ADVERTISEMENT
കുവൈത്ത് സിറ്റി∙ സ്വദേശി- വിദേശി ജനസംഖ്യാ അസന്തുലനം കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയ ബിൽ സംബന്ധിച്ച റിപ്പോർട്ടിന് പാർലമെന്റിന്റെ മാനവ സ്രോതസ്സ് സമിതി അന്തിമരൂപം നൽകി. ജനസംഖ്യാ അസന്തുലനം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ആദ്യഘട്ടം എന്ന നിലയിലാണ് ബിൽ പരിഗണിക്കുന്നതെന്ന് സമിതി അംഗം ബദർ അൽ മുല്ല എം‌പി പറഞ്ഞു.  നിയമലംഘകർക്ക് 3 വർഷം വരെ തടവും 35000 ദിനാർ വരെ പിഴയും ബിൽ വ്യവസ്ഥ ചെയ്യുന്നു.

ബില്ലിൽ ഉൾപ്പെട്ട വിഷയങ്ങൾ
 
∙ രാജ്യത്ത് അത്യാവശ്യമുള്ള ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് ബിൽ ഔദ്യോഗികമായി നിലവിൽ വന്ന് 6 മാസത്തിനകം മന്ത്രിസഭ തീരുമാനമെടുക്കണം. ഓരോ രാജ്യത്തിനും അനുവദിക്കാവുന്ന ക്വോട്ടയും തീരുമാനിക്കണം.

∙ മന്ത്രിസഭാ തീരുമാനം ബന്ധപ്പെട്ട മന്ത്രാലയം 5 വർഷത്തിനകം പൂർണമായും നടപ്പാക്കണം.

∙ രാജ്യങ്ങൾക്ക് നിർണയിക്കുന്ന ക്വോട്ടയിൽ നയതന്ത്ര കാര്യാലയം ജീവനക്കാരും കുടുംബാംഗങ്ങളും സൈനിക പ്രതിനിധികൾ, ആരോഗ്യ-വിദ്യാഭ്യാസ പ്രവർത്തകർ, പൈലറ്റ്, കോ-പൈലറ്റ് തുടങ്ങി വ്യോമയാന ജീവനക്കാർ, സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട ജീവനക്കാർ, ഗാർഹിക തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തരുതെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.

∙ ആവശ്യമായി വരുന്ന വിദേശി വിദഗ്ധ തൊഴിലാളികളുടെ സ്പെഷലൈസേഷൻ സംബന്ധിച്ച് 2 വർഷത്തിനകം മന്ത്രിസഭ വ്യക്തത വരുത്തണം.

∙ ഗാർഹിക തൊഴിൽ വീസ പൊതു/സ്വകാര്യ മേഖലയിൽ തൊഴിൽ വീസയായി മാറ്റം അനുവദിക്കരുത്. കുടുംബ സന്ദർശന വീസ ആശ്രിത വീസയാക്കി മാറ്റാനും പാടില്ല.

∙ അവിദഗ്ധ മേഖലയിൽ ക്വോട്ടയിൽ നിന്ന് ഒഴിവാക്കേണ്ടവർ മറ്റ് വിഭാഗങ്ങളിൽ ഉണ്ടെങ്കിൽ മന്ത്രിസഭയ്ക്ക് തീരുമാനമെടുക്കാം.

∙ വിദേശികൾക്ക് പകരം നിയമിക്കുന്നതിന്റെ മുന്നൊരുക്കമായി സ്വദേശികൾക്ക് തൊഴിൽ വൈദഗ്ധ്യം നൽകുന്നതിന് സർക്കാർ പരിശീലന കേന്ദ്രങ്ങൾ തുടങ്ങണം.

∙ സർക്കാർ പദ്ധതി  പൂർത്തിയായാൽ  മറ്റൊരു പദ്ധതിക്ക് അനിവാര്യമല്ലെങ്കിൽ പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട വീസ നീട്ടിനൽകരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com