ADVERTISEMENT

ദുബായ്∙  “ ഫോണെടുത്തോളൂ. എൽസിയെപ്പോലുള്ളവർ അത് സ്വിച്ച് ഓഫ് ചെയ്യരുത്. അത്യാവശ്യക്കാരാവും വിളിക്കുക"-കുവൈത്ത് അമീർ ഷെയ്ഖ് സബാഹിന്റെ വാക്കുകൾ ഇപ്പോഴും എൽസിയുടെ കാതുകളിൽ മുഴങ്ങുന്നു. 48 വർഷമായി അമീറിന്റെയും കുടുംബത്തിന്റെയും ഒപ്പം പ്രവർത്തിക്കുന്ന എൽസിക്ക് അദ്ദേഹത്തിന്റെ എളിമയെക്കുറിച്ച് പറയാൻ നൂറു നാവ്. രക്തപരിശോധനയ്ക്കായി കൊട്ടാരത്തിൽ അമീറിന്റെ സാമ്പിൾ എടുക്കാൻ തയ്യാറെടുക്കുന്നതിനിടെ എൽസിയുടെ ഫോൺ ബെല്ലടിച്ചു. പെട്ടെന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് അമീർ അത് തടഞ്ഞു ഫോണെടുത്ത് സംസാരിക്കാൻ പറഞ്ഞത്. ഇതുപോലെ ധാരാളം ചെറിയ സംഭവങ്ങളിലൂടെ അമീറിലെ മനുഷ്യത്വത്തെക്കുറിച്ച് എൽസി പറഞ്ഞു കൊണ്ടിരുന്നു.

 

കഴിഞ്ഞ ഡിസംബറിൽ കണ്ടപ്പോൾ അമീർ സമ്മാനിച്ചത് മഞ്ഞുകാലത്ത് ഉപയോഗിക്കാനുള്ള കോട്ടാണ്. മൂന്നു വർഷം മുമ്പുള്ള നോമ്പുതുറയ്ക്ക് സകുടുംബം അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ അതിഥികളായതിന്റെ സന്തോഷവും എൽസി എന്ന സാറാമ്മ ബേബിയും ഭർത്താവ് ബേബിക്കുട്ടി വർഗീസും പങ്കുവയ്ക്കുന്നു. മക്കളായ ഡോളി, ലൂയിസ് എന്നിവർക്കും കൊച്ചുമക്കൾക്കുമൊപ്പമാണ് അന്ന് അമീറിന്റെ കൊട്ടാരത്തിൽ പോയത്. എല്ലാവരെയും കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച അദ്ദേഹം കൊച്ചുമക്കളെ ഏറെ വാൽസല്യത്തോടെ ചേർത്തുനിർത്തിയ കാര്യം ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ബേബിക്കുട്ടിയും ഓർത്തു. 

 

പന്തളം കുളനട ആലുനിൽക്കുന്ന മണ്ണിൽ എൽസി(68) നാഷണൽ ലബോറട്ടറീസിൽ ജോലിക്കായാണ് 1972ൽ കുവൈത്തിലെത്തിയത്. അന്ന് മുതൽ കൊട്ടാരത്തിലെത്തി അമീറിന്റെയും കുടുംബാംഗങ്ങളുടെയുമെല്ലാം രക്തസാമ്പിളുകൾ എടുത്തിരുന്നത് എൽസിയാണ്. മാസത്തിൽ ചിലപ്പോൾ രണ്ടുപ്രാവശ്യം വരെ പോകേണ്ടി വരുമായിരുന്നു. ആദ്യ കാലങ്ങളിൽ എൽസിക്കൊപ്പം ഉയർന്ന ഉദ്യോഗസ്ഥനും ഉണ്ടാകുമായിരുന്നു. അമീർ കുവൈത്ത് വിദേശകാര്യമന്ത്രിയായിരുന്നപ്പോൾ ലാബിലും എത്തുമായിരുന്നെന്ന് എൽസി പറഞ്ഞു. സാധാരണക്കാരനെപ്പോലെ പെരുമാറിയിരുന്ന അമീർ കൊട്ടാരത്തിലെ ജീവനക്കാരോടെല്ലാം കാണിച്ചിരുന്ന അടുപ്പവും സ്നേഹവും മറക്കാനാവില്ലെന്നും എൽസി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com