ADVERTISEMENT

ദുബായ് ∙ യുഎഇയിലെ ഭരണാധികാരികൾക്ക് ‘ഗാവ’ രുചിപ്പിച്ച നിറമുള്ള ഓർമകളുമായി കുഞ്ഞാപ്പി നാടണയുന്നു. അമ്മാവൻ നൽകിയ വീസയിലാണ് ഇഷ്ടക്കാർ കുഞ്ഞാപ്പി എന്നു വിളിക്കുന്ന ഒരുവിൽ സൈദാലി പ്രവാസിയാകുന്നത്. മലപ്പുറം ജില്ലയിലെ ആതവനാട്, കുറുമ്പത്തൂരിൽ നിന്നു മീശ കിളിർക്കാത്ത കാലത്തുതന്നെ കടൽ കടക്കേണ്ടി വന്നു. തൊഴിൽ വീസയിൽ കാൻസൽ സീൽ പതിഞ്ഞപ്പോൾ പ്രവാസത്തിനു 41 വയസ്സ് തികഞ്ഞിരിക്കുന്നു. 

പുളിക്കൽ സൈനുദ്ദീനെന്ന അമ്മാവൻ അബുദാബിയിൽ തുടങ്ങിയ കൊച്ചു കടയിൽ രണ്ടു വർഷം ജോലി ചെയ്ത ശേഷമാണ് ദുബായിലേക്കുള്ള മാറ്റം. സഅബീൽ പാലസ് ഓഫീസിന്റെ അക്കാലത്തെ ഇൻചാർജ് ആയിരുന്ന അസ്‍ലം മുഹ്‌യുദ്ദീനാണ് പുതിയ ഉപജീവനത്തിന്റെ വാതിൽ തുറന്നു കൊടുത്തത്. തൊഴിൽ പരിചയമൊന്നും സ്വന്തമായി ഇല്ലാത്ത കുഞ്ഞാപ്പിയോട് അലിവുള്ള അസ്‌ലം പറഞ്ഞു. ‘ഈ തൊഴിൽ പരിചയിക്കൂ, സാധിക്കുന്നില്ലെങ്കിൽ നമുക്ക് മറ്റൊന്ന് നോക്കാം’! പ്രത്യാശ പകർന്ന ആ വാക്കിന്റെ ബലത്തിൽ തൊഴിൽ പഠിച്ച കുഞ്ഞാപ്പി, ഗാവയുടെ ചേരുവകൾ സമർഥമായി സംയോജിപ്പിച്ചു. 

saithali-agriculture
ദുബായിലെ സൈദാലിയുടെ കൃഷിത്തോട്ടത്തിൽ നിന്നുള്ള ചിത്രം.

ലഘുഗാവ, കടുപ്പം കൂടിയത്, സൗദി ഗാവ എന്നിങ്ങനെ മൂന്നിനം ചുടുഗാവകൾ ഉണ്ടാക്കുന്ന ഉസ്താദായി. പിന്നീട് ദഅത്തർ, സൻജബീൽ, സഅഫ്റാൻ തുടങ്ങി വൈവിധ്യ രുചിക്കൂട്ടിൽ തയാറാക്കുന്ന തദ്ദേശീയ പാനീയ പാചകത്തിന്റെ ആശാനാകാൻ അധിക നാൾ വേണ്ടി വന്നില്ല. അറബ് ആചാരപ്രകാരം അതു പകർന്നു കൊടുക്കാനും ശീലിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നു തൊഴിൽ തേടിയെത്തിയ പുതിയ തലമുറയെ ഗാവയുടെ പാചകവിദ്യ അഭ്യസിപ്പിക്കാനും അവസരം ലഭിച്ചു. ഇന്നവർ പല തലങ്ങളിൽ പണിയെടുത്തു കുടുംബം പോറ്റുന്നു.  

അറബികളുടെ പ്രിയ പാനീയം

കൽപകഞ്ചേരി സ്വദേശി കുഞ്ഞിമുഹമ്മദ് ഹാജിയാണു അറബ് സമൂഹത്തിന്റെ പ്രിയ പാനീയമായ 'ഖഹ്‌വ' (അറബിക് കോഫി) പാചകം പരിശീലിപ്പിച്ച ഗുരു.  ആവി പറക്കുന്ന ഗാവയിലൂടെ ജീവിതം മുകളിലേക്കുയരാൻ അദ്ദേഹവും സഹായിച്ചു. ഗതകാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ സാമ്പത്തികമായി സന്തോഷം. ഓലപ്പുരയിൽ നിന്നും ഒരുവിൽ സൈദാലിയുടെ കുടുംബം ഓടിട്ട വീട്ടിലേക്ക് താമസം മാറി. ആ വീട്ടിൽ വച്ചാണു അവധിക്കെത്തിയ കുഞ്ഞാപ്പി  കല്യാണം കഴിക്കുന്നത്.

മുല്ലഞ്ചേരി സഫിയ വധുവായെത്തി 

പിന്നീട് വീട് കാലത്തിനൊപ്പം കോൺക്രീറ്റായി. സ്ഥലവും നിലവും വസ്തുവകകളുമായി. 14 രാജ്യങ്ങൾ സന്ദർശിക്കാൻ അവസരം കിട്ടി. സഹോദരിമാരെയൊക്കെ വിവാഹം കഴിപ്പിച്ചയച്ചു. ഷരീഫ, ഷംസുദ്ദീൻ, സഹല മക്കളൊക്കെ വലുതായി. യുഎഇ രാഷ്ട്ര ശിൽപി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ മുതൽ വിവിധ എമിറേറ്റിലെ രാജകുടുംബാംഗങ്ങളെയെല്ലാം ഗാവ രുചിപ്പിച്ച ചാരിതാർഥ്യം ഉള്ളിലുണ്ട്. 

saithali-agriculture1
ദുബായിലെ സൈദാലിയുടെ കൃഷിത്തോട്ടത്തിൽ നിന്നുള്ള ചിത്രം.

ദുബായ് ഭരണാധികാരിയുടെ പിതാവ് ഷെയ്ഖ് റാഷിദ് അൽ മക്തൂമും അവരിലുൾപ്പെടുന്നു. പ്രഥമ വീസ നൽകി ഗൾഫ് പ്രവേശനം എളുപ്പമാക്കിയ അമ്മാവൻ ഇതിനിടെ കച്ചവടമൊഴിവാക്കി നാട്ടിൽ പോയി. ആ അമ്മാവനു വീസ നൽകി തിരിച്ച് ഗൾഫിലെത്തിക്കാനായതു സൈദാലിയുടെ പ്രവാസ യാത്രയിലെ യാദൃച്ഛികതയാണ്.

സങ്കടസാഗര കാലം

കോവിഡ് കാലമായിരുന്നു സൈദാലിയെ സങ്കട സാഗരത്തിലാഴ്ത്തിയത്. രോഗം ബാധിച്ച് കൂട്ടുകാർക്കൊപ്പം ഐസൊലേഷൻ വാർഡിലായി. പ്രിയ ഉമ്മ മരിച്ച വാർത്ത കേട്ട് ഒരു രാത്രി മുഴുവൻ കരഞ്ഞു. പുറത്തിറങ്ങാൻ കഴിയാത്ത ഇരുണ്ട കാലത്ത് നെഞ്ചുറപ്പിന്റെ കരുത്തിൽ ഉമ്മയ്ക്ക് വേണ്ടി ഉള്ളുരുകി പ്രാർഥിച്ചെന്ന് നിസ്സഹായതയോടെ സൈദാലി പറഞ്ഞു.

ഒഴിവ് സമയത്തും വെറുതെയിരുന്നില്ല. ഓഫീസ് പരിസരം ഹരിത ഭൂമിയാക്കി. കപ്പയും ഉറുമാൻ പഴവും കുമ്പളവും മരുമണ്ണിൽ മുളപ്പിച്ച് കൃഷിയിലും അറബ് - മലയാളി സൗഹൃദമുണ്ടാക്കി സ്വദേശികളെയും വിസ്മയിപ്പിച്ചു. മരുഭൂമിയിൽ ഹോമിക്കപ്പെട്ട ജീവിതത്തിന്റെ വില നാട്ടിൽ ദൃശ്യമാണ്. നഷ്ടമായ കുടുംബ സന്തോഷങ്ങൾ ശിഷ്ടകാലം കൊണ്ട് തിരിച്ചുപിടിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് കുഞ്ഞാപ്പിയുടെ തിരിച്ചു പോക്ക്.  

saithali-agriculture2
ദുബായിലെ സെയ്ദാലിയുടെ കൃഷിത്തോട്ടത്തിൽ നിന്നുള്ള ചിത്രം.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനോടുള്ള കടപ്പാടു കെടാവിളക്കു പോലെ മനസ്സിൽ പ്രകാശിപ്പിച്ചുകൊണ്ടാണ് ഈ മലയാളിയുടെയും മടക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com