ADVERTISEMENT

ഭൂകമ്പമോ, പ്രളയമോ, ചുഴലിക്കാറ്റോ, യുദ്ധമോ, പലായനമോ  എന്തുമാകട്ടെ, ലോകത്ത് എവിടെ  നിന്നും അത്തരമൊരു വാർത്ത കേട്ടാൽ അവിടെ ദുരിതാശ്വാസ വസ്തുക്കളുമായി  കുവൈത്തിൽ നിന്നുള്ള വിമാനങ്ങൾ എത്തും. അത് ഭക്ഷ്യവസ്തുക്കളാകാം, മരുന്നാകാം, കമ്പിളിപ്പുതപ്പുകളാകാം, ദുരിതമകറ്റാനുള്ള എന്തുമാകാം. ഉടൻ ഇടപെടണമെന്ന നിർദേശം നൽകാൻ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഉണ്ടെന്നതു തന്നെ കാരണം.

പ്രയാസപ്പെടുന്നവരെ സഹായിക്കാൻ ഇടപെടുന്നതിൽ ഷെയ്ഖ് സബാഹിന്റെ നിഘണ്ടുവിൽ ‘കാലതാമസം’ എന്ന വാക്ക് ഇല്ല. ലോകത്തിന്റെ ഏതു ഭാഗത്തായാലും അവിടെ  സഹായം  എത്തിക്കുന്നതിലാണ് അദ്ദേഹത്തിന്റെ താത്പര്യം. അതനുസരിച്ച് കുവൈത്തിലെ സന്നദ്ധ സംഘടനകൾ പ്രവർത്തിച്ചിരിക്കും. അതിരുകളില്ലാതെ  നീളുന്ന ഈ സഹായമാണ് കുവൈത്തിനെയും ഷെയ്ഖ് സബാഹിനെയും വ്യത്യസ്തമാക്കുന്നത്. ലോക രാജ്യങ്ങളുടെ  ഐക്യവേദിയായ ഐക്യരാഷ്‌ട്ര സംഘടന തന്നെ ഷെയ്ഖ് സബാഹിനെ അംഗീകരിച്ചു. 2014 സെപ്റ്റംബർ 9ന് ന്യൂയോർക്കിൽ യു‌എൻ ആസ്ഥാനത്തു നടന്ന ചടങ്ങിൽ അന്നത്തെ സെക്രട്ടറി ജനറൽ ബാൻ കി മൂണിൽനിന്ന് ഷെയ്ഖ് സബാഹ് `മാനുഷിക നേതാവ്` എന്ന ബഹുമതി ഏറ്റുവാങ്ങുകയും ചെയ്‌തു.`ലോകത്തിലെ ഏറ്റവും മികച്ച നേതാവാണ് ഷെയ്ഖ് സബാഹ്.

embargo-ameer-humanitarian
കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് 2014ൽ യു‌എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ ‘മാനുഷിക നേതാവ്’ എന്ന ബഹുമതി സമ്മാനിക്കുന്നു . (ഫയൽ ചിത്രം).

ചെറിയ രാജ്യമെങ്കിലും കുവൈത്തിന്റെ കാരുണ്യം വളരെ വലുതാണ്,’ മൂൺ പറഞ്ഞു. ദുരിത മേഖലയിൽ ഭക്ഷണവും മരുന്നും എത്തിക്കുക മാത്രമല്ല കലാപ ഭൂമിയിൽ ഇടതടവില്ലാതെ സഹായം  എത്തിക്കുന്നതിലും അതിന്  നേതൃത്വം നൽകുന്നതിലും ഷെയ്ഖ് സബാഹ് കാണിക്കുന്ന താൽപര്യവും ചെറുതല്ല. സിറിയയിൽ കലാപം തുടങ്ങിയ നാൾ തൊട്ട് അവിടെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കുവൈത്തുണ്ട്. യെമനിലേക്കും സഹായം ഒഴുകുന്നു. എത്രയെത്ര സ്കൂളുകൾ, ആശുപത്രികൾ. കുവൈത്തിന്റെ ചെലവിൽ ആരോഗ്യ, വിദ്യാഭ്യാസ മേഖല പുഷ്ടിപ്പെടുന്ന രാജ്യങ്ങൾ അവ മാത്രമല്ല. ശുദ്ധജല, ഭവന പദ്ധതികളുമായി ഇന്ത്യയുൾപ്പെടെ മറ്റു പല രാജ്യങ്ങളിലും  കുവൈത്ത് സാന്നിധ്യമുണ്ട്. സഹായം എത്തിക്കുന്നതിൽ മാത്രമല്ല, മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുന്നതിലും ഷെയ്ഖ് സബാഹിന്റെ ഇടപെടലുണ്ട്.

സിറിയയിലെയും യെമനിലെയും ദുരിതമകറ്റാൻ ലോക രാജ്യങ്ങളിൽനിന്ന് സംഭാവനകൾ സ്വരൂപിക്കുന്നതിന് ഡോണേഴ്സ് മീറ്റുകൾ സംഘടിപ്പിച്ചു. മാനുഷിക നേതാവ് എന്ന ബഹുമതി ഏറ്റുവാങ്ങി ഷെയ്ഖ് സബാഹ് നടത്തിയ പ്രസംഗത്തിൽ തന്റെ കാഴ്ചപ്പാടിന്റെ സംക്ഷിപ്തമുണ്ട്. സ്വാതന്ത്ര്യം ലഭിച്ചത് തൊട്ടും  യു‌‌എന്നിൽ അംഗത്വം ലഭിച്ചതിന് ശേഷവും കുവൈത്ത് തുടരുന്ന വിദേശ നയത്തിൽ മാനുഷിക പരിഗണനയാണ് മുഖ്യം. ഭൂമിശാസ്ത്രപരയ, മതപരമായ, വംശീയമായ വ്യത്യാസങ്ങൾ പരിഗണിക്കാതെ ഏവർക്കും സഹായം എന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്`.ഷെയ്ഖ് സാഹിബിന്റെ കാരുണ്യം തന്നെയാണ് അദ്ദേഹത്തിന്റെ തലയെടുപ്പും.

 

2006ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ അന്നത്തെ പ്രധാനമന്ത്രി
മൻമോഹൻ സിങ്, രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാം എന്നിവർക്കൊപ്പം കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (ഫയൽചിത്രം).
2006ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്, രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാം എന്നിവർക്കൊപ്പം കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. (ഫയൽചിത്രം)

നെടുനായകൻ

 

29-doha-emir
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനൊപ്പമുള്ള ചിത്രം. 2019 മേയില്‍ ഖത്തര്‍ അമീര്‍ കുവൈത്തില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ.(ഫയല്‍ ചിത്രം-അമീരി ദിവാന്‍, ഖത്തര്‍)

ലോകത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യമന്ത്രി പദവി അലങ്കരിച്ച വ്യക്തിയെന്ന കീർത്തിയുമുണ്ട് ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്. 1963ൽ വിദേശമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം 2003ൽ പ്രധാനമന്ത്രിയാകുന്നത് വരെ ആ സ്ഥാനത്ത് തുടർന്നു. വിദേശമന്ത്രി പദവി ലോക രാഷ്ട്ര നേതാക്കളുമായുള്ള സൗഹൃദത്തിനായി വിനിയോഗിക്കാൻ ഷെയ്ഖ് സബാഹിന് സാധിച്ചുവെന്നതാണ് അദ്ദേഹത്തിൻ‌റെ വിജയം. 1990 ഇറാഖിന്റെ അധിനിവേശത്തിൽനിന്ന് കുവൈത്തിനെ മോചിപ്പിക്കാനുള്ള വഴികൾ തെളിഞ്ഞതിനു പിന്നിൽ ഷെയ്ഖ് സബാഹിന്റെ ഈ സൗഹൃദം കൂടിയുണ്ട്. ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിൽ സൗദിയിൽ നിലവിൽ വന്ന കുവൈത്ത് പ്രവാസി സർക്കാരിന് വേണ്ടി നയതന്ത്രതലത്തിൽ വിദേശരാജ്യങ്ങളെ കുവൈത്തിന് അനുകൂലമാക്കി മാറ്റാൻ ഷെയ്ഖ് സബാഹിന്റെ ബന്ധങ്ങളാണ് സഹായിച്ചത്. വിദേശകാര്യ മന്ത്രിയായ ശേഷം ഓരോ തവണയും യു‌എൻ പൊതുസഭയിൽ കുവൈത്ത് സംഘത്തെ നയിച്ച് എത്തുമായിരുന്നു ഷെയ്ഖ് സബാഹ്. രാജ്യനയങ്ങളും നിലപാടുകളും ലോക രാഷ്ട്രങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നതിനൊപ്പം ലോക രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുമായി നല്ല ബന്ധം സ്ഥാപിക്കാനും ആ അവസരം ഷെയ്ഖ് സബാഹ് പ്രയോജനപ്പെടുത്തി. ഷെയ്ഖ് സബാഹുമായുള്ള സൗഹൃദം ആരംഭിച്ചത് യു‌എന്നിൽ വച്ചാണെന്ന് അന്തരിച്ച ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് പലപ്പോഴും ഓർമിച്ചിരുന്നു. തീവ്രവാദത്തിനെതിരായ നിലപാടുകളായിരുന്നു എന്നും അദ്ദേഹത്തിന്റേത്. തീവ്രവാദത്തിന്റെ പേരിൽ ഇസ്‌ലാമിനെ പഴിചാരുന്ന പാശ്ചാത്യ പ്രചാരണങ്ങൾക്കെതിരെയും നിലകൊണ്ടു. സഹിഷ്ണുതയും മനുഷ്യത്വവുമാണ് ഇസ്‌ലാമിന്റെ തനതുരീതിയെന്ന് അദ്ദേഹം ആവർത്തിച്ചിരുന്നു. വിദേശകാര്യമന്ത്രി എന്ന നിലയിൽ ഭരണ നൈപുണ്യം തെളിയിച്ച ഷെയ്ഖ് സബാഹ് 2003ൽ കുവൈത്ത് പ്രധാനമന്ത്രിയായതിനും പ്രത്യേകതയുണ്ട്. അതുവരെ കിരീടാവകാശിയുടെ അധിക ചുമതലയിലായിരുന്നു പ്രധാനമന്ത്രി പദം.  എന്നാൽ ഷെയ്ഖ് സബാഹിന്റെ പ്രധാനമന്ത്രി സ്ഥാനം അങ്ങനെയായിരുന്നില്ല. ഷെയ്ഖ് ജാബറിന്റെ നിര്യാണത്തെ തുടർന്നാണ് 2006ൽ സഹോദരൻ ഷെയ്ഖ് സബാഹ് അമീർ ആയി അധികാരമേറ്റത്.

 

ഉലയാെത, പതറാതെ

 

കടുത്ത പ്രതിസന്ധികൾക്കിടയിലും കിടയറ്റ രീതിയിൽ രാജ്യത്തെ നയിക്കാൻ ഷെയ്ഖ് സബാഹിന് സാധിച്ചു. ആഗോള സാമ്പത്തികമാന്ദ്യം തൊട്ട് ജിസിസി  രാജ്യങ്ങൾക്കിടയിലെ ഭിന്നിപ്പ് വരെ ഒട്ടേറെ വിഷയങ്ങളാണ് ഇക്കാലയളവിൽ സംഭവിച്ചത്. യു‌എസ് ഉൾപ്പെടെ ലോക രാജ്യങ്ങൾ പലതും സാമ്പത്തിക മാന്ദ്യത്തിൽ കൂപ്പുകുത്തിയപ്പോൾ ആടാതെ, ഉലയാതെ കുവൈത്ത് സമ്പദ്‌ഘടന നിലനിർത്താൻ കഴിഞ്ഞുവെന്നത് ഷെയ്ഖ് സാഹിബിന്റെ ഭരണ കാഴ്ചപ്പാടിന്റെ നേട്ടമായി. ജിസിസി രാജ്യങ്ങൾ തമ്മിൽ എന്നും ഐക്യത്തോടെ നിലനിൽക്കണമെന്ന താത്പര്യമായിരുന്നു അദ്ദേഹത്തിന്. ഖത്തറും സൗദിയും തമ്മിലുള്ള തർക്കത്തിൽ കക്ഷി ചേർന്നില്ല എന്നുമാത്രമല്ല പരിഹരിക്കുന്നതിനുള്ള ശ്രമത്തിൽ ആത്മാർഥമായി രംഗത്തിറങ്ങുകയും ചെയ്‌തു. രാവിലെ സൗദിയിൽ, ഉച്ചയ്ക്കു ബഹ്‌റൈനിൽ, വൈകിട്ട് ഒമാനിൽ, രാത്രി യു‌എ‌ഇയിൽ പിന്നെ ഖത്തറിൽ എന്നവണ്ണം അദ്ദേഹം ഓടിയെത്തി. ആരോഗ്യപ്രശ്നങ്ങൾ അലട്ടുമ്പോഴും പ്രായം പോലും പരിഗണിക്കാതെയുള്ള യാത്രയ്ക്ക് പിന്നിൽ ജിസിസി ഐക്യം എന്ന ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. 

 

വിഭാഗീയതയ്ക്ക് എതിരെ

 

രാജ്യത്തിനകത്ത് വിഭാഗീയത ഇല്ലാതാക്കാനുള്ള ജാഗ്രതയും ഷെയ്ഖ് സബാഹിന്റെ പ്രത്യേകതയാണ്.  സുന്നി-ഷിയാ വിഭാഗീയതയിലേക്ക് കുവൈത്ത് നീങ്ങുമായിരുന്ന ഷിയാപള്ളി സ്ഫോടന സംഭവത്തെ അദ്ദേഹം കൈകാര്യം ചെയ്ത രീതി ഒന്നുമതി വിഭാഗീയതയ്ക്കെതിരായ നിലപാടിനു തെളിവ്. ഒട്ടേറെ പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്ന അവിടെ ഓടിയെത്തി രക്ഷാപ്രവർത്തനത്തിനു നേരിട്ട് നേതൃത്വം നൽകിയ ഷെയ്ഖ് സബാഹ് ഇരുവിഭാഗം ജനങ്ങളുടെയും മനസ്സ് കീഴടക്കി. അമീറിന്റെ സാന്നിധ്യം ഒന്നുമാത്രമാണ് രാജ്യത്തെ ജനങ്ങൾ ഇരുവിഭാഗമായി മാറാതിരിക്കാൻ സഹായിച്ചതെന്നു പറയുന്നതാകും ശരി. ഭരണ നൈപുണ്യം കൊണ്ട് കുവൈത്ത് ജനതയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ മനസ്സിൽ ഇടം തേടിയ ഭരണാധികാരിയെന്ന സ്ഥാനത്തിന് ഉടമയാണ് ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് എന്ന് നിസ്സംശയം പറയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com