ADVERTISEMENT

ദോഹ ∙  കേടായ വാഹനങ്ങൾ വഴിയിൽ ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ എടുത്തു മാറ്റാൻ വൈകിക്കേണ്ട. അധികൃതർക്ക് 'പണി' ഉണ്ടാക്കിയാൽ വാഹനം തിരികെ എടുക്കാൻ ഉടമകൾക്കും 'പണി' ആകും. വിവിധ കാരണങ്ങളാൽ പൊതുനിരത്തുകളിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾ നീക്കുന്നതിന്റെ ആറാമത് ക്യാംപെയ്‌നു അൽ വക്ര നഗരസഭയിൽ തുടക്കമായി.

പൊതുനിരത്തുകളിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്ന പെരുമാറ്റം ഗതാഗതത്തിനും പൊതുശുചിത്വത്തിനും തടസ്സമാകുന്നത് അധികൃതർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾ നീക്കുന്ന സംയുക്ത കമ്മിറ്റിയും മെക്കാനിക്കൽ എക്യൂപ്‌മെന്റ് വകുപ്പും അതാത് നഗരസഭകളുമായി ചേർന്നാണ് വാഹനങ്ങൾ യാർഡുകളിലേക്കു മാറ്റുന്നത്.  വാഹനത്തിൽ നോട്ടിസ് പതിച്ച ശേഷം ഉടമകൾക്ക് എടുത്തു മാറ്റാൻ അധികൃതർ 3 ദിവസത്തെ സാവകാശം നൽകുന്നുണ്ട്.

മുന്നറിയിപ്പ് നോട്ടിസ് പതിച്ച് 3 ദിവസത്തിനുള്ളിൽ മാറ്റിയില്ലെങ്കിൽ അധികൃതരെത്തി യാർഡുകളിലേക്ക് മാറ്റും. 50 ശതമാനം ഉടമകളും നോട്ടിസ് പതിച്ചാലുടൻ തന്നെ വാഹനം എടുത്തു മാറ്റുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

3 മാസം, നീക്കിയത് 4,300 വാഹനങ്ങൾ

കഴിഞ്ഞ 3 മാസത്തിനിടെ 5 നഗരഭകളിലായി നടത്തിയ ക്യാംപെയ്‌നുകളിലായി പൊതുനിരത്തിൽ നിന്ന് നീക്കിയത് 4,300 വാഹനങ്ങളാണ്. ഇതോടെ ഈ വർഷം ഇതുവരെ 8,300 വാഹനങ്ങൾ നീക്കി. അൽ വക്രയിൽ 800-900 വാഹനങ്ങളാണ് നീക്കം ചെയ്യാൻ ഒരുങ്ങുന്നത്. ഒരു വർഷത്തിൽ 12,000ത്തിനും 15,000ത്തിനും ഇടയിൽ വാഹനങ്ങളാണ് അൽ വക്ര, മിസൈമീർ, അൽ മസ്രുഅ എന്നിവിടങ്ങളിലെ യാർഡുകളിലേയ്ക്ക് എത്തുന്നത്. പ്രതിമാസം ഏകദേശം 500 കാറുകൾ ഉടമകൾ തിരികെ എടുക്കുന്നുമുണ്ട്. 3 മാസം ഉടമകൾക്കായി വാഹനം യാർഡുകളിൽ സൂക്ഷിക്കും. അതിന് ശേഷം ലേലം ചെയ്യുകയാണ് പതിവ്.

പോക്കറ്റ് കാലിയാക്കേണ്ട
 
നോട്ടിസ് പതിച്ച് 3 ദിവസത്തിനുള്ളിൽ വാഹനം എടുത്തുമാറ്റാതെ അധികൃതർക്ക് പണി ഉണ്ടാക്കിയാൽ  പിഴ തുക,  വാഹനം യാർഡിലെത്തിച്ചതിന്റെ ചെലവ് തുടങ്ങി കീശ കാലിയാകും. 1,000 റിയാൽ പിഴ തുക കൂടാതെ ചെറിയ വാഹനങ്ങൾക്ക് 500 റിയാൽ, ഭാരമേറിയ വാഹനങ്ങൾ്ക്ക് 800 റിയാൽ, മെഷിനറി, ഉപകരണങ്ങൾ എന്നിവയുടെ വാഹനങ്ങൾക്ക് 2,000 റിയാൽ എന്നിങ്ങനെ  യാർഡിലെത്തിച്ചതിന്റെ നിരക്കും നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com