sections
MORE

പൈതൃകപ്പെരുമയുടെ ഫാൽക്കണറി നെഞ്ചേറ്റി ഖത്തർ

doha-falcon
കത്താറയിലെ ഗ്രാഫിക് ഡിസൈനറും മലയാളിയുമായ സക്കീർ ഹുസൈൻ വരച്ച പെയിന്റിങ്.സുഹെയ്ൽ, അൽ ഗലായെൽ പ്രധാന ഡിസൈനർ കൂടിയാണ് സക്കീർ
SHARE

ദോഹ∙ ആധുനികതയുടെയും വികസനത്തിന്റെയും പര്യായമായി ഖത്തർ മാറുമ്പോഴും സ്വദേശികൾ നെഞ്ചോടു ചേർത്തു പിടിക്കുന്നു, പ്രാപ്പിടിയൻ പൈതൃകം. ഖത്തറിനെ മറ്റു രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നതും പാരമ്പര്യത്തോടുള്ള ഈ സ്നേഹം തന്നെ. 

ഫാൽക്കണറി പൈതൃകത്തെ അടുത്തറിയാനും ഫാൽക്കണുകളുമായുള്ള അഭേദ്യബന്ധം മനസ്സിലാക്കാനുമെല്ലാം പ്രവാസികളും ഏറെ തൽപരരാണ്. ഫാൽക്കണുകൾക്ക് സാമൂഹിക ഇടപെടൽ കുറവെങ്കിലും അവയുമായി ആത്മബന്ധം വളർത്തിയെടുക്കുന്നവരാണു മിക്കവരും. ആക്രമണ സ്വഭാവമുള്ള ഫാൽക്കണുകളെ ശാന്തമായി ഇടപെടാൻ തക്കവിധത്തിലേക്കു മാറ്റിയെടുത്തു പരിശീലനം നൽകി വേട്ടയ്ക്ക് ഉപയോഗിക്കുകയാണു ചെയ്യുന്നത്. ഫാൽക്കണുകളെ സ്വതന്ത്രമായി വനത്തിലേക്കു പറത്തി വിടാൻ അസോസിയേഷനുകൾ പ്രത്യേക പ്രോഗ്രാമുകളും പ്രഖ്യാപിക്കാറുണ്ട്.

doha-falcon-2
കത്താറയിലെ ഗ്രാഫിക് ഡിസൈനറും മലയാളിയുമായ സക്കീർ ഹുസൈൻ വരച്ച പെയിന്റിങ്.

നൂറ്റാണ്ടുകളുടെ ചരിത്രം

പരമ്പരാഗത അറബ് ഗോത്രമായ ബിഥോയിനുകളാണു ഖത്തറിൽ വേട്ടയ്ക്കായി ഫാൽക്കൺ പക്ഷികളെ ഉപയോഗിച്ചിരുന്നത്. മൽസരവും വേട്ടയും പൈതൃകവും ഇഴചേർന്ന ചരിത്രമായി പിന്നീടതു മാറി.ചെറുതും വലുതുമായ വ്യത്യസ്ത ഇനം ഫാൽക്കണുകളാണുള്ളത്. ഷാഹീൻ (പെരിഗ്രിൻ) എന്നറിയപ്പെടുന്നവയെ ആണു വേട്ടയ്ക്കായി കൂടുതലും ഉപയോഗിക്കുന്നത്. 3,000ത്തിലധികം ഫാൽക്കൺ ഉടമകളാണ് നിലവിൽ രാജ്യത്തുള്ളത്.

ലക്ഷണമൊത്തവയെ തിരിച്ചറിയാം

 ഇരയെ പിടിക്കാനായി അപാരമായ കാഴ്ച ശക്തിയും ചടുലയ ചലനങ്ങളുമാണ് ഇവയുടേത്. കൊക്ക്, തല, ചിറകുകൾ എന്നിവയുടെ ആകൃതി, കാഴ്ച ശക്തിയുടെ തോത് തുടങ്ങി ഓരോ അവയവങ്ങളുടെയും മികവ് മനസ്സിലാക്കി ലക്ഷണമൊത്ത ഫാൽക്കണുകളെ കണ്ടെത്താൻ നല്ല പാടവം വേണം. കുറഞ്ഞത് 20 വർഷത്തെ ആയുസ്സാണിവയ്ക്ക്.

ആവേശം വിതറി മത്സരങ്ങളും

2008 മുതൽ കത്താറ പൈതൃക കേന്ദ്രത്തിനു കീഴിലെ അൽ ഗന്നാസ് ആണു ഫാൽക്കൺ വേട്ട മത്സരങ്ങൾക്കു ജീവൻ നൽകിയത്. വേട്ട ഉപകരണങ്ങൾ, പരിശീലന സൗകര്യങ്ങൾ തുടങ്ങി ഗവേഷണങ്ങൾ, പഠനങ്ങൾ എന്നുവേണ്ട എല്ലാ സൗകര്യങ്ങളും അൽ ഗന്നാസ് ഒരുക്കുന്നു. 

സീലൈനിലെ സബ്ഖത്ത് മർമിയിൽ നടക്കുന്ന രാജ്യാന്തര ഫാൽക്കൺ-വേട്ട മത്സരമായ മർമിയാണ് ആഗോള ശ്രദ്ധ നേടുന്ന ഖത്തറിന്റെ പ്രധാന മത്സരങ്ങളിലൊന്ന്. ഖത്തർ ഫാൽക്കണറി ഫെസ്റ്റിവൽ, അൽ ഷിത്ത, അൽ ഗലായേൽ, കത്താറ വേട്ട-ഫാൽക്കൺ പ്രദർശനം (സുഹെയ്ൽ) എന്നിവയാണ് മറ്റ് പ്രധാന പ്രദർശനങ്ങളും മത്സരങ്ങളും. ഏറ്റവും വേഗമേറിയ ഫാൽക്കണുകളെ കണ്ടെത്താനുള്ളതു മുതൽ സൗന്ദര്യ മത്സരം വരെയുണ്ട്.

ഫാൽക്കൺ സൂഖ്

സൂഖ് വാഖിഫിനോടു ചേർന്നുള്ള ഫാൽക്കൺ സൂഖ് സഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളിലൊന്നാണ്. ഫാൽക്കണുകളുടെയും വേട്ട ഉപകരണങ്ങളുടെയും വിൽപനശാലകൾ, ഫാൽക്കണുകൾക്കുള്ള ആശുപത്രി എന്നിവയെല്ലാമാണ് ഇവിടെ. 15,000 റിയാൽ മുതൽ ഒരു ലക്ഷം റിയാൽ വരെയുള്ള  ഫാൽക്കണുകളുമുണ്ട്. 

കഴിഞ്ഞ വർഷത്തെ സുഹെയ്ൽ പ്രദർശനത്തിൽ 2 ലക്ഷം റിയാലിനാണ് ഷാഹീൻ ഇനത്തിലുള്ള ഫാൽക്കണിനെ വിറ്റത്.  വേട്ട സീസണിൽ വിൽപന വർധിക്കും. ഫാൽക്കണുകളെ വാങ്ങാൻ മാത്രമല്ല വളർത്താനും ചെലവ് കൂടുതലാണ്. ഭക്ഷണം, വേട്ടയ്ക്കുള്ള പരിശീലനം, ചികിത്സ, വൈദ്യ പരിശോധന തുടങ്ങി നല്ല തുക മുടക്കി വേണം ഇവയെ പരിപാലിക്കാൻ.

വ്യായാമം, വൈറ്റമിൻ ഡയറ്റ്, ഹെൽമറ്റ് സ്റ്റൈലൻ ജീവിതം

ഫാൽക്കണുകളുടെ ശാരീരിക, മാനസിക ഉല്ലാസം ഉറപ്പാക്കാനായി പ്രത്യേക കൂടൊരുക്കിയാണ് ഇവയെ വളർത്തുന്നത്. വളർത്താൻ ലൈസൻസും നിർബന്ധം. വേട്ടയ്ക്കായി മികച്ച പരിശീലനം, ദിവസേന വ്യായാമം, വൈറ്റമിനുകളും മിനറൽ സപ്ലിമെന്റുകളും ഉൾപ്പെടുത്തിയുള്ള പ്രത്യേക ഭക്ഷണക്രമം തുടങ്ങി നിശ്ചിത ജീവിതചര്യയിലാണ് വളർത്തുന്നത്. ഫാൽക്കണുകളുമായി സവാരിക്കിറങ്ങുന്നവരുമുണ്ട്. 

വേട്ട സമയങ്ങളിൽ ഒഴികെ ഫാൽക്കണുകളെ മുഖാവരണം ധരിപ്പിച്ചാണ് പുറത്തു കൊണ്ടുപോകുന്നത്. കൈകൊണ്ട് തുകലിൽ നെയ്‌തെടുക്കുന്ന ബുർഖ എന്നറിയപ്പെടുന്ന മുഖാവരണം ചെറിയ ഹെൽമറ്റിനു സമാനമാണ്. വ്യത്യസ്ത ഡിസൈനുകളിലുള്ള ബുർഖയ്ക്ക് 25 റിയാൽ മുതലാണ് വില. ഒക്‌ടോബർ മുതൽ ഫെബ്രുവരി വരെയാണ് വേട്ടയുടെ സീസൺ. വേട്ടയ്ക്കു വിടുമ്പോൾ ജിപിഎസ് ഘടിപ്പിച്ചാണു പറത്തിവിടുന്നത്. ഉടമയുമായുള്ള ‘ആശയവിനിമയത്തിന്’ പ്രത്യേക ഉപകരണവുമുണ്ടാകും.

പാസ്പോർട്ടും ടിക്കറ്റുമുള്ള ഫാൽക്കണുകൾക്ക് വിമാനയാത്രയ്ക്കും സൗകര്യമുണ്ട്. 

abdulazeez-al-said

ആഗോളശ്രദ്ധ നേടി സുഹെയ്‌ൽ

മുൻപ് മരുഭൂമിയിൽ വേട്ടയ്ക്കു മാത്രമാണു ഫാൽക്കണുകളെ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആ പൈതൃകത്തിൽ അഭിമാനിക്കുന്ന സ്വദേശികൾ അവരുടെ ജീവിതത്തിന്റെ ഭാഗമായി അവയെ മാറ്റിയിരിക്കുന്നു. 

ഇതോടെയാണ്,  ഫാൽക്കണറി പൈതൃകം സംരക്ഷിക്കാനും ഉടമകളെ പിന്തുണയ്ക്കാനുമായി മത്സരങ്ങളും പ്രദർശനങ്ങളും ആരംഭിച്ചതെന്ന് കത്താറയിലെ സുഹെയ്ൽ -2020 ന്റെ സെക്രട്ടറിയും എക്‌സിബിഷൻ മാനേജറുമായ അബ്ദുല്ലസീസ് അൽ സെയ്ദ് പറഞ്ഞു. 

പുതു തലമുറയ്ക്ക് ആവേശം പകരാൻ ഒട്ടേറെ അസോസിയേഷനുകളും സജീവമാണ്. സുഹെയ്ൽ പോലുള്ള പ്രദർശനം ഫാൽക്കൺ ഉടമകൾക്കും വ്യവസായ മേഖലയ്ക്കും മികച്ച വേദി കൂടിയാണ്. 

ആഗോള ഫാൽക്കൺ വിപണികളിൽ വരെ സുഹെയ്ൽ ശ്രദ്ധ നേടി കഴിഞ്ഞു. ഈമാസം  20 മുതൽ 24 വരെ നടക്കുന്ന നാലാമത് സുഹെയ്‌ലിൽ 13 രാജ്യങ്ങളിൽ നിന്നുള്ള 140 കമ്പനികളാണ് പങ്കെടുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രദർശനം. 

തിരക്ക് കുറയ്ക്കാൻ ഓൺലൈൻ വഴി റജിസ്റ്റർ ചെയ്താണ് പ്രവേശനം. ഫാൽക്കണുകളുടെ ലേലവും ഓൺലൈൻ വഴിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA