ADVERTISEMENT

ദോഹ∙ 2022 ഫിഫ ഖത്തർ ലോകകപ്പിന് മുൻപായി രാജ്യത്തുടനീളമുള്ള റോഡ് ശൃംഖല ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് പൊതുമരാമത്ത് വകുപ്പിന്റെ (അഷ്ഗാൽ) റോഡ് പദ്ധതികൾ അതിവേഗ പാതയിൽ.

എക്‌സ്പ്രസ് ഹൈവേകളുടെയും പ്രാദേശിക റോഡുകളുടെയും വികസനവും നിർമാണവും മാത്രമല്ല, സ്ട്രീറ്റുകളുടെയും ഉൾ റോഡുകളുടെയുമെല്ലാം നവീകരണവും ശേഷി കൂട്ടലും പുരോഗമിക്കുകയാണ്. ഗതാഗത തടസ്സം സൃഷ്ടിക്കാതെയാണു പ്രവർത്തനങ്ങൾ. 

പാതകളുടെ എണ്ണം വർധിപ്പിക്കൽ, കാൽനട, സൈക്കിൾ പാതകളുടെ നിർമാണം, റൗണ്ട് എബൗട്ടുകൾ സിഗ്നൽ നിയന്ത്രിത ഇന്റർസെക്‌ഷനുകൾ എന്നിവയ്ക്കൊപ്പം ഡ്രെയ്നേജ്, വൈദ്യുതി-ജല വിതരണ ശൃംഖല തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനവും നടപ്പാക്കുന്നുണ്ട്. പൂർത്തിയാകുന്ന ഭാഗങ്ങൾ ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതിലൂടെ മിക്ക റോഡുകളിലും ഗതാഗത കുരുക്കും യാത്രാ സമയവും കുറയ്ക്കാനും കഴിയുന്നുണ്ട്.

15 പദ്ധതികൾ

അഷ്ഗാലിന്റെ വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം രാജ്യത്തുടനീളം പതിനഞ്ചോളം എക്‌സ്പ്രസ് വേ, പ്രാദേശിക റോഡ് പദ്ധതികളാCg നടക്കുന്നത്. 

എക്‌സ്പ്രസ് വേ പദ്ധതികളിൽ അൽഖോർ റോഡ്, സബാഹ് അൽ അഹമ്മദ് കോറിഡോർ, അൽവക്ര മെയിൻ റോഡ്, ദുഹെയ്ൽ ഇന്റർചേഞ്ച്, ദുഖാൻ ഹൈവേ ഈസ്റ്റ്, ജി റിങ് റോഡ്, അൽ മജ്ദ് റോഡ്, ഇ-റിങ് റോഡ് എന്നിവയുടെ വികസനവും നവീകരണങ്ങളുമാണുള്ളത്. വെസ്റ്റ്‌ബേ ഏരിയയിലെ സ്ട്രീറ്റുകളുടെ വികസനം, അൽ മിർഖാബ് അൽ ജദീദ്-ഫരീജ് അൽ നാസർ സ്ട്രീറ്റുകളുടെ വികസനം, അൽ സദ്ദ് ഇന്റർസെക‌്ഷൻ, എ റിങ് റോഡ്,  ബി റിങ് റോഡ് വികസനം,  അൽ സെയ്‌ലിയ റോഡിലെ മൈതർ സ്‌പോർട്‌സ് ക്ലബ്ബ്-പ്ലാസ്റ്റിക് റൗണ്ട് എബൗട്ടുകളുടെ നവീകരണം, ഉം അൽ ഡോം സ്ട്രീറ്റ്-മൈതർ സ്ട്രീറ്റ് നവീകരണം എന്നിവയാണ് പ്രാദേശിക റോഡ് പദ്ധതികൾ.  

റോഡ് പദ്ധതികൾ കൂടാതെ അഷ്ഗാലിന്റെ സൗന്ദര്യവൽക്കരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ദോഹ 2,3 പാക്കേജുകൾ, റാസ് ബു അബൗദ് ബീച്ച് നവീകരണം, 5/6 പാർക്ക് നവീകരണ പദ്ധതി എന്നീ പദ്ധതികളും നടക്കുന്നുണ്ട്. ഈ വർഷവും അടുത്ത 2 വർഷത്തിനുള്ളിലും പൂർത്തിയാകുന്ന പദ്ധതികളാണ് ഇവയെല്ലാം. 2022 ലോകകപ്പ് സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിച്ചുള്ള റോഡ് പദ്ധതികളാണു മിക്കവയും.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com