ADVERTISEMENT
ദോഹ  ∙ വാരാന്ത്യം ആസ്വദിക്കാൻ കടലിൽ ഇറങ്ങുന്നത് കൊള്ളാം. പക്ഷേ മീൻപിടിത്തം സൂക്ഷിച്ച് വേണം. നിരോധിത മേഖലയിൽ ചെന്ന് മീൻപിടിച്ചാൽ  അധികൃതരുടെ 'പിടി' വീഴും. നിരോധിക്കപ്പെട്ട ഉപകരണങ്ങൾ ഉപയോഗിച്ചാലും കനത്ത പിഴ നൽകേണ്ടിയും വരും. മീനുകളുടെ പ്രജനനം സംരക്ഷിക്കുന്നതിന്റെ ഭാഗമായി  ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 മുതൽ വല ഉപയോഗിച്ച് കിങ്ഫിഷ് മീനുകൾ പിടിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ഒക്‌ടോബർ 15 വരെ നീളും. ചൂണ്ട ഉപയോഗിച്ച് മാത്രമേ മീൻപിടിത്തം അനുവദിക്കുകയുള്ളൂ.
കിങ്ഫിഷുകളെ പിടിക്കാൻ മീൻപിടിത്ത ബോട്ടുകളിൽ വല കൊണ്ടുപോകുന്നതും വിലക്കിയിട്ടുണ്ട്. ലംഘകരെ പിടികൂടാൻ നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ കർശന പരിശോധനാ ക്യാംപെയ്ൻ കടലിൽ തുടരുന്നുണ്ടെന്ന് റാസ് മത്ബാക്ക് അക്വാട്ടിക് ഗവേഷണ കേന്ദ്രം ഡയറക്ടർ ഇബ്രാഹിം സൽമാൻ അൽ മുഹന്നദി വ്യക്തമാക്കി.

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

മീൻപിടിത്തം വിനോദമാക്കിയവർ മാത്രമല്ല മീൻപിടിത്ത തൊഴിലാളികളും സൂക്ഷിച്ച് വേണം കടലിലേക്ക് ഇറങ്ങാൻ എന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്. വാരാന്ത്യം ചെലവിടാൻ കടലിൽ മീൻപിടിക്കാൻ ഇറങ്ങുന്നവരും ഏറെയാണ്. നോക്കിയും കണ്ടും മീൻപിടിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകുമെന്നതും മറക്കേണ്ട. വിലക്കേർപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ നിരോധിത ഉപകരണങ്ങൾ ഉപയോഗിച്ച് മീൻ പിടിച്ചാൽ 2,000 മുതൽ 10,000 റിയാൽ വരെ പിഴ നൽകേണ്ടി വരും. മീൻപിടിത്തം നിരോധിച്ചിരിക്കുന്ന സമയത്ത് മീൻ പിടിച്ചാലും പിഴ നൽകേണ്ടി വരും. ആദ്യ തവണത്തെ ലംഘനം ഒത്തുതീർപ്പാക്കും. പക്ഷേ ലംഘനം ആവർത്തിച്ചാൽ പിഴ നൽകേണ്ടി വരുമെന്ന് മാത്രമല്ല ഗുരുതര ശിക്ഷാ നടപടികൾക്കായി ലംഘകരെ കോടതിക്ക് കൈമാറുകയും ചെയ്യും.

സമുദ്രത്തിലെത്തിയത് ഒന്നരലക്ഷം മീന്‍കുഞ്ഞുങ്ങള്‍

ഖത്തരി സമുദ്രത്തിലെ മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സമുദ്രത്തിലേക്ക് ഒഴുക്കി വിടുന്ന മീൻകുഞ്ഞുങ്ങളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. റാസ് മത്ബക്കിലെ അക്വാട്ടിക് ഗവേഷണ കേന്ദ്രത്തിൽ ഉൽപാദിപ്പിക്കുന്ന മീൻ കുഞ്ഞുങ്ങളെയാണ് സമുദ്രത്തിലേക്ക് ഒഴുക്കി വിടുന്നത്. പ്രാദേശിക ഇനങ്ങളായ ഹമൂർ, അൽ ഷാം (സീ ബ്രീം) അൽ സുബെയ്ത്, അൽ സാഫി എന്നിവ കൂടാതെ ചെമ്മീൻ കുഞ്ഞുങ്ങളെയും ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. ഉം അൽ ഹൗൾ, അൽ ബഷീറ, ബനാന ഐലൻഡ്, കത്താറ എന്നിവിടങ്ങളിലെ കടലുകളിലാണ് ഒഴുക്കി വിടുന്നത്. 2,00,000 സീ ബ്രീം കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് കടലിൽ ഒഴുക്കാനാണ് അധികൃതരുടെ ലക്ഷ്യം. ഇതിൽ 1,72,000 ത്തോളം മീനുകളെ ഇതിനകം ഖത്തരി സമുദ്രത്തിലേക്ക് ഒഴുക്കി വിട്ടിരുന്നു. 25,000 ത്തോളം ഹമൂർ മീൻ കുഞ്ഞുങ്ങളെയും സമുദ്രത്തിലേക്ക് ഒഴുക്കിയിരുന്നു. പ്രാദേശിക മീൻ ഉൽപാദനം വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com