ADVERTISEMENT

ദോഹ ∙ 2022 ലെ കാര്‍ബണ്‍ രഹിത ഫിഫ ലോകകപ്പിന് കരുത്ത് പകരാന്‍ രാജ്യത്തെ പൊതുഗതാഗത ബസുകളില്‍ 25 ശതമാനവും ഇലക്ട്രിക് ബസുകളാക്കും. ലക്ഷ്യമിടുന്നത് പ്രഥമ കാര്‍ബണ്‍ രഹിത പൊതു യാത്രാ സംവിധാനം.

അടുത്ത 2 വര്‍ഷത്തിനിടെ നിലവിലെ പൊതു ഗതാഗത ബസുകള്‍, സര്‍ക്കാര്‍ സ്‌കൂള്‍ ബസുകള്‍, ദോഹ മെട്രോയുടെ ഫീഡര്‍ ബസുകള്‍ എന്നിവയെല്ലാം  ഇലക്ട്രിക് ബസുകളാക്കി മാറ്റാനാണ് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം ലക്ഷ്യമിടുന്നത്.  2022 ലെ ലോകകപ്പ് മത്സരകാലത്ത് പ്രധാന സര്‍വീസ് നടത്തുന്നത് ഇലക്ട്രിക് ബസുകളായിരിക്കും. ഇലക്ട്രിക് മാസ് ട്രാന്‍സിറ്റ് ബസുകള്‍ ഉപയോഗിക്കുന്ന പ്രഥമ ഫിഫ ടൂര്‍ണമെന്റാകും ഖത്തറിലേത്.         

ഈ വര്‍ഷം 30 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ കൂടി തുറക്കും. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്‍ (കഹ്‌റാമ) ആണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം സ്റ്റേഷനുകളുടെ എണ്ണം 100 ആകും. കൂടാതെ സോളര്‍ ഊര്‍ജം ഉപയോഗിച്ചുള്ള മേഖലയിലെ ഏറ്റവും വലിയ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ ലുസെയ്ല്‍ സിറ്റിയില്‍ ഒരുങ്ങുകയാണ്. എല്ലാ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സ്റ്റേഷന്‍ ആണിത്.

പരമ്പരാഗത ശൈലിയിലുള്ള ബസുകളില്‍ നിന്നുള്ള കാര്‍ബണ്‍ പ്രസരണ തോത് 2030 ഓടെ ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം സുസ്ഥിര പരിസ്ഥിതി സംരക്ഷണമാണ് ലക്ഷ്യം. സുരക്ഷിതവും വിശ്വസ്തവും പരിസ്ഥിതി സൗഹൃദ പരവുമായ ആഗോള നിലവാരത്തിലുള്ള ഏകീകൃത ബഹു-മാതൃകാ യാത്രാ സംവിധാനമാണ് ഒരുക്കുന്നത്. 

കര്‍വ ടാക്‌സികളും ഇലക്ട്രിക് വാഹനങ്ങളാകും

വരും വര്‍ഷങ്ങളിലായി പൊതുഗതാഗത കമ്പനിയായ മൗസലാത്തിന്റെ കര്‍വ ടാക്‌സികള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റും. രാജ്യത്തെ മുഴുവന്‍ കര്‍വ ടാക്‌സികളും ഇലക്ട്രിക് കാറുകളാക്കി മാറ്റുന്നതിനായി സമഗ്ര പദ്ധതിയാണ് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഈ വര്‍ഷം 140 ഇലക്ട്രിക് കാറുകള്‍ വാങ്ങും. പ്രാഥമിക ഘട്ടത്തില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇവ സര്‍വീസ് നടത്തും.

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള മാനദണ്ഡങ്ങളും മറ്റും മന്ത്രാലയം തയാറാക്കി കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ 100 ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം നിര്‍മിക്കും. നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. അറ്റകുറ്റപണി കേന്ദ്രങ്ങള്‍, ചാര്‍ജിങ് സ്റ്റേഷനുകള്‍, പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമായി രാജ്യത്തുട നീളമായി ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഡിപ്പോകളും നിര്‍മിക്കും. ഭരണനിര്‍വഹണ കെട്ടിടങ്ങളും ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള താമസ സൗകര്യങ്ങളുമെല്ലാം 2022 നുള്ളില്‍ പൂര്‍ത്തിയാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com