ADVERTISEMENT

ദോഹ ∙ മീൻപിടിത്തത്തിനും മുത്തുവാരലിനും പേരുകേട്ട അൽഖോർ നഗരം സഞ്ചാരികളുടെ മികച്ച വിനോദ സഞ്ചാര കേന്ദ്രമായി മാറുന്നു. പരിസ്ഥിതി സൗഹൃദ വിനോദ ഇടങ്ങൾ, മികച്ച റോഡ് ശൃംഖല, ജല കായിക വിനോദങ്ങൾ, വാണിജ്യ സമുച്ചയങ്ങളുടെ വർധന തുടങ്ങി സഞ്ചാരികളെ  അൽഖോറിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ ഏറെയാണ്.

ദോഹ നഗരത്തിന്റെ വടക്ക് കിഴക്കൻ തീരമായ അൽഖോറിലേക്ക് ഏകദേശം 45 കിലോമീറ്റർ ദൂരമാണുള്ളത്. മീൻപിടിത്ത തുറമുഖ നഗരമെന്ന ഖ്യാതിയിൽ നിന്ന് തിരക്കേറിയ ആധുനിക നഗരത്തിലേക്കുള്ള അൽഖോറിന്റെ മാറ്റം 5 വർഷം കൊണ്ടാണ്.  2022 ലോകകപ്പ് വേദികളിലൊന്നായ അൽ ബെയ്ത് അൽഖോർ നഗരത്തിലാണ് നിർമിച്ചിരിക്കുന്നതെന്നും അൽഖോറിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

കടലിന് അഭിമുഖമായുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ അൽഖോറിന് 2022 ലെ ലോകകപ്പ് പുതിയ മുഖം നൽകും. ദോഹ മെട്രോ അൽഖോറിലേക്ക് കൂടി ബന്ധിപ്പിക്കുന്നതോടെ  ദോഹയിലെ ജനങ്ങളുടെ ആകർഷണ കേന്ദ്രമായി അൽഖോർ മാറുകയും ചെയ്യും.

കാഴ്ചകൾ ഏറെ

സൗജന്യ വൈഫൈ, കായിക ഉപകരണങ്ങൾ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹരിതാഭ നിറഞ്ഞ പബ്ലിക് പാർക്കുകൾ, ബോട്ടുകളിലും ചെറു തോണികളിലും കടലിലൂടെയുള്ള യാത്ര, 300ൽ പരം മൃഗങ്ങളും പക്ഷികളും ഉൾപ്പെടുന്ന മൃഗശാലയും ഓപ്പൺ തിയറ്ററും കഫ്‌റ്റേരിയകളുമൊക്കെയുള്ള അൽഖോർ ഫാമിലി പാർക്ക്, മീൻ-കാർഷിക ചന്തകൾ, 2022 ഫിഫ ഖത്തർ ലോകകപ്പ് സ്റ്റേഡിയമായ അൽ ബെയ്ത്, കണ്ടൽ കാടുകളുടെ സൗന്ദര്യം നിറഞ്ഞ പർപ്പിൾ ഐലൻഡ് തുടങ്ങി അൽഖോറിന്റെ സൗന്ദര്യം വർധിപ്പിക്കുന്ന കാഴ്ചകൾ ഏറെയാണ്. അൽഖോർ ഫാമിലി പാർക്കിന്റെ വരവോടെ ദോഹയിലെ ഒട്ടുമിക്കവരും വാരാന്ത്യം ആഘോഷിക്കുന്നത് ഇവിടെയാണ്.
       
വികസന വഴിയേ

ഫാമിലി പാർക്കുകളുടേയും മ്യൂസിയങ്ങളുടേയും വികസനം, ജലഗതാഗത ശൃംഖല തുടങ്ങിയ വികസന പദ്ധതികൾ വരും നാളുകളിൽ അൽഖോറിനെ തിരക്കേറിയ നഗരമാക്കും. നിർമാണം പൂർത്തിയായ പരമ്പരാഗത സൂഖിന്റെ ഉദ്ഘാടനത്തോടെ വ്യാപാര, വാണിജ്യ പ്രവർത്തനങ്ങളും കൂടുതൽ സജീവമാകും. ദോഹയ്ക്കും റാസ് ലഫാനും ഇടയിലുള്ള പ്രധാന പാർപ്പിട മേഖല കൂടിയായ അൽഖോറിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ 10,000 ത്തോളം പുതിയ പാർപ്പിട യൂണിറ്റുകളാണ് ഉയർന്നത്. നിർമാണം പുരോഗമിക്കുന്ന യൂണിറ്റുകളും ധാരാളം. വിദഗ്ധ, അവിദഗ്ധ തൊഴിലാളികളുടെ മേഖല കൂടിയാണിത്. റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും ഇവിടെയാണ് താമസിക്കുന്നത്. തൊഴിലാളികൾക്കായുള്ള കോംപ്ലക്‌സിൽ ക്രിക്കറ്റ്, ഫുട്‌ബോൾ, ബാസ്‌കറ്റ്‌ബോൾ, വോളിബോൾ കോർട്ടുകളും 35 ഓളം വ്യാപാര സ്ഥാപനങ്ങളും 2 സിനിമ തിയറ്ററുകളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com