ADVERTISEMENT

ദോഹ ∙ ഖത്തറിലേയ്ക്ക് എത്തുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജ് ഡിസംബര്‍ 31 വരെ നീട്ടി. വിദേശങ്ങളില്‍ നിന്നെത്തുന്ന ഖത്തരി പൗരന്മാര്‍, പ്രവാസി താമസക്കാര്‍ തുടങ്ങി തൊഴില്‍ വീസയുള്ളവര്‍ ഉള്‍പ്പെടെ രാജ്യത്തേക്ക് എത്തുന്ന എല്ലാവരും ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ് വ്യവസ്ഥ. 2020 ഡിസംബര്‍ 31 വരെ ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജ് നീട്ടിയതായി ഖത്തര്‍ എയര്‍വേയ്സിന്റെ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് ഡിവിഷന്‍ ആയ ഡിസ്‌കവര്‍ ഖത്തറിന്റെ വെബ്സൈറ്റിലാണ് വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ ഒക്ടോബര്‍ 31 വരെയായിരുന്നതാണ് ഡിസംബറിലേയ്ക്ക് നീട്ടിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് ക്വാറന്റീന്‍ വ്യവസ്ഥ തുടരുമെന്ന് ദുരന്തനിവാരണ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് 19 വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഡിസ്‌കവര്‍ ഖത്തര്‍ മുഖേന മാത്രമേ ഹോട്ടല്‍ ബുക്കിങ് അനുവദിക്കൂ. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി. ഖത്തര്‍ പോര്‍ട്ടല്‍ മുഖേന പെര്‍മിറ്റിനായി അപേക്ഷ നല്‍കണം.

പെര്‍മിറ്റ് ലഭിച്ച ശേഷം മാത്രമേ ഹോട്ടല്‍ ബുക്കിങ് പാടുള്ളു. പെര്‍മിറ്റില്‍ ഹോട്ടലിലാണോ വീട്ടിലാണോ ക്വാറന്റീനില്‍ കഴിയേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് വേണം ഹോട്ടല്‍ ബുക്ക് ചെയ്യാന്‍. ഹോട്ടല്‍ ബുക്കിങ് ലഭിച്ച ശേഷമേ യാത്രാ ടിക്കറ്റ് എടുക്കാവൂ. ഹോട്ടല്‍ ബുക്ക് ചെയ്ത ശേഷം റദ്ദാക്കിയാല്‍ റീ ഫണ്ട് ലഭിക്കുകയുമില്ല. ദോഹയിലേയ്ക്കുള്ള യാത്രയ്ക്ക് എന്‍ട്രി പെര്‍മിറ്റ്, ഹോട്ടല്‍ ബുക്കിങ് രേഖ എന്നിവ നിര്‍ബന്ധമാണ്.

കുടുംബങ്ങള്‍ സ്വന്തം ചെലവില്‍ തന്നെ ഏഴു ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. തുടര്‍ന്ന് ഏഴു ദിവസം വീട്ടിലും ക്വാറന്റീന്‍ തുടരണം. വിദഗ്ധ, അവിദഗ്ധ മേഖലയിലുള്ളവര്‍ക്ക് തൊഴിലുടമയാണ് 14 ദിവസത്തെ ക്വാറന്റീന്‍ സൗകര്യം നല്‍കേണ്ടത്. കുടുംബങ്ങള്‍ക്കും കമ്പനി ജീവനക്കാര്‍ക്കുമായി പ്രത്യേകം ഹോട്ടല്‍ പാക്കേജുകളാണുളളത്. പ്രതിദിനം രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കുന്നതിന് നിശ്ചിത പരിധിയുണ്ട്. ഇതുപ്രകാരമാണ് പെര്‍മിറ്റ് ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com