ADVERTISEMENT

ദോഹ ∙ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാനത്തിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന ട്രാൻസിറ്റ് യാത്രക്കാർ ഇനി ടെർമിനലിലെ കസേരയിൽ ഇരുന്ന് ഉറങ്ങേണ്ട. അൽപം പണം ചെലവിട്ടാൽ ഹൈടെക് സൗകര്യങ്ങൾ നിറഞ്ഞ ശീതീകരിച്ച മുറിയിലെ മൃദുമെത്തയിൽ വിശ്രമിച്ച ശേഷമാകാം അടുത്ത യാത്ര. ഹൈടെക് വിശ്രമ സൗകര്യം ഒരുക്കി വിമാനയാത്രക്കാരെ സ്വാഗതം ചെയ്യാൻ  ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ സ്വകാര്യ ലോഞ്ച് തയാറാകുകയാണ്.

പ്രീമിയം ലോഞ്ചുകളുടെ ആഗോള സേവന ദാതാക്കളായ എയർപോർട്ട് ഡൈമെൻഷൻസിന്റെ 'ഉറങ്ങാം, പറക്കാം' എന്ന ആശയത്തിലൂന്നിയാണ് സ്വകാര്യ ലോഞ്ചുകൾ. ഡൈമെൻഷൻസിന്റെ മധ്യപൂർവദേശത്തെ പ്രഥമ പ്രീമിയം ലോഞ്ച് കൂടിയാണിത്.

മണിക്കൂറുകളോളം വിമാനം കാത്തിരിക്കുമ്പോഴുള്ള മടുപ്പ് ഒഴിവാക്കാൻ യാത്രക്കാർക്ക് സ്വകാര്യത ഉറപ്പാക്കി സുഖ വിശ്രമം സാധ്യമാക്കുന്നതാണ് ലോഞ്ച്. ലോഞ്ചിലെ വിശ്രമത്തിനായി മണിക്കൂറിന് നിശ്ചിത തുക നൽകണമെന്ന് മാത്രം. വിമാനത്താവളത്തിലെത്തുമ്പോൾ നേരിട്ടോ അല്ലെങ്കിൽ ഓൺലൈൻ വഴി മുൻകൂർ ആയോ യൂണിറ്റ് ബുക്ക് ചെയ്യാം. കോവിഡ്-19 മുൻകരുതൽ, പ്രതിരോധ നടപടികൾ ഉറപ്പാക്കിയുള്ളതാണ് ലോഞ്ച്.

ഒരേ സമയം 50 യാത്രക്കാർ

വിമാനത്താവളത്തിലെ ട്രാൻസിറ്റ് ടെർമിനലിന്റെ മധ്യഭാഗത്താണ് പുതിയ ലോഞ്ച്.  225 ചതുരശ്രമീറ്ററിലുള്ള സ്വകാര്യ ലോഞ്ചിൽ ഒരു സമയം 50 യാത്രക്കാര്‍ക്ക് വിശ്രമിക്കാം. ഉറങ്ങാനായി 24 ഫ്ലെക്സി സ്യൂട്ടുകളും 13 കാബിനുകളുമാണുള്ളത്. സൗണ്ട് പ്രൂഫ് സംവിധാനമുള്ള ശിതീകരിച്ച മുറികളാണിവ. തലയണയും മൃദു മെത്തയുമെല്ലാം ഇവിടെയുണ്ട്.


നല്ല ഉറക്കത്തിന് മങ്ങിയതും ഇനി അൽപം വായിക്കണമെങ്കിൽ വായനയ്ക്കുള്ള നല്ല വെളിച്ച സംവിധാനവുമാണുള്ളത്. സിനിമ കാണണമെങ്കിൽ കാബിനിലെ 32 ഇഞ്ച് സ്‌ക്രീനിലേക്ക് മൊബൈൽ, ലാപ്‌ടോപ് എന്നിവ കണക്റ്റും ചെയ്യാം. വസ്ത്രങ്ങൾ, ഷൂസുകൾ, ലാപ്‌ടോപ്, ബാഗേജ് എന്നിവ വയ്ക്കാനുള്ള സൗകര്യങ്ങളും മാലിന്യ പെട്ടിയും തുടങ്ങി അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും മുറികളിലുണ്ട്.

സ്ലീപ് കാബിനുകളിലെ യൂണിറ്റുകളിൽ  ഒരു കുട്ടിയും 2 മുതിർന്നവരും ഉൾപ്പെടുന്ന  മൂന്നംഗ കുടുംബത്തിന് സുഖമായി വിശ്രമിക്കാം. 4 ഡബിൾ ബെഡും തട്ടുതട്ടായുള്ള 9 കിടക്കകളുമാണുള്ളത്. ഫ്ലെക്സി സ്യൂട്ടുകളേക്കാൾ ചെറുതെങ്കിലും സൗകര്യങ്ങൾ ഹൈടെക് തന്നെ.

2022ൽ യാത്രക്കാർ 6 കോടി

2022 ലോകകപ്പിലേക്ക് എത്തുന്ന സന്ദർശകരെ വരവേൽക്കാനുള്ള തയാറെടുപ്പുകളിലാണ് വിമാനത്താവളം. 2022 ആകുമ്പോഴേയ്ക്കും പ്രതിവർഷം 6 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയത്തക്ക വിധത്തിലുള്ള വിപുലീകരണ പദ്ധതികളാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പുരോഗമിക്കുന്നത്. സന്ദർശകർക്ക് മികച്ച ആതിഥേയത്വം നൽകാൻ 11,720 ചതുരശ്ര മീറ്റർ സ്ഥലത്ത് റീട്ടെയ്ൽ, ഭക്ഷണ-പാനീയ ശാലകൾക്കുള്ള സ്ഥലമാണ് പുതുതായി നിർമിക്കുന്നത്. 10,000 ചതുരശ്രമീറ്റർ ട്രോപ്പിക്കൽ ഗാർഡൻ, 268 ചതുരശ്രമീറ്ററിൽ ജലാശയം എന്നിവയെല്ലാമാണ് വിപുലീകരണത്തിലെ പ്രത്യേകതകൾ. 2014ൽ പ്രവർത്തനം തുടങ്ങിയ വിമാനത്താവളം നിലവിൽ പ്രതിവർഷം 3 കോടി യാത്രക്കാരെയാണ് ഉൾക്കൊള്ളുന്നത്.  2023 ആകുമ്പോഴേക്കും കാർഗോ ശേഷിയും 32 ലക്ഷം ടണ്ണാക്കി ഉയർത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com