ADVERTISEMENT

അബുദാബി ∙ ലോകമെമ്പാടും കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന മുന്നണിപ്പോരാളികൾക്ക് ആദരവിന്റെയും പ്രതീക്ഷയുടെയും പൂക്കൾ അർപ്പിച്ച് തിരുവോണദിനത്തിൽ യുഎഇയിലെ ആരോഗ്യപ്രവർത്തകർ ഒരുക്കിയത് കൂറ്റൻ പൂക്കളം. കോവിഡിനെതിരായ പോരാട്ടത്തിന്റെ മുൻനിരയിൽ  തുടക്കം മുതലുള്ള നൂറോളം ആരോഗ്യ പ്രവർത്തകരാണ് പൂക്കളത്തിലൂടെ പ്രത്യാശയുടെ പൂവിളിയുയർത്തിയത്. ഇന്ത്യ, ഫിലിപ്പീൻസ്, യുഎഇ, ലെബനൻ, മൊറോക്കോ, ഈജിപ്ത്, ബ്രിട്ടൻ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള   ആരോഗ്യ പ്രവർത്തകർ ഇതിലുൾപ്പെടും. 

അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ വിപിഎസ്- ബുർജീൽ മെഡിക്കൽ സിറ്റിയിൽ 250 കിലോഗ്രാം പൂക്കളുപയോഗിച്ചാണ് പൂക്കളം ഒരുക്കിയത്. 450 ചതുരശ്ര അടിവിസ്തീർണത്തിലുള്ള പൂക്കളം ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആകർഷണങ്ങളിലൊന്നായ സാൻഡ് പെന്ഡുലത്തിന് ചുറ്റിലുമാണ്. പെൻഡുലം മണലിൽ വരയ്ക്കുന്ന യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ ചിത്രമാണ് പൂക്കളത്തിന്റെ നടുവിൽ. ചുറ്റിലും ജമന്തി, ചെണ്ടുമല്ലി, റോസ്, ഡാലിയ തുടങ്ങി വ്യത്യസ്ത പൂക്കളുടെ നിറപ്പകിട്ട്.

ഞായറാഴ്ച അർധരാത്രി തുടങ്ങിയ പൂവിടൽ രാവിലെ പത്തോടെയാണ് പൂർത്തിയായത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാരും നഴ്‌സുമാരും ആശുപത്രി ജീവനക്കാരും പൂക്കളമൊരുക്കുന്നതിന്റെ ഭാഗമായി. 418 കിടക്കകളുള്ള ബുർജീൽ മെഡിക്കൽ സിറ്റി യുഎഇയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയർന്ന ഘട്ടത്തിൽ പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയിരുന്നു. നൂറു കണക്കിന് കോവിഡ് ബാധിതർക്ക് ചികിത്സയും പരിചരണവും നൽകുന്നതിൽ സജീവമായിരുന്നവരാണ് പൂക്കളത്തിന് പിന്നിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർ. മെഡിക്കൽ സിറ്റി കോവിഡ് മുക്തമായി പ്രഖ്യാപിച്ചതിന് ശേഷമെത്തിയ ഓണത്തിന് വ്യത്യസ്ത പൂക്കളം തീർക്കുകയെന്ന ആശയം മുന്നോട്ട് വച്ചത് മലയാളി നഴ്‌സുമാർ അടക്കമുള്ളവരാണ്. പിന്നാലെ എല്ലാവരും ഈ ആശയത്തെ പിന്തുണച്ചു.

‘വീട്ടിലിരുന്നു സുരക്ഷിതരായി മലയാളികൾ ഓണം ആഘോഷിക്കുമ്പോൾ ആരോഗ്യപ്രവർത്തകർ ലോകത്തെല്ലായിടത്തും കോവിഡ് ബാധിതരെ പരിചരിക്കുകയാണ്. അവർക്കുള്ള ആദരവാണ് ഈ കൂറ്റൻ പൂക്കളം’ – ബുർജീൽ മെഡിക്കൽ സിറ്റിയിൽ നഴ്‌സ് മാനേജരായ ഷെബ ചാണ്ടി പറഞ്ഞു. എല്ലാവർഷവും ആശുപത്രിയിൽ വിപുലമായി ആഘോഷിക്കുന്നത് കൊണ്ട് ഓണത്തെ പറ്റി മലയാളി സഹപ്രവർത്തകരിൽ നിന്ന് അറിയാമെന്നും ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കാൻ ഈ വർഷത്തെ ഓണം തിരഞ്ഞെടുത്തതിൽ സന്തോഷം ഉണ്ടെന്നും ബുർജീൽ മെഡിക്കൽ സിറ്റിയിൽ ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റായ ഡോ. ഖാലിദ് അബോൽദഹബാദ് പറഞ്ഞു.

English Summary: Healthcare workers put up a huge ‘onapookkalam’ dedicating to pandemic fighters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com