ADVERTISEMENT

ദോഹ ∙ ഇന്ത്യയിലെ പ്രധാന പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് (മെയിന്‍) പരീക്ഷ (ജെഇഇ)യുടെ ദോഹയിലെ സെന്റര്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിച്ചു. പരീക്ഷ ബിര്‍ള പബ്ലിക് സ്‌കൂളില്‍ നടക്കും. പരീക്ഷാ നടത്തിപ്പുകാരായ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ)യാണ് പരീക്ഷാ കേന്ദ്രം ബിര്‍ള പബ്ലിക് സ്‌കൂളിലേക്ക് മാറ്റിയത്. ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തലിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പരീക്ഷാ സെന്റര്‍ സംബന്ധിച്ച പ്രശ്‌നം വേഗത്തില്‍ പരിഹരിക്കപ്പെട്ടത്. നൂറോളം വിദ്യാർഥികളാണ് അടുത്തമാസം 2, 3 തീയതികളില്‍ നടക്കുന്ന പരീക്ഷയ്ക്കായി തയാറെടുത്തിരിക്കുന്നത്. 

ആദ്യം ദോഹയിലെ സ്വകാര്യ സ്ഥാപനമായ ഫാമിലി കംപ്യൂട്ടര്‍ സെന്റര്‍ ആണ് എന്‍ടിഎ പരീക്ഷാ സെന്റര്‍ ആയി പ്രഖ്യാപിച്ചത്. എന്നാല്‍ പരീക്ഷയ്ക്കുള്ള പ്രൊവിഷണല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ സെന്ററുമായി ബന്ധപ്പെട്ടപ്പോള്‍ പരീക്ഷ നടത്താന്‍ കഴിയില്ലെന്ന കംപ്യൂട്ടര്‍ സെന്ററിന്റെ നിലപാടാണ് ആശങ്കയ്ക്ക് വഴിതെളിച്ചത്. തുടര്‍ന്ന് രക്ഷിതാക്കള്‍ ഇന്ത്യന്‍ എംബസിയെ വിവരം അറിയിച്ചതോടെയാണ് എംബസി ഇടപെട്ട് പ്രശ്‌നം പരിഹരിച്ചത്.

ശാരീരിക അകലം ഉള്‍പ്പെടെയുള്ള ഖത്തറിലെ വിദ്യാഭ്യാസ, പൊതുജനാരോഗ്യ മന്ത്രാലയങ്ങളുടെ കോവിഡ്-19 പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും ജെഇഇ പരീക്ഷ നടത്തുന്നത്. അത്യാധുനിക പഠന സൗകര്യങ്ങള്‍ ഉള്ള  ദോഹയിലെ മുന്‍നിര ഇന്ത്യന്‍ സ്‌കൂളുകളില്‍ ഒന്നായ ബിര്‍ള പബ്ലിക് സ്‌കൂള്‍ ആണ് കഴിഞ്ഞ 2 വര്‍ഷമായി ഖത്തറിലെ ജെഇഇ പരീക്ഷാ സെന്റര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com