ADVERTISEMENT
ദുബായ് ∙ യുഎഇയുടെ വിവിധ മേഖലകളിൽ ശക്തമായ മൂടൽമഞ്ഞ് തുടരുന്നു. ദൂരക്കാഴ്ച കുറഞ്ഞത് വാഹന ഗതാഗതത്തെ ബാധിച്ചു. അർധരാത്രിയോടെ തുടങ്ങുന്ന മൂടൽമഞ്ഞ് പുലർച്ചെ ശക്തമാകും. രാവിലെ 9 വരെ മൂടിക്കെട്ടിയ അന്തരീക്ഷം. പ്രധാന റോഡുകളിലടക്കം ഇന്നലെയും ഗതാഗത തടസ്സമുണ്ടായി. പലയിടങ്ങളിലും അപകടമുണ്ടായി ആളപായമില്ല. ഇന്നും നാളെയും മൂടൽമഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. പുലർച്ചെ തണുത്ത കാലാവസ്ഥയാണെങ്കിലും പകൽ നല്ല ചൂടനുഭവപ്പെടുന്നുണ്ട്. അന്തരീക്ഷ ഈർപ്പം കുറഞ്ഞു. തീരദേശമേഖലയിൽ കാറ്റ് ശക്തം. പുലർച്ചെ മൂടൽമഞ്ഞ് കണക്കിലെടുത്ത് വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി, ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി.

സുരക്ഷിതമാക്കാം, ഡ്രൈവിങ്

∙ കാലാവസ്ഥ വിലയിരുത്തി മാത്രം യാത്ര പുറപ്പെടുക. പ്രതികൂല കാലാവസ്ഥയിൽ പൊതുവാഹനങ്ങൾ ഉപയോഗപ്പെടുത്തുക.

∙ ഓഫിസിൽ വൈകുമോയെന്നുള്ള ആശങ്ക അപകടസാധ്യത കൂട്ടും. വൈകുമെന്നു മുൻകൂട്ടി അറിയിക്കുക.

∙ വാഹനങ്ങൾക്കു പിന്നിലെ ഫോഗ് ലൈറ്റ് ഉപയോഗിക്കുക. റിയർവ്യൂവിൽ പിന്നിലെ വാഹനം കാണാമോയെന്നും നോക്കുക. കാണുന്നുണ്ടെങ്കിൽ അവർക്ക് ഈ വാഹനവും  കാണാം. ഇത്തരം സാഹചര്യങ്ങളിൽ ഫോഗ് ലൈറ്റ് വേണ്ട.

∙ മുന്നിലെ ഗ്ലാസിൽ കാഴ്ച വ്യക്തമാക്കുക.

∙ യാത്ര ബുദ്ധിമുട്ടാണെങ്കിൽ ഏറ്റവും അടുത്തുള്ള പെട്രോൾ സ്റ്റേഷനിൽ കയറുക. അതിനു സാവകാശം ഇല്ലെങ്കിൽ റോഡിൽ നിന്നു സുരക്ഷിത അകലത്തിൽ മാറ്റി നിർത്തുക. സർവീസ് റോഡുകളിലേക്കു മാറുന്നതും സുരക്ഷിതമാണ്.

∙ വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കുക.ലെയ്ൻ മാറാതിരിക്കുക.

∙ കാഴ്ച മങ്ങിയാൽ ലോ ബീമിൽ ഹെഡ് ലൈറ്റ് ഇടുക.

∙ ഹസാർഡ് ലൈറ്റ് അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കുക. ഹസാർഡ് ലൈറ്റ് തുടർച്ചയായി ഇടുന്നത് മറ്റു ഡ്രൈവർമാരിൽ  ആശയക്കുഴപ്പമുണ്ടാക്കും. ആവശ്യത്തിനല്ലാതെ ഹസാർഡ് ലൈറ്റ് ഇട്ടാൽ 500 ദിർഹം പിഴയും 4 ബ്ലാക് പോയിന്റുമാണ് ശിക്ഷ.

∙ ഓവർടേക്ക്  ചെയ്യുന്ന പ്രവണത ഒഴിവാക്കണം. സഡൻ ബ്രേക്കും ഒഴിവാക്കാം.

∙ വാഹനങ്ങളുടെ എല്ലാ ഭാഗത്തെയും ഗ്ലാസ് നിർബന്ധമായും തുടച്ചു വൃത്തിയാക്കിയിരിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com