ADVERTISEMENT

അബുദാബി∙ കോവിഡ് മൂലം  റുവൈസിലും മുസഫയിലും നിർത്തിവച്ച എംബസി സേവനം  പുനരാരംഭിക്കാത്തത്  ഈ മേഖലയിലുള്ള ആയിരക്കണക്കിന് ഇന്ത്യക്കാലെ വലയ്ക്കുന്നു. വിവിധ കോൺസൽ സേവനങ്ങൾക്കായി അവധി എടുത്ത് മണിക്കൂറുകളോളം സഞ്ചരിച്ച് നഗരത്തിൽ പോകേണ്ടിവരുന്നെന്നാണ്  പരാതി. റുവൈസിൽ നിന്ന് 265ലേറെ കിലോമീറ്റർ അകലെയാണ് അബുദാബി സലാം സ്ട്രീറ്റിലെ ബിഎൽഎസ് സെന്റർ. സ്വന്തം വാഹനമുള്ളവർക്ക്  ഇവിടെത്തി പാസ്പോർട്ട് സേവനം നടത്തി  തിരിച്ചുവരാൻ യാത്രയ്ക്കു മാത്രം 5 മണിക്കൂറെടുക്കും. പാസ്പോർട്ട് കേന്ദ്രത്തിലെ സേവന സമയം കൂടി കണക്കിലെടുത്താൽ ഒരു ദിവസം തീരും.

സാങ്കേതിക പ്രശ്നം മൂലം  നടപടി ക്രമം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ വീണ്ടും മറ്റൊരു ദിവസം അവധിയെടുത്ത്  ഇത്രദൂരം സഞ്ചരിക്കണം. രാവിലെ 8ന്  എത്തുമ്പോഴേക്കും ടോക്കൺ തീർന്ന് മടങ്ങിയവരും ഏറെ. വാഹനമില്ലാത്ത ചിലർ സമീപത്തെ പാർക്കിൽ അന്തിയുറങ്ങി പുലർച്ചെ കാത്തുനിന്ന് ടോക്കൺ ‍എടുത്തിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ നേരത്തെ റുവൈസിൽ ലഭിച്ചിരുന്ന സേവനം പുനരാരംഭിച്ചാൽ മേഖലയിലെ നൂറുകണക്കിനു ഇന്ത്യക്കാർക്ക് ആശ്വാസമാകുമെന്ന്  അഡ്നോക് ജീവനക്കാരൻ പത്തനംതിട്ട സ്വദേശി പ്രദീപ് പറഞ്ഞു. ഇതിലൂടെ അവധി എടുക്കുന്നതും നഗരത്തിലേക്കുള്ള യാത്രാ ചെലവും ഒഴിവാക്കാം. യുഎഇ–സൗദി അതിർത്തി പ്രദേശമായ ഗുവൈഫാത്തിലും മറ്റും ജോലി ചെയ്യുന്നവരും പാസ്പോർട്ട് സേവനങ്ങൾക്കായി റുവൈസിലെ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്.

പാസ്പോർട്ട്  പുതുക്കാനും നവജാത ശിശുക്കൾക്ക് പുതിയ പാസ്പോർട്ട് എടുക്കാനുമായി ഒട്ടേറെ പേരാണ് കാത്തിരിക്കുന്നതെന്നും പ്രദീപ് പറഞ്ഞു. മുസഫയിൽ വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി സജീവന്റെ പാസ്പോർട്ടിന്റെ കാലാവധി തീർന്നിട്ട് 3 മാസമായി. അബുദാബി മലയാളി സമാജത്തിൽ നിർത്തിവച്ച പാസ്പോർട്ട് സേവനം പുനരാരംഭിക്കുന്നതും കാത്തിരിക്കുകയാണ് ഇദ്ദേഹം.  ഷാബിയ–12ലെ ക്ലാസിക് മിനിമാർട്ടിൽ ജോലി ചെയ്യുന്ന വയനാട് സ്വദേശി അബ്ദുറഹ്മാൻ 5 മാസത്തെ കാത്തിരിപ്പിനൊടുവിൽ അവധിയെടുത്ത്  നഗരത്തിൽ പോയാണ് പാസ്പോർട്ട് പുതുക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com