ADVERTISEMENT

ദുബായ്∙ കാർഷിക ആവശ്യങ്ങൾക്ക് ഡ്രോൺ ഉപയോഗിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കി യുഎഇ. ഇതിന്റെ ഭാഗമായി 150 ചതുരശ്ര കി.മീ പ്രദേശത്തെ കൃഷിക്ക് ഈ രംഗത്തെ മുൻനിര കമ്പനിയായ ഫെഡ്സുമായി (ഫാൽക്കൺ ഐ ഡ്രോൺ സർവീസ്) ചേർന്ന് ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിത്തിടും. ഇതോടെ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷി ചെയ്യുന്ന ആദ്യ രാജ്യങ്ങളിലൊന്നാവും യുഎഇ. രണ്ടരലക്ഷം ഖാഫ് വിത്തുകൾ, 60 ലക്ഷം സമർ വിത്തുകൾ എന്നിവയാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ വിതച്ചു കഴിയുക.

സാധാരണയായി ഇത്രയും സ്ഥലത്ത് ഇത്രയും വിത്തുപാകാൻ വർഷങ്ങൾ വേണ്ടി വരും. ആറു വർഷത്തിനുള്ളിൽ കൃഷി മേഖലയിൽ ഡ്രോൺ സാങ്കേതിക വിദ്യയ്ക്ക് 3000 കോടി ദിർഹത്തിന്റെ സാധ്യതയാണ് കണക്കാക്കിയിട്ടുള്ളത്. ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി 2051ന്റെ ഭാഗമായാണ് സംയോജിത സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ യുഎഇ തീരുമാനിച്ചത്.

ആഭ്യന്തര ഭക്ഷ്യോൽപാദനത്തിൽ കാർഷിക സാങ്കേതിക വിദ്യകൾക്ക് വൻ പ്രാധാന്യമാണ് ഇനി കൈവരികയെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സഹസ്രാബ്ദങ്ങളായി പരമ്പരാഗത രീതികൾ ഉപയോഗിച്ചിരുന്ന സ്ഥാനത്തെല്ലാം ഡ്രോൺ ഉപയോഗിച്ച് വൻ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്ന് ഫെഡ്സ് സിഇഒ റബി ബു റാഷിദ് ചൂണ്ടിക്കാട്ടി. വിത്തിടലിനു പുറമേ കാർഷിക സർവേകൾക്കും ഡ്രോൺ ഉപയോഗിക്കാം.

ഭക്ഷ്യസുരക്ഷയ്ക്ക് വൻ പ്രാധാന്യം

ഭക്ഷ്യസുരക്ഷയ്ക്ക് യുഎഇ വൻ പ്രാധാന്യമാണ് നൽകുന്നത്. ഏറ്റവും ഒടുവിലത്തെ ആഗോള ഭക്ഷ്യസുരക്ഷാ പട്ടികയിൽ 21-ാം സ്ഥാനത്താണ്  യുഎഇ. 2018 നേക്കാൾ പത്തു സ്ഥാനം കയറിയാണ് ഈ നിലയിലെത്തിയത്. മധ്യപൂർവ ദേശത്തെ പല രാജ്യങ്ങളെയും പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്. 1971ൽ വെറും 634 കാർഷിക കമ്പനികൾ ഉണ്ടായിരുന്ന സ്ഥാനത്ത് 24018 കമ്പനികളുണ്ട്. 38 മടങ്ങ് വർധന.

2237.7 ഹെക്ടർ സ്ഥലത്ത് മാത്രം ഉണ്ടായിരുന്ന കൃഷി ഇപ്പോൾ 74986.8 ഹെക്ടർ സ്ഥലത്തുണ്ട്. കൃഷിക്ക് നൽകുന്ന പ്രോത്സാഹനവും ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗവും കൊണ്ടാണിത്. ദുബായിലെ പുതിയ ഡ്രോൺ നിയമവും കാർഷിക മേഖലയിൽ ഇതിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. ലോകത്തെ മുൻനിര പത്ത് ഡ്രോൺ സേവന കമ്പനികളിൽ ഒന്നാണ് യുഎഇ കമ്പനിയായ ഫെഡ്സ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com