ADVERTISEMENT
ദുബായ്/അബുദാബി ∙ സ്കൂളുകളിലെ ഓണാഘോഷം ഇത്തവണ വീടുകളിലായി. സ്ക്രീനിനു മുന്നിൽ    പാടുകയും നൃത്തം വയ്ക്കുകയും ചെയ്തു കുട്ടികൾ ഓണമാഘോഷിച്ചു. ഹോട്ടലുകളിൽ നിന്നും ഇത്തവണ കൂടുതൽ പാഴ്സൽ സദ്യകളും ചെലവായി. ചില കൂട്ടായ്മകളിൽ കറികൾ പരസ്പരം കൈമാറി അവരവരുടെ വീടുകളിൽ ഓണസദ്യ നടത്തി.

ഓൺലൈൻ ക്ലാസിൽ ഓണപ്പാട്ട്

സ്കൂളുകളിൽ അധ്യാപകർ കേരളീയ വേഷത്തിലെത്തി. ഓണാശംസകൾ നേർന്നായിരുന്നു ഓരോ പീരിയഡുകളുടെയും തുടക്കം. വീട്ടിലെ പൂക്കളത്തിന്റെയും സദ്യയുടെയും വിശേഷങ്ങളാണു വിദ്യാർഥികൾ പങ്കുവച്ചത്. ആഘോഷത്തിനു മുന്നോടിയായി ‌വിവിധ വിദ്യാർഥികളുടെ കലാപരിപാടികൾ റെക്കോർഡ് ചെയ്ത് വിഡിയോ ആക്കി ഒരേസമയം എല്ലാ ക്ലാസിലും പ്രദർശിപ്പിക്കുകയും ചെയ്തു.ഓണപ്പാട്ട് പാടിയും മറ്റും മക്കൾ വീട്ടിൽ ഓണം ആഘോഷിച്ചത് ഇത്തവണ ആദ്യമായി കാണാൻ അവസരം ലഭിച്ചെന്നും ഏറെ സന്തോഷം തോന്നിയെന്നും വീട്ടമ്മയായ വിനീത ബിജു പറഞ്ഞു. മക്കളായ അരുണിമയും അൻവിതയും അബുദാബി ഇന്ത്യൻ സ്കൂൾ വിദ്യാർഥിനികളാണ്. ഓണാഘോഷത്തിനായി ഷാർജ ഇന്ത്യൻ സ്കൂളിന് അവധി നൽകിയിരുന്നു. മറ്റു സ്കൂളുകൾ തുറന്നെങ്കിലും ഏറെ പേരും ഓണത്തിനു കുട്ടികളെ വിട്ടില്ല.

സൂപ്പറായി പാഴ്സൽ സദ്യ

റസ്റ്ററന്റുകളിലും സൂപ്പർഹൈപ്പർ മാർക്കറ്റുകളിലും പ്രതീക്ഷിച്ചതിനെക്കാൾ വലിയ പ്രതികരണമാണു സദ്യയ്ക്കു ലഭിച്ചതെന്ന് കച്ചവടക്കാർ പറഞ്ഞു. ഓണസദ്യയ്ക്കു മുൻകൂട്ടി ബുക്കു ചെയ്തതിന്റെ ഇരട്ടി ആളുകൾ തൽസമയം എത്തിയതോടെ പല റസ്റ്ററന്റുകളും വീണ്ടും സദ്യ ഉണ്ടാക്കുകയായിരുന്നു. പ്രമുഖ ഹോട്ടലുകളിൽ മുപ്പതിലേറെ വിഭവങ്ങളുമുണ്ടായിരുന്നു. 4 തരം പായസം. ഇന്നലെയും സദ്യയുണ്ടായിരുന്നു. വെള്ളി, ശനി ദിവസങ്ങളിലും സദ്യയുണ്ടാകും. കോവിഡ് മൂലം പുറത്തിറങ്ങാൻ പറ്റാത്ത ജനങ്ങൾ വീട്ടിലിരുന്ന് ഓണക്കോടിയുടുത്തും ഇലയിട്ട് സദ്യകഴിച്ചും ആഘോഷിച്ചതിന്റെ ഫലമാണ് വിപണിയിൽ കണ്ടത്. സദ്യയ്ക്ക് 4 കൂട്ടം പായസമടക്കം 30 വിഭവങ്ങൾ ഉണ്ടായിരുന്നതായി ഉമ്മുൽഖുവൈനിലെ പ്രമുഖ ഹോട്ടലിൽ എക്സിക്യൂട്ടീവ് ഷെഫ് ആയ ജി. ഷജിത്ത് കുമാർ പറഞ്ഞു. ഓണത്തിനു നാട്ടിൽ നിന്നു പാചക വിദഗ്ധരെ വരുത്തുന്ന പതിവ് ഇത്തവണയുണ്ടായില്ല.

ആഘോഷം തുടങ്ങിയിട്ടേയുള്ളൂ

പതിവുപോലെ ഈ വർഷം മുഴുവൻ ഇനി ആഘോഷം. മാവേലിയും ക്രിസ്മസ് അപ്പൂപ്പനും കൈകൊടുത്തു ചേർന്നു നിൽക്കുന്ന  അപൂർവ അരങ്ങുകൾ  ഗൾഫിലെ മാത്രം പ്രത്യേകത. ഓണം പ്രവൃത്തി ദിവസമായിരുന്നതിനാൽ വരുന്ന വെള്ളിയാഴ്ച ആഘോഷം കൂടുതൽ ഗംഭീരമാക്കാനാണു പലരുടെയും തീരുമാനം. കോവിഡ് സാഹചര്യങ്ങൾ മൂലം പൊതുവേദികളിലെ ആഘോഷം ഇല്ലെങ്കിലും വീടുകളിൽ പാട്ടുംമേളവും പൂക്കളവുമൊക്കെയായി  പൊന്നോണത്തെ വരവേറ്റു. ബാച്​ലേഴ്സ് ഫ്ലാറ്റുകളിൽ 11മണിക്കു മുൻപേ വിഭവങ്ങളൊരുക്കി. വിഭവങ്ങൾക്കൊപ്പം സെൽഫിയെടുത്ത് നാട്ടിലേക്ക് അയച്ചു.
വീട്ടുകാരെ ഞെട്ടിക്കുന്നതായിരുന്നു സദ്യവട്ടങ്ങൾ. 2 കൂട്ടം പായസമൊരുക്കിയവരുമേറെയാണ്. കൂട്ടുകാർക്കു കൂടിയുള്ള വിഭവങ്ങളും പായസവുമായാണ് പലരും ഇന്നലെ ഓഫിസുകളിലെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com