ADVERTISEMENT
ഷാർജ ∙ വർഷാവസാനവും അടുത്ത വർഷം ആദ്യവും പൂർത്തിയാകുന്നത്  ഉൾപ്പെടെ ഒട്ടേറെ ടൂറിസം , റിയൽ എസ്റ്റേറ്റ് വികസന പദ്ധതികൾ ഷുറൂഖ് പ്രഖ്യാപിച്ചു. ഹൗസ് ഓഫ് വിസ്ഡം, മറിയം ദ്വീപ്, ഷാർജ സസ്റ്റെയിനബിൾ സിറ്റി, അവന്യൂസ് മാൾ ഷാർജ എന്നിവ ഉൾപ്പെടുന്നതാണിത്. ഷുറൂഖ് (ദ് ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡവലപ്മെന്റ് അതോറിറ്റി) പ്രഖ്യാപിച്ച പദ്ധതികളിൽ വമ്പൻ വാണിജ്യ പദ്ധതികളും ഉൾപ്പെടുന്നു. കോവിഡിനെ തുടർന്നുണ്ടായ മാന്ദ്യം മാറി എല്ലാം സാധാരണ നിലയിൽ ആയിക്കൊണ്ടിരിക്കുകയാണെന്ന് ഷുറൂഖ് എക്സിക്യൂട്ടീവ് ചെയർമാൻ മർവൻ ബിൻ ജാസിം അൽ സർക്കൽ പറഞ്ഞു.

പരിസ്ഥിതിക്കൊപ്പം സസ്റ്റെയ്നബിൾ സിറ്റി

പരിസ്ഥിതിക്ക് ഇണങ്ങിയ രീതിയിൽ അൽ റഹ്മാനിയ പ്രദേശത്ത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമീപം ഒരുക്കുന്ന പദ്ധതിയാണ് സസ്റ്റെയ്നബിൾ സിറ്റി. നാലായിരം കോടി രൂപ ചെലവിൽ നിർമിക്കുന്ന നഗരത്തിൽ അത്യാധുനിക സംവിധാനങ്ങളുള്ള താമസയിടങ്ങളും ഹരിത ഭവനങ്ങളും ഉണ്ട്.

ഡൗൺടൗണിൽ മറിയം ദ്വീപ്

ഡൗൺടൗണിലാണ് ഷാർജയിലെ തന്നെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് പദ്ധതിയായ മറിയം ദ്വീപ് നിർമിക്കുന്നത്. ആഡംബര അപ്പാർട്മെന്റുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ, റീട്ടെയ്ൽ ഷോപ്പുകൾ, കളിയിടങ്ങൾ തുടങ്ങിയവയുള്ള പദ്ധതി ഒമ്പതിനായിരം കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്. നാലര ലക്ഷത്തിലധികം ചതുരശ്രമീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ഡിസംബറിലും രണ്ടാംഘട്ടം 2022ൽ പൂർത്തിയാക്കും. 160 ദശലക്ഷം ദിർഹം ചെലവിൽ നിർമിക്കുന്ന കൽബ വാട്ടർ ഫ്രണ്ട് പദ്ധതിയിൽ കണ്ടൽക്കാടുകൾ ഉൾപ്പെടെ വച്ചുപിടിപ്പിക്കുന്നുണ്ട്. 17,000 ചതുരശ്ര മീറ്ററിലാണ് പദ്ധതി. ഷാർജ ഡൗൺ ടൗണിലാണ് പാലൽ അൽ ഖാൻ പദ്ധതി. സ്പാ, ഫിറ്റ് നെസ് കേന്ദ്രം, നീന്തൽക്കുളം, സമ്മേളന ഹാൾ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന പദ്ധതി 120 ദശലക്ഷം ദിർഹം ചെലവിലാണ് നിർമിക്കുന്നത്. മുഖെയ്ദറിൽ നിർമിക്കുന്ന അവന്യൂ മാൾ ഷാർജ 2022 അവസാനം പൂർത്തിയാകും. ഇവയ്ക്കു പുറമേ ഖോർഫക്കാൻ, കൽബ, അൽ ദെയ്ദ്, മലീഹ എന്നിവിടങ്ങളിലെ വമ്പൻ പദ്ധതികളും ഷുറൂഖ് അതിവേഗം നിർമിക്കുകയാണ്.

ഹൗസ് ഓഫ് വിസ്ഡം: പുസ്തക ലോകം

ഹൗസ് ഓഫ് വിസ്ഡം എന്ന പദ്ധതിയിലൂടെ വമ്പൻ സാംസ്കാരിക കേന്ദ്രമാണ് നിർമിക്കുന്നത്. ലോക പുസ്തക തലസ്ഥാനമായി ഷാർജയെ യുനെസ്കോ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണു നിർമാണം. 12,000 ചതുരശ്ര മീറ്റർ വലുപ്പമുള്ള പദ്ധതി പൂർത്തിയാകുമ്പോൾ ഒരുലക്ഷത്തി അയ്യായിരം പുസ്തകങ്ങൾ ഉണ്ടാകും. അറേബ്യൻ സംസ്കാരത്തിന്റെ പ്രതിഫലനവുമുള്ള കെട്ടിടം, ദ് സ്ക്രോൾ എന്ന ശിൽപം എന്നിവ പ്രത്യേകതകളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com