ADVERTISEMENT

ദുബായ് ∙ പുതുക്കിയ പാസ്പോർട്ടുമായി യുഎഇയിലേയ്ക്ക് യാത്ര ചെയ്യാൻ എത്തുന്ന പ്രവാസികളെ കേരളത്തിലെ വിമാനത്താവളങ്ങളിൽ തടയുന്നതായി ആരോപണം. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റുമായെത്തിയവരെയാണ് തിരിച്ചയച്ചത് എന്നാണ് ആരോപണം. പുതുക്കിയ പാസ്പോർട്ട് വിവരങ്ങൾ യുഎഇ കംപ്യൂട്ടർ സംവിധാനത്തിൽ ഉൾപ്പെടുത്താൻ സാധിക്കാത്തതാണ് കാരണമെന്നാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ മറുപടി. 

പഴയ പാസ്പോർട്ടും പുതിയതും ഒന്നിച്ച് വച്ച് വിമാനത്താവളത്തിൽ കാണിക്കുന്നതാണ് രീതി. യുഎഇയിൽ എത്തിയ ശേഷം 150 ദിർഹം ഫീസ് അടച്ച് പുതിയ പാസ്പോർട്ടിലേക്ക് വീസ പതിക്കുന്ന രീതിക്കാണ് മാറ്റം വന്നത്. ഇതോടെ, പാസ്പോർട്ട് പുതുക്കിയവർക്ക് യുഎഇയിലേക്ക് തിരിച്ചു പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കോവിഡ് ദുരിതകാലത്ത് ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലും ഭീതിയിലും യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ഇരട്ടി പ്രയാസം സൃഷ്ടിക്കുകയാണ് അധികൃതരുടെ ഇത്തരം നിലപാടെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

നടപടിയിൽ പ്രതിഷേധം

ഇന്ത്യൻ എമിഗ്രേഷൻ അധികൃതരുടെ നിലപാട് പ്രതിഷേധമാർഹമാണെന്ന് ദുബായ് കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി പറഞ്ഞു. നാടിന്റെ സമ്പദ് ഘടനയെ പോറലേൽക്കാതെ സംരക്ഷിക്കുന്ന പ്രവാസികളോട് മനുഷ്യത്വമില്ലാത്ത ഇത്തരം നടപടികളിൽ നിന്നും ഉത്തരവാദപ്പെട്ടവർ പിന്തിരിയണമെന്നും  ആവശ്യപെട്ടു. ദുബായ് കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഓൺലൈൻ യോഗം ജില്ലാ ആക്‌ടിങ്‌ പ്രസിഡന്റ് റാഫി പള്ളിപ്പുറത്തിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി ഉദ്ഘാടനം ചെയ്തു. 

ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ഓർഗനൈസിംഗ് സെക്രട്ടറി അഫ്‌സൽ മെട്ടമ്മൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ ട്രഷറർ ഹനീഫ് ടി. ആർ. മേൽപറമ്പ്, ജില്ലാ ഭാരവാഹികളായ അഡ്വ.ഇബ്രാഹിം ഖലീൽ, മഹമൂദ് ഹാജി പൈവളിക, സി.എച്ച്. നൂറുദീൻ, റഷീദ് ഹാജി കല്ലിങ്കാൽ, സലിം ചേരങ്കൈ, യൂസഫ് മുക്കൂട്, ഇ.ബി. അഹമ്മദ്, ഫൈസൽ മുഹ്‌സിൻ, ഹസൈനാർ ബീജന്തടുക്ക, അബ്ദുൽ റഹ്‌മാൻ ബീച്ചാരക്കടവ്, അബ്ബാസ് കെ.പി.കളനാട്, അഷ്‌റഫ് പാവൂർ, സലാം തട്ടാഞ്ചേരി, മുഹമ്മദ് കുഞ്ഞി, ഹാഷിം പടിഞ്ഞാർ, ഷരീഫ് പൈക്ക തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com