ADVERTISEMENT

ദോഹ∙ ഖത്തറില്‍ കോവിഡ്-19 നിയന്ത്രണങ്ങളിലെ ഇളവുകള്‍ പിന്‍വലിക്കുന്നതിന്റെ  4-ാം ഘട്ടം ആരംഭിക്കുന്നത്  2 ഘട്ടങ്ങളിലായി. സെപ്റ്റംബര്‍ 1 മുതല്‍ ആദ്യ ഘട്ടവും സെപ്റ്റംബര്‍ 3-ാം ആഴ്ചയില്‍ രണ്ടാമത്തെ ഘട്ടവും ആരംഭിക്കും. കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമ്പോഴും നിലവിലെ കര്‍ശന കോവിഡ്-19 മുന്‍കരുതലുകള്‍ പൊതുജനങ്ങള്‍ പാലിച്ചിരിക്കണമെന്നും ക്രൈസിസ് മാനേജ്‌മെന്റ് സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. 4-ാം ഘട്ടത്തിലെ സെപ്റ്റംബര്‍ 1 മുതലുള്ള ആദ്യ ഘട്ടം വിജയകരമെങ്കില്‍ മാത്രമേ  2-ാം ഘട്ടം അനുവദിക്കൂ. ഇഹ്‌തെറാസിലെ ആരോഗ്യനില പച്ചയെങ്കില്‍ മാത്രമേ പ്രവേശനം എന്ന വ്യവസ്ഥ തുടരും.  2 മീറ്റര്‍ സാമൂഹിക അകലം പാലിക്കുകയും വേണം. ബന്ധപ്പെട്ട അതോറിറ്റികള്‍ നിര്‍ദേശിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം മാത്രമേ സ്ഥാപനങ്ങള്‍ക്കും വാണിജ്യ കേന്ദ്രങ്ങള്‍ക്കും ഷോപ്പിങ് മാളുകള്‍ക്കുമെല്ലാം പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. 

ആദ്യ ഘട്ടത്തിലെ ഇളവുകള്‍

ലൈബ്രറികള്‍, മ്യൂസിയങ്ങള്‍ എന്നിവയ്ക്ക് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാം. മെട്രോ, കര്‍വ ബസ് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങള്‍ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും. രാജ്യത്തെ മുഴുവന്‍ പള്ളികളും തുറക്കും. പ്രതിദിന, വെള്ളിയാഴ്ച പ്രാര്‍ത്ഥനകളും അനുവദിക്കും. എന്നാല്‍ പള്ളികളിലെ ശുചിമുറികളും അംഗശുദ്ധി വരുത്തുന്നതിനുള്ള ഇടവും തുറക്കില്ല.  ഇന്‍ഡോര്‍ വേദികളില്‍ 15 പേര്‍ക്കും പുറത്ത് 30 പേര്‍ക്കും ഒത്തുകൂടാം. വിവാഹങ്ങള്‍ക്ക് ഇന്‍ഡോര്‍ വേദികളില്‍ 40 പേരും പുറത്ത് 80 പേര്‍ക്കും പങ്കെടുക്കാം.  ഹസ്തദാനങ്ങളും ആലിംഗനങ്ങളും നല്‍കിയുള്ള ആശംസകളും പാടില്ല. 

വീടുകളില്‍ പാര്‍ട്ടി നടത്തിയാല്‍ അതിന്റെ റെക്കോഡ് സൂക്ഷിക്കണം. അതിഥികളുടെ ഫോണ്‍ നമ്പറും വിലാസവും കൈവശം ഉണ്ടായിരിക്കണം. ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളില്‍ നടക്കുന്ന കായിക പരിപാടികളില്‍ 20 ശതമാനവും പുറത്ത് 30 ശതമാനം കാണികള്‍ക്കും പ്രവേശിക്കാം. ഹെല്‍ത് ക്ലബ്ബുകള്‍, ജിം, പൊതു നീന്തല്‍ കുളങ്ങള്‍ എന്നിവയ്ക്ക് 50 ശതമാനം ശേഷിയിലും  ഇന്‍ഡോര്‍ നീന്തല്‍ കുളങ്ങള്‍ക്ക് 30 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാം. മസാജ്, സൗന സേവന കേന്ദ്രങ്ങള്‍ക്ക് 30 ശതമാനം ശേഷിയിലും തുറക്കാം. 

ഷോപ്പിങ് മാളുകളില്‍ കുട്ടികള്‍ക്ക് പ്രവേശനം

കുട്ടികള്‍ക്ക് മാളുകളില്‍ പ്രവേശിക്കാം. ഷോപ്പിങ് മാളുകള്‍ക്ക് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തനം തുടരാം. മാളുകളിലെ ഫുഡ് കോര്‍ട്ടുകള്‍ക്ക് 30 ശതമാനം ശേഷിയില്‍ തുറക്കാം. സൂഖുകളുടെ പ്രവര്‍ത്തനശേഷി 75 ശതമാനമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. മൊത്ത വിപണികള്‍ക്ക് 50 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാം. 

ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് 50 ശതമാനം ശേഷിയിലും സിനിമ തീയേറ്ററുകള്‍ക്ക് 15 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. 18 വയസില്‍ താഴെയുള്ളവര്‍ക്ക് തീയേറ്ററില്‍ പ്രവേശനം പാടില്ല. വേനല്‍ ക്യാമ്പുകള്‍ അനുവദിക്കില്ല. പബ്ലിക് പാര്‍ക്കുകളിലെ കായിക ഉപകരണങ്ങളുടെ ഉപയോഗിക്കുന്നതിനുള്ള വിലക്കും തുടരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com