ദോഹ∙ പ്രവാസികൾക്കും വിദേശ കമ്പനികൾക്കും കൂടുതല്‍ പ്രദേശങ്ങളില്‍ ഇനി വസ്തുവകകൾ സ്വന്തമാക്കാം; അതും സ്വതന്ത്ര ഉടമസ്ഥാവകാശത്തോടെ. മുന്‍പ്, പേള്‍ ഖത്തറില്‍ മാത്രമായിരുന്നു വിദേശ കമ്പനികള്‍ക്കു വസ്തുവാങ്ങാന്‍ അനുമതി. ഇനി, 9 പ്രദേശങ്ങളില്‍ വസ്തുവകകള്‍ സ്വന്തമാക്കാം.
പ്രവാസികൾക്ക് ഉപയോഗിക്കാൻ അനുവാദമുള്ള റിയൽ എസ്റ്റേറ്റ് മേഖലകളുടെ എണ്ണം 16 ആക്കിയും ഉയർത്തി. 99 വർഷത്തേക്ക് ഈ പ്രദേശങ്ങൾ ഉപയോഗിക്കാം. പാര്‍പ്പിട സമുച്ചയങ്ങളിലും മാളുകളിലും പാര്‍പ്പിട, വാണിജ്യ യൂണിറ്റുകള്‍ സ്വന്തമാക്കാനും പ്രവാസികള്‍ക്ക് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു.
താമസാനുമതി രേഖയും
ഖത്തറിൽ കുറഞ്ഞത് 7,30,000 റിയാൽ (ഏകദേശം 1,45,27,000 രൂപ) മൂല്യമുള്ള വസ്തുവകകൾ സ്വന്തമായുള്ള പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും റസിഡൻസി പെർമിറ്റും ലഭിക്കും. 36,50,000 റിയാലിൽ കുറയാത്ത മൂല്യത്തിലുള്ള ആസ്തികളുടെ (10 ലക്ഷം ഡോളറിന് തത്തുല്യമായ) ഉടമകളായ പ്രവാസികൾക്ക് സ്ഥിര താമസാനുമതി രേഖ നൽകും.
ആരോഗ്യം, വിദ്യാഭ്യാസം, ഏതാനും വാണിജ്യ പ്രവർത്തനങ്ങളിലെ നിക്ഷേപം എന്നിവയുൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് സ്ഥിര താമസാനുമതി രേഖയുള്ളവർക്ക് ലഭിക്കുന്നത്
കൂടുതൽ മേഖലയിൽ പ്രവാസികൾക്ക് സ്വതന്ത്ര ഉടമസ്ഥാവകാശം അനുവദിച്ചതു രാജ്യത്തന്റെ സാമ്പത്തിക മേഖലയ്ക്കു ശക്തി പകരും.
റിയൽ എസ്റ്റേറ്റ് മേഖലകളിൽ വിദേശികൾക്ക് സ്വതന്ത്ര ഉടമസ്ഥാവകാശ നിയമം 2018 മുതലാണു പ്രാബല്യത്തിലായത്. വിദേശ ഫണ്ട് ആകർഷിക്കാൻ സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണു നിയമം.
വസ്തു വാങ്ങാവുന്ന പ്രദേശങ്ങൾ
വെസ്റ്റ് ബെ (ലഗ്താഫിയ)
പേൾ ഖത്തർ
അൽഖോർ റിസോർട്ട്
ദഫ്‌ന (അഡ്മിൻ ഡിസ്ട്രിക്ട് നമ്പർ-60)
ദഫ്‌ന (അഡ്മിൻ ഡിസ്ട്രിക്ട് നമ്പർ 61)
ഒനൈസ (അഡ്മിൻ ഡിസ്ട്രിക്ട്)
ലുസെയ്ൽ
അൽ ഖരാജി
ജബാൽ തുലെയ്ബ്
വസ്തു ഉപയോഗിക്കാവുന്ന പ്രദേശങ്ങൾ
മിഷെറിബ്
ഫരീജ് അബ്ദുല്ലസീസ്, ഫരീജ് അൽ നാസർ
ദോഹ ജദീദ്, അൽ മിർഖാബ് അൽ ജദീദ്
അൽ ഗാനിം അൽ അതീഖ്
അൽ റിഫ
അൽ ഹിത്മി അൽ അതീഖ്
സലാത്ത
ഫരീജ് ബിൻ മഹ്മൂദ് 22, ഫരീജ് ബിൻ മഹ്മൂദ് 23
റൗദത്ത് അൽ ഖെയ്ൽ
മൻസൂറ
ഫരീജ് ബിൻ ദിർഹം
നജ്മ
ഉം ഗുവെയ്‌ലിന
അൽ ഖലെയ്ഫത്
അൽ സദ്ദ്
ദോഹ രാജ്യാന്തര വിമാനത്താവള മേഖല