ADVERTISEMENT

ദുബായ്∙ ഒരു മനുഷ്യൻ പ്രതിസന്ധിയിൽപ്പെട്ട്  ഉഴുലുന്നതാണ്  ഹ്രസ്വ ചിത്രത്തിൽ 21 മിനിറ്റും. എന്നാൽ അവസാന രണ്ടു മിനിറ്റിൽ കഥയുടെ ചുരുൾ നിവരും.  ആ  സസ്പെൻസ് പോലെ തന്നെയായിരുന്നു ഷഹീർ ഷായുടെ കാര്യവും. ഇസ്രയേൽ ഹ്രസ്വ ചലച്ചിത്രോത്സവത്തിന് തന്റെ ചിത്രമായ റെക്കഗ്നിഷൻ അയച്ചിട്ടും മാസങ്ങളോളം മറുപടിക്കായി കാത്തു.   എന്നാൽ  യുഎഇ- ഇസ്രയേൽ ഉഭയകക്ഷി കരാർ  ആയതോടെ ചിത്രത്തിന്റെ രാശി തെളിഞ്ഞു. യുഎഇയിൽ നിന്നു സിഖ്റോൻ യാകോവിൽ കാർമൽ രാജ്യാന്തര ഹ്രസ്വ ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമായി റെക്കഗ്നിഷൻ. 

ഈ നേട്ടത്തിൽ നിറഞ്ഞ സന്തോഷത്തിലാണ്  കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശിയായ ഷഹീർ ഷാ. ഇസ്രയേലിലെ സംഘാടകർക്കും അറിയേണ്ടത് ചിത്രം ചിത്രീകരിച്ചത് യുഎഇയിൽത്തന്നെയാണോ എന്നായിരുന്നു. റാസൽഖൈമയിലെ ജബൽ ജെയ്സിന്റെ ഭംഗി മുഴുവൻ ഒപ്പിയെടുത്താണ് ചിത്രം ചെയ്തതെന്ന് ഷഹീർ പറയുന്നു. 

ജല ദൗർലഭ്യത്തിലേക്ക് കണ്ണുതുറപ്പിക്കുന്ന 23 മിനിറ്റ് ചിത്രം വിവിധ രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ  ഇതിനകം 14 അവാർഡുകൾ നേടി. 

19 വർഷമായി യുഎഇയിൽ സെയിൽസ്   വിഭാഗത്തിൽ ജോലി ചെയ്യുന്ന ഷഹീർ മുൻപ് രണ്ട് മലയാളം ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 

മുഹമ്മദ് അയാനാണ് ചിത്രം നിർമിച്ചത്. ഛായാഗ്രഹണം: സുൽത്താൻ എം.അലി. എഡിറ്റിങ്: അഖിൽ ഏലിയാസ്, സൗണ്ട് ഡിസൈൻ ആൻഡ് മിക്‌സിങ്: ഹരിരാഗ് എം. വാര്യർ, പശ്ചാത്തല സംഗീതം - ഷിംജിത്ത് ശിവൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com