ADVERTISEMENT

ദോഹ ∙ ഹോം ക്വാറന്റീനിൽ കഴിയുന്നവർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും. കോവിഡ്-19 നെതിരെയുള്ള പ്രതിരോധ, മുൻകരുതൽ നടപടികൾ രാജ്യത്ത് തുടരുന്ന സാഹചര്യത്തിൽ പൊതുജന ആരോഗ്യ സുരക്ഷ ഉറപ്പാക്കി വ്യാപനം തടയാൻ ലക്ഷ്യമിട്ടാണ് നടപടികൾ കർശനമാക്കിയിരിക്കുന്നത്.

വീട്ടിലായതിനാൽ അധികൃതർ നിരീക്ഷിക്കില്ലെന്നു കരുതി വ്യവസ്ഥകൾ ലംഘിച്ചാൽ വൻതുക പിഴ നൽകേണ്ടി വരുമെന്ന് മാത്രമല്ല ജയിലിൽ കിടക്കേണ്ടിയും വരും. ഹോം, ഹോട്ടൽ ക്വാറന്റീനിൽ കഴിയുന്നവർ അധികൃതരുടെ കർശന നിരീക്ഷണത്തിൽ തന്നെയാണ്. വ്യവസ്ഥകൾ ലംഘിച്ച് പുറത്ത് ചാടിയാൽ ഉടൻ പിടി വീഴും. അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും.

2,00,000 റിയാൽ പിഴ; 3 വർഷം തടവ്

ഹോം ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിച്ചാൽ 2,00,000 റിയാൽ വരെ പിഴയും പരമാവധി 3 വർഷം വരെ തടവും അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒരു ശിക്ഷയും അനുഭവിക്കേണ്ടി വരും. 

പീനൽ കോഡ് 11-ാം നമ്പർ നിയമത്തിലെ 253-ാം ആർട്ടിക്കിൾ, 1990ലെ 17-ാം നമ്പർ പകർച്ചവ്യാധി പ്രതിരോധ നിയമം, സമൂഹ സംരക്ഷണം സംബന്ധിച്ച 2002ലെ 17-ാം നമ്പർ നിയമം എന്നിങ്ങനെ 3 നിയമങ്ങളിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി സ്വീകരിക്കുന്നത്.

വ്യവസ്ഥകളിൽ വിട്ടുവീഴ്ചയില്ല

പൗരന്മാരായാലും പ്രവാസികളായാലും ക്വാറന്റീൻ വ്യവസ്ഥകളിൽ വിട്ടുവീഴ്ചയില്ല. നിയന്ത്രണങ്ങൾ കർശനമാക്കിയ മേയ് 22 ന് ശേഷം ഇതുവരെ ഹോം ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിച്ച നൂറിലധികം പേരെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്.  ലംഘനം നടത്തുന്നവരുടെ പേര് വിവരങ്ങൾ സഹിതമാണ് പുറത്ത് വിടുന്നത്. 

സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാൻ സമൂഹത്തിലെ ഓരോ വ്യക്തികൾക്കും ഉത്തരവാദിത്തമുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഹോം ക്വാറന്റീനിൽ കഴിയുന്നവരും വീട്ടിലെ കുടുംബാംഗങ്ങളും പാലിക്കേണ്ട കൃത്യമായ നിർദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്. കൃത്യമായ ദിവസങ്ങളിൽ ക്വാറന്റീൻ കഴിയുന്ന വ്യക്തിയെ വിളിച്ച് ആരോഗ്യവിവരങ്ങൾ തേടുന്നുമുണ്ട്.

ക്വാറന്റീൻ കാലത്തിൽ 'മഞ്ഞ' തെളിയും

ഒരു വ്യക്തി ക്വാറന്റീനിൽ പ്രവേശിക്കുന്ന ദിവസം മുതൽ മൊബൈലിലെ കോവിഡ്-19 അപകട നിർണയ ആപ്ലിക്കേഷനായ ഇഹ്‌തെറാസ്  പ്രൊഫൈൽ നിറം മഞ്ഞ ആയിരിക്കും. ആപ്ലിക്കേഷൻ എപ്പോഴും പ്രവർത്തനക്ഷമമായിരിക്കണം. ഇന്റർനെറ്റ് ഓഫാക്കാനും പാടില്ല. ക്യൂആർ കോഡ് മുഖേന മന്ത്രാലയവുമായി ബന്ധിപ്പിച്ചു കൊണ്ടാണ് ആപ്ലിക്കേഷന്റെ പ്രവർത്തനം എന്നതിനാൽ വ്യക്തി പുറത്തിറങ്ങിയാൽ ഉടൻ പിടി വീഴും.  

ക്വാറന്റീൻ കാലാവധി പൂർത്തിയാക്കി പരിശോധനയിൽ നെഗറ്റീവ് സ്ഥിരീകരിച്ച ശേഷം മാത്രമാണ് പ്രൊഫൈൽ നിറം പച്ച ആകുന്നതും പുറത്തിറങ്ങാൻ അനുമതി ലഭിക്കുന്നതും.  

ഹോം ക്വാറന്റീനിൽ  ശ്രദ്ധിക്കാൻ

ക്വാറന്റീനിൽ കഴിയുമ്പോൾ വീടിന് പുറത്തിറങ്ങുന്നത് ശിക്ഷാർഹമാണ്. കുടുംബാംഗങ്ങളുമായി ഒരു തരത്തിലുമുള്ള ശാരീരിക സമ്പർക്കവും പാടില്ല. വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നവർ ഉണ്ടെങ്കിൽ സന്ദർശകരെ അനുവദിക്കരുത്. ആരോഗ്യ അധികൃതർ ഫോണിൽ വിളിക്കുകയോ വീട് സന്ദർശിക്കുകയോ ചെയ്യും. നല്ല വായുസഞ്ചാരമുള്ള, ശുചിമുറി സൗകര്യമുള്ള മുറിയിൽ വേണം ക്വാറന്റീനിൽ കഴിയാൻ. ക്വാറന്റീനിൽ കഴിയുന്ന വ്യക്തി വീട്ടിലെ സ്വീകരണ മുറി ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങൾ ഉപയോഗിക്കരുത്. വീട്ടിലെ ആരോഗ്യമുള്ള ഒരു വ്യക്തി മാത്രമേ ക്വാറന്റീനിൽ കഴിയുന്ന വ്യക്തിയെ പരിചരിക്കാൻ പാടുള്ളു. ക്വാറന്റീൻ മുറിയിൽ പ്രവേശിക്കുമ്പോൾ എപ്പോഴും മാസ്‌കും കയ്യുറകളും ധരിക്കുക. പുറത്തിറങ്ങിയാലുടൻ ഇവ മാലിന്യപ്പെട്ടിയിൽ നിക്ഷേപിച്ച ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാനും മറക്കരുത്.

 ഭക്ഷണ സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഗ്ലാസുകൾ, പ്ലേറ്റുകൾ, കിടക്കവിരികൾ, ടവ്വലുകൾ തുടങ്ങി ഒരു സാധനങ്ങളും പരസ്പരം പങ്കുവയ്ക്കരുത്. ക്വാറന്റീൻ മുറിയിൽ മാലിന്യം നിക്ഷേപിക്കാനുള്ള പെട്ടി, മാസ്‌ക്, ടിഷ്യൂ പേപ്പർ, ഹാൻഡ് സാനിറ്റൈസറുകൾ, ടവ്വലുകൾ തുടങ്ങി ആവശ്യമായ സാധനസാമഗ്രികൾ ലഭ്യമാക്കിയിരിക്കണം. ക്വാറന്റീനിൽ കഴിയുന്നവർക്ക് പനി, ചുമ, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടാൽ 16000 എന്ന കോവിഡ്-19 ഹോട്ട്‌ലൈൻ നമ്പറിൽ ബന്ധപ്പെടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com