sections
MORE

അറ്റകുറ്റപ്പണിക്കിടെ ലാപ്ടോപ്പിൽ നിന്നു രേഖകൾ കവർന്നാൽ...?

niyamavum-ningalum
SHARE

ഖത്തർ ക്രിമിനൽ നിയമ (2004ലെ 23-ാം നമ്പർ) നടപടി പ്രകാരം പബ്ലിക് പ്രോസിക്യൂഷൻ കോടതിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്ന ഒരു കേസിൽ കോടതിയിൽ ഹാജരാകാൻ കുറ്റാരോപിതനു നിയമപ്രകാരം അറിയിപ്പ് നൽകണം. ഗൗരവമായ കുറ്റകൃത്യങ്ങളിൽ 8 ദിവസം മുൻപും അല്ലാത്തവയിൽ 3 ദിവസം മുൻപും അറിയിപ്പു നൽകണം.

ചുമത്തപ്പെട്ട കുറ്റം, കുറ്റത്തിന്റെ വകുപ്പ്, വിചാരണ നടത്തുന്ന സമയം, സ്ഥലം എന്നിവ അറിയിപ്പിൽ രേഖപ്പെടുത്തും. നിലവിലുള്ള നിയമം അനുശാസിക്കുന്ന വിധത്തിൽ താമസ സ്ഥലത്തോ ജോലി സ്ഥലത്തോ ഒരു ഉദ്യോഗസ്ഥൻ മുഖാന്തിരമാകണം വിചാരണ സംബന്ധിക്കുന്ന അറിയിപ്പു നൽകേണ്ടത്. താമസ സ്ഥലം അറിയാത്ത പക്ഷം  ഒടുവിൽ താമസിച്ച സ്ഥലത്തിന്റെ അല്ലെങ്കിൽ കുറ്റകൃത്യം ചെയ്ത സ്ഥലത്തിന്റെ അധികാരമുള്ള പൊലീസ് സ്റ്റേഷനിൽ അറിയിപ്പ് നൽകണം. കരുതൽ തടങ്കലിലോ തടവിലോ കഴിയുന്ന കുറ്റാരോപിതന് അറിയിപ്പ് നൽകാൻ തടങ്കലിന്റെ ചുമതലയുള്ള അധികാരിയെ അറിയിക്കണം.

കോൺട്രാക്ടിങ് കമ്പനിയിൽ എച്ച്ആർ മാനേജർ ആയി ജോലി ചെയ്യുകയാണ്. നിലവിൽ പ്രോജക്ടുകൾ ഇല്ലാത്തതിനാൽ ഭൂരിഭാഗം ജീവനക്കാരെയും ശമ്പളമില്ലാത്ത അവധിയിൽ അയച്ചു. കമ്പനിയുടെ സ്ഥിതിയും വളരെ മോശമാണ്. അവധിയിൽ കഴിയുന്ന ജീവനക്കാരെ പിരിച്ചുവിടാനാണു കമ്പനിയുടെ തീരുമാനം. അങ്ങനെ കഴിയുമോ? ശമ്പള കുടിശികയും ആനുകൂല്യങ്ങളും സ്വദേശങ്ങളിലെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കാൻ കഴിയുമോ?

2004 ലെ 14-ാം നമ്പർ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 85 പ്രകാരം അവധിയിലുളള ജീവനക്കാരനെ പിരിച്ചു വിടുന്നത് നിയമവിരുദ്ധമാണ്. അവരുടെ തൊഴിൽ കരാർ റദ്ദാക്കാനോ അല്ലെങ്കിൽ പിരിച്ചുവിടൽ സംബന്ധിച്ച് അറിയിപ്പ് നൽകാനോ തൊഴിലുടമയ്ക്ക് അനുമതിയില്ല. ഇത്തരം അവധിയുടെ കാലയളവിൽ നോട്ടിസ് കാലാവധി കഴിഞ്ഞാലും ജീവനക്കാരന് പിരിച്ചുവിടൽ സംബന്ധിച്ചുള്ള അറിയിപ്പ് നൽകാൻ പാടില്ല.

ഏതാനും മാസം മുൻപ് എന്റെ ലാപ്‌ടോപ് നന്നാക്കാൻ നൽകിയിരുന്നു. തകരാറുകൾ പരിഹരിച്ച് തിരികെ ലഭിക്കുകയും ചെയ്തു. എന്നാൽ ഏതാനും വ്യക്തിഗത ഫയലുകൾ അവർ എടുത്തതായി മനസ്സിലായി. അവരുടെ പക്കൽ ഫയലുകളുടെ പകർപ്പ് ഉണ്ട്. ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയുമോ?

പീനൽ നിയമത്തിലെ (2004 ലെ 11-ാം നമ്പർ) ആർട്ടിക്കിൾ 373 പ്രകാരം ഒരു വ്യക്തി നേരിട്ടോ അല്ലാതെയോ മറ്റൊരു വ്യക്തിയുടെ പ്രോസസിങ് സിസ്റ്റത്തിൽ പ്രവേശിക്കുകയോ, ഡേറ്റ നശിപ്പിക്കുകയോ അല്ലെങ്കിൽ പരിഷ്‌കരിക്കുകയോ ഡേറ്റ ട്രാൻസ്ഫർ നടത്തുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. 

ഒരു വർഷത്തിൽ കുറയാത്തതും 3 വർഷത്തിൽ കൂടാത്തതുമായ ജയിൽ ശിക്ഷയും 10,000 റിയാലിൽ കുറയാത്ത, 50,000 റിയാലിൽ കവിയാത്ത പിഴയും അനുഭവിക്കേണ്ടി വരും.

Adv-Nisar

നിയമങ്ങൾ സംബന്ധിച്ച സംശയങ്ങൾക്കു നിയമകാര്യ വിദഗ്ധനായ അഡ്വ. നിസാർ കോച്ചേരി മലയാള മനോരമയിലെ ‘നിയമവും നിങ്ങളും’ എന്ന കോളത്തിലൂടെ മറുപടി നൽകും. ചോദ്യങ്ങൾ manoramadoha@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങൾക്കാണു മറുപടി നൽകുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA