ADVERTISEMENT

അബുദാബി∙ വീടുകളിലെ ഒത്തുചേരൽ 10 പേരിൽ പരിമിതപ്പെടുത്തി യുഎഇ. കോവി‍ഡ് സുരക്ഷാ മാനദണ്ഡം കർശനമാക്കിയതോടെ വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിലും 10 പേരിൽ കൂടാൻ പാടില്ലെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു.

ചെറിയ ഒത്തുചേരൽ അനുവദിച്ചിട്ടുണ്ടെങ്കിലും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമേ പാടുള്ളൂ. ഒത്തുചേരുന്നവരെല്ലാം  24 മണിക്കൂർ മുൻപ് കോവി‍ഡ് പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പാക്കണം. 2 ആഴ്ചയ്ക്കിടെ വർധിച്ച പോസിറ്റീവ് കേസുകളിൽ 88% ഒത്തുചേരലിലൂടെയും 12% ക്വാറന്റീൻ ലംഘിച്ചതിലൂടെയും ആണെന്നു കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നിയമം കടുപ്പിച്ചത്.

സംസ്കാര സ്ഥലത്ത് 2 പേർ മാത്രം 

മരണ വീടുകളിലും 10 പേരിൽ കൂടാൻ പാടില്ല. മൃതദേഹം എടുത്തു കൊണ്ടുപോകാൻ‍ 6 പേരിൽ കൂടരുത്. സംസ്കാര സ്ഥലത്ത് 2 പേർക്കു മാത്രമാണ് അനുമതി. ശ്മശാന ജീവനക്കാരും ചടങ്ങിൽപങ്കെടുക്കുന്നവരും മാസ്ക് ധരിക്കണം. സംസ്കാരത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം മുൻപും ശേഷവും അണുവിമുക്തമാക്കണം. 

പങ്കെടുക്കുന്നവരെല്ലാം കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.  ഇതിനു സൗകര്യമില്ലാത്തവർ 60% ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപോയോഗിച്ച് കൈകൾ വൃത്തിയാക്കണം.

ലക്ഷണമുണ്ടോ

ശ്മശാന ജീനക്കാർക്ക് ക്ഷീണമോ രോഗലക്ഷണമോ ഉണ്ടെങ്കിൽ ഉടൻ സൂപ്പർവൈസറെ അറിയിക്കണം. രോഗമുള്ളവരെ ഐസലേഷനിലാക്കി മറ്റു ജീവനക്കാരെ ജോലിക്കു നിയോഗിക്കണം.  സുരക്ഷാ മാർഗനിർദേശങ്ങൾ ശ്മശാനത്തിലും പ്രദർശിപ്പിക്കണം. ഒത്തുചേരൽ നിരീക്ഷിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരുണ്ടാകും. കോവിഡ് നിയമലംഘകർക്ക് കനത്ത പിഴയുണ്ട്.

മറക്കരുത് ഈ നിബന്ധനകൾ

2 മീറ്റർ അകലം പാലിക്കണം

 ഇടയ്ക്കിടെ കൈകൾ കഴുകാൻ അതിഥികളെ ഓർമിപ്പിക്കണം

 മാസ്ക് ധരിക്കുന്നതടക്കം സുരക്ഷാമാർഗങ്ങൾ പാലിക്കണം

 ബുഫെ പാടില്ല

 ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങളിലേ ഭക്ഷണം നൽകാവൂ.

 ഒത്തുചേരുന്ന സ്ഥലം ഇടയ്ക്കിടെ അണുവിമുക്തമാക്കണം.

 അതിഥികളെ നിരന്തരം നിരീക്ഷിക്കണം

 കോവിഡ് മാർഗനിർദേശങ്ങളെക്കുറിച്ച് അതിഥികളെ ആതിഥേയൻ ഓർമിപ്പിക്കണം

 ചുമയോ തുമ്മലോ ഉണ്ടാകുമ്പോൾ മുഖം മറയ്ക്കുന്നത് എങ്ങനെയെന്ന് വിവരിച്ചുകൊടുക്കണം.

 രോഗലക്ഷണമുള്ളവരെ പ്രത്യേക മുറിയിലേക്ക് മാറ്റണം

 വയോധികരും ഗുരുതര അസുഖങ്ങളുള്ളവരും പങ്കെടുക്കരുത്.

നിയമം ലംഘിച്ചാൽ കനത്ത പിഴ

നിയമം ലംഘിച്ച് പൊതു, സ്വകാര്യ സ്ഥലങ്ങളിൽ ഒത്തു ചേർന്നവർക്കെല്ലാം പിഴയുണ്ട്.  ആതിഥേയന് 10,000 ദിർഹവും അതിഥികൾ ഓരോരുത്തർക്കും 5000 ദിർഹവുമാണ് പിഴ.

  ആരോഗ്യസുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാതിരുന്നാൽ 2,000 ദിർഹം

  പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതിരുന്നാൽ 3,000 കുടുംബാംഗങ്ങളല്ലാത്ത 3 പേർ വാഹനത്തിൽ കയറിയാൽ 3000

   കോവിഡ് മറച്ചുവച്ചാലും ചികിത്സയ്ക്ക് വിസമ്മതിച്ചാലും 50,000

  ക്വാറന്റീൻ നിയമം  ലംഘിച്ചാലും സ്മാർട്ട് വാച്ച് കേടുവരുത്തിയാലും 50,000 ദിർഹം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com