ADVERTISEMENT

അബുദാബി∙ റോഡിൽ മത്സരയോട്ടം നടത്തിയാലും റെഡ് സിഗ്നൽ മറികടന്നാലും പൊലീസ് വാഹനങ്ങൾ കേടുവരുത്തിയാലും അര ലക്ഷം ദിർഹം (10 ലക്ഷത്തോളം രൂപ) പിഴ. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിലും പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ നിയമത്തിലും മാറ്റംവരുത്തി അബുദാബി പൊലീസ് ഗതാഗത നിയമം പരിഷ്കരിച്ചു.

ലൈസൻസില്ലാതെ വാഹനമോടിച്ചാലും കനത്ത പിഴയുണ്ട്. റെഡ് സിഗ്നൽ മറികടന്നാലുള്ള പിഴ 50,000  ദിർഹമാക്കി.  6 മാസത്തേക്ക് ലൈസൻസ് പിടിച്ചുവയ്ക്കുകയും ചെയ്യും. നിയമവിധേയമായ നമ്പർ പ്ലേറ്റില്ലാതെ വാഹനമോടിച്ചാലും അര ലക്ഷം ദിർഹം പിഴ നൽകണം. അനുമതിയില്ലാതെ വാഹനത്തിന്റെ എൻജിനിലോ ചേസസിലോ മാറ്റം വരുത്തിയാൽ 10,000 ദിർഹം പിഴയുണ്ട്. അമിത വേഗം, പെട്ടെന്ന് വഴി മാറുക,  അകലം പാലിക്കാതെ വാഹനമോടിക്കുക, സീബ്രാ ക്രോസിൽ കാൽനട യാത്രക്കാർക്ക് മുൻഗണന നൽകാതിരിക്കുക തുടങ്ങിയ കാരണങ്ങളാൽ അപകടം ഉണ്ടായാൽ ഡ്രൈവർക്ക് 5000 ദിർഹം പിഴയുണ്ട്.

10 വയസ്സിൽ താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തിയാൽ 5000 ദിർഹം പിഴയ്ക്കു പുറമെ വാഹനം കണ്ടുകെട്ടും. റോഡിലെ നിശ്ചിത പരിധിയിൽ 60 കിലോമീറ്റർ വേഗം മറികടന്നാൽ 5000 ദിർഹം പിഴ നൽകണം. അധിക നിയമലംഘനത്തിന് 100 ദിർഹം വീതം പിഴ ചുമത്തും. 7000 ദിർഹത്തിനു മുകളിലുള്ള എല്ലാ പിഴകളും ഒറ്റ തവണയായി അടയ്ക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. പിടിച്ചെടുത്ത വാഹനം 3 മാസത്തിനുശേഷം തിരിച്ചെടുത്തില്ലെങ്കിൽ ലേലത്തിനു വയ്ക്കുമെന്നും പൊലീസ് മുന്നറിയിപ്പു നൽകി. ഗതാഗത സുരക്ഷ ഉറപ്പാക്കാനും നിയമം പാലിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതിനുമാണ് നിയമം കർശനമാക്കിയതെന്ന് പൊലീസ് വിശദീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com