര്യത്തിലാണ് ഗൾഫിൽ ഒരു പരീക്ഷാ കേന്ദ്രം എന്ന ആവശ്യം ശക്തമായത്. ഇതിനായി കെഎംസിസി സുപ്രീംകോടതിയെ സമീപിക്കുകയും  ചെയ്തു. കിം എൻട്രൻസ് ദുബായിൽ നടത്തിയിരുന്നു. ഇതുപോലെ നീറ്റും നടത്തിയാൽ നിരവധി പേർക്ക് അവസരം നഷ്ടമാകില്ലെന്നു പ്രവാസ ലോകം ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com