ADVERTISEMENT

ദുബായ് ∙ ആ കുഞ്ഞു കരങ്ങൾ എടുത്തു മാറ്റിയത് മാനവരാശിയുടെ മുഖത്തുള്ള മാസ്കാണ്. ദുബായിലെ ലബനീസ് ഡോക്ടർ സാമർ ഷി ഐബിന് അക്കാര്യത്തിൽ സംശയമില്ല. വൈകാതെ മഹാമാരി ലോകത്ത് നിന്ന് ഒഴിഞ്ഞുപോകുമെന്നും അതാണ് നവജാത ശിശു തന്റെ മുഖത്ത് നിന്ന് മാസ്ക് ഇളംകൈകൊണ്ട് മാറ്റിയതിന് അർഥമെന്നും ഇൗ യുവ ഡോക്ടർ ഉറച്ചുവിശ്വസിക്കുന്നു.

കഴിഞ്ഞ ദിവസമാണു ലോകത്തിന് തന്നെ ആശ്വാസം പകരുന്ന കുറിപ്പോടെ എൻഎംസി ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഡോ.സാമർ ഷി െഎബ് കുഞ്ഞുകൈ തന്റെ മുഖത്ത് നിന്ന് മാസ്ക് മാറ്റുന്ന ചിത്രം സഹിതം ട്വീറ്റ് ചെയ്തത്. വൈകാതെ നമ്മൾ മാസ്ക് ഉപേക്ഷിക്കുമെന്നതിന്റ ശുഭസൂചനയാണ് ഇൗ ചിത്രമെന്ന് അദ്ദേഹം കുറിച്ചു. എന്നാൽ അതുവരെ എല്ലാവരും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അഭ്യർഥിച്ചു. തന്‍റെ മുഖത്ത് നിന്ന് മാസ്ക് അറിഞ്ഞോ അറിയാതെയോ മാറ്റുന്ന ഇളംപൈതലിനെ എടുത്തു പുഞ്ചിരി തൂകി നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ ഏറെ സമയം വേണ്ടി വന്നില്ല.  50,000 ലേറെപേരാണ് ഇതിനകം ചിത്രം ലൈക് ചെയ്തത്. ഇന്ത്യൻ സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ഡോ.സാമറിന്റെ ട്വീറ്റ് പങ്കുവച്ചതോടെയാണ് ഇത് വളരെ പെട്ടെന്ന് വൈറലായത്.  

ഡോ.സാമറിന്റെ പതിവ് ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം. ഇരട്ടക്കുട്ടികളെയായിരുന്നു യുവതി പ്രസവിച്ചത്. ഒരാണും പെണ്ണും. ആദ്യം പെൺകുഞ്ഞിനെയാണ് ഡോ.സാമർ ഏറ്റുവാങ്ങിയത്. പെട്ടെന്ന് കുഞ്ഞ് തന്റെ കൈ കൊണ്ട് ഡോക്ടറുടെ മുഖത്ത് നിന്ന് മാസ്ക് വലിച്ചുമാറ്റുകയായിരുന്നു. ആ സമയം അവിടെയുണ്ടായിരുന്നവരെല്ലാം ചിരിച്ചതായി ഡോ.സാമർ പറയുന്നു. എനിക്ക് തോന്നി; ഇത് ഒരു ശുഭസൂചനയാണെങ്കിലോ എന്ന്. കുഞ്ഞിന്റെ പിതാവായിരുന്നു ചിത്രം പകർത്തിയത്. കുഞ്ഞുങ്ങളുടെ ചിത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുക ഡോക്ടറുടെ പതിവാണ്. ഇൗ ചിത്രവും അങ്ങനെയാണ് ട്വിറ്റർ അക്കൗണ്ടിൽ സ്ഥാനം പിടിച്ചത്. പക്ഷേ, അത് പ്രതീക്ഷയുടെ സൂചനയായി ഇത്രമാത്രം മാറുമെന്ന് കരുതിയിരുന്നില്ല. 

നിങ്ങളുടെ ഹൃദയം സന്തോഷവും പ്രതീക്ഷയും കൊണ്ട് നിറയ്ക്കൂ എന്ന അടിക്കുറിപ്പോടെയായിരുന്നു ഇന്ത്യൻ സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ട്വീറ്റ് ഷെയർ ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com