ADVERTISEMENT
ദോഹ ∙ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സെൽഫ് ചെക്ക് ഇൻ, ബാഗേജ് ഡ്രോപ് നടപടികൾക്കായി ഇനി ബൂത്ത് ഉപയോഗിക്കേണ്ട, മൊബൈൽ 'ടച്ച്' മതി. പുതിയ സമ്പർക്ക രഹിത സാങ്കേതിക വിദ്യയിലുള്ള സെൽഫ് ചെക്ക് ഇൻ നടപടികളുടെ പരീക്ഷണ ഘട്ടത്തിനാണ് വിമാനത്താവളത്തിൽ തുടക്കമായത്. കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായാണ് സമ്പർക്ക രഹിത യാത്രാ നടപടികൾ. ഇൻഫ്രാ-റെഡ് സാങ്കേതിക വിദ്യയിലുള്ള ഹാപ്പിഹോവർ, സിറ്റ മൊബൈൽ സൊല്യൂഷനുകൾ ഉപയോഗിച്ചാണ് ലളിതവും വേഗത്തിലുള്ളതുമായ സമ്പർക്ക രഹിത സെൽഫ് ചെക്ക് ഇൻ, ബാഗേജ് ഡ്രോപ് സംവിധാനങ്ങൾ നടപ്പാക്കിയിരിക്കുന്നത്.

സ്‌ക്രീനിൽ തൊടേണ്ട

സെൽഫ് ചെക്ക് ഇൻ ബൂത്തുകളിലെ സ്‌ക്രീനിൽ  സ്പർശിക്കാതെ യാത്രക്കാരന് സ്വന്തം മൊബൈൽ ഉപയോഗിച്ച് ചെക്ക് ഇൻ ചെയ്യാം. ആദ്യം ചെക്ക് ഇൻ ബൂത്തിന് മുൻപിൽ നിശ്ചിത സ്ഥലത്ത് യാത്രക്കാരൻ നിലയുറപ്പിക്കണം. തുടർന്ന് ക്യൂആർ കോഡ് സ്‌കാൻ ചെയ്യുന്നതിലൂടെ വൈ-ഫൈയിലൂടെ മൊബൈൽ ഫോണും സിറ്റ റിമോട്ട് കൺട്രോൾ ആപ്ലിക്കേഷനും തമ്മിൽ 'കണക്ട്' ആകും. ഹാപ്പിഹോവർ സൊല്യൂഷനിലൂടെ യാത്രക്കാരന്റെ വിരലടയാളം ബൂത്തിലെ സ്‌ക്രീൻ തിരിച്ചറിയും. സിറ്റ സമ്പർക്ക രഹിത കിയോസ്‌ക് സൊല്യൂഷൻ ഉപയോഗിച്ച് ബൂത്തിലെ സ്‌ക്രീനിന്റെ മൗസ് പോയന്റർ യാത്രക്കാരന് നിയന്ത്രിക്കാം. ആപ്പിൽ പ്രത്യേകമായി  കീബോർഡ് സൗകര്യവുമുണ്ട്. ബൂത്തിലെ സ്‌ക്രീനിൽ ടൈപ്പ് ചെയ്യുന്നതിന് പകരം ആപ്പിലെ കീ ബോർഡിൽ ടൈപ്പ് ചെയ്താൽ മതിയാകും. എങ്ങും തൊടാതെ ചെക്ക് ഇൻ ചെയ്യാം. ഒപ്പം ബാഗേജും നൽകാം.

ഹൈടെക് സുരക്ഷ

കോവിഡ് എത്തിയതോടെ സമ്പർക്ക രഹിതയാത്രാ നടപടികൾ വേറെയും വിമാനത്താവളത്തിൽ ഇതിനകം നടപ്പാക്കി കഴിഞ്ഞു. പരിശോധനാ കൗണ്ടറുകളിലെ നടപടികൾ സമ്പർക്ക രഹിതമാക്കാൻ സുരക്ഷാ ചെക്ക്പോയിന്റുകളിൽ ഹാൻഡ് ബാഗിനുള്ളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ പുറത്തെടുക്കാതെ തന്നെ യാത്രക്കാരന്റെ ബാഗിനുള്ളിലെ ഏത് ഉപകരണങ്ങളും വേഗത്തിൽ തിരിച്ചറിയാനുള്ള അത്യാധുനിക സി2 സുരക്ഷാ പരിശോധനാ സാങ്കേതിക വിദ്യ കൂടാതെ ബാക്ടീരിയ പ്രതിരോധ ട്രേകൾ, ട്രേകൾ വേഗത്തിൽ അണുവിമുക്തമാക്കുന്നതിനുള്ള ഓട്ടോമേറ്റഡ് യുവി എമിറ്റിങ് മൊഡ്യൂളുകൾ, അണുവിമുക്ത റോബോട്ടുകൾ, ബാഗേജുകൾക്കായി അണുവിമുക്ത ടണലുകൾ എന്നിവയെല്ലാം വിമാനത്താവളത്തിലുണ്ട്. അടുത്തിടെയാണ് യാത്രക്കാർക്കായി പിപിഇ കിറ്റ് ഉൾപ്പെടെയുള്ള കോവിഡ്-19 പ്രതിരോധ സാധനങ്ങളുടെ സ്വയം വിൽപ്പന യന്ത്രങ്ങളും സ്ഥാപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com