ADVERTISEMENT

ദുബായ് ∙ മാസ്ക് ഒഴിവാക്കുന്നതും അശ്രദ്ധമായി ഉപയോഗിക്കുന്നതും കോവിഡ് വ്യാപനത്തിനു കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ. മാസ്ക് താഴ്ത്തിവച്ചു നടക്കുന്നവരുടെ എണ്ണം കൂടി. കോവിഡിന് വാക്സീൻ ഇല്ലാത്ത സാഹചര്യത്തിൽ മാസ്ക് ആണ് ഏറ്റവും മികച്ച  പ്രതിരോധമെന്നും ചൂണ്ടിക്കാട്ടി.

ഇളവുകൾ ദുരുപയോഗപ്പെടുത്തുക, ഉപയോഗിച്ച   മാസ്ക്  അലക്ഷ്യമായി വലിച്ചെറിയുക, ഒരേ മാസ്ക് തുടർച്ചയായി ഉപയോഗിക്കുക തുടങ്ങിയ ശീലങ്ങൾ സമൂഹ വ്യാപനത്തിനു വഴിയൊരുക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾ കണ്ടെത്താൻ പരിശോധനകളും നടപടികളും  ഊർജിതമാക്കിയെങ്കിലും ജനങ്ങളുടെ സഹകരണമാണ് പ്രധാനം. ഒരു വ്യക്തിയുടെ അശ്രദ്ധ സമൂഹത്തെയാണ് ബാധിക്കുക.

റസ്റ്ററന്റുകളിൽ എത്തുന്നവരിൽ പലരും മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെന്നു കണ്ടെത്തി. ഓർഡർ ചെയ്തതു മുതൽ ഭക്ഷണം എത്തു‌ം വരെയുള്ള സമയത്ത് മാസ്ക് ഇല്ലാതെ അടുത്തുള്ളവരോടു സംസാരിക്കുന്നത് ആരോഗ്യകരമല്ല. അടച്ചിട്ട മുറിക്കുള്ളിൽ രോഗവ്യാപന സാധ്യത കൂടുതലാണ്.

അങ്ങനെയങ്ങ് തള്ളരുത്

ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഉപയോഗിച്ച മാസ്കുകൾ താമസകേന്ദ്രങ്ങളിലെ  ലിഫ്റ്റുകളിലും പടികളിലും പാർക്കിങ്ങുകളിലും  നടപ്പാതകളിലും ഉപേക്ഷിക്കുന്നത് കാണാം. 

കട്ടികുറഞ്ഞ മാസ്കുകൾ കാറ്റിൽ പറക്കുന്നത് രോഗവ്യാപന സാധ്യത കൂട്ടും.  മലിനജല നിർമാർജന പൈപ്പുകളിൽ ഇവ അടിഞ്ഞു കൂടുന്നതാണ് മറ്റൊരു വെല്ലുവിളി. മാസ്കുകൾ കടലിൽ എത്തുന്നത് മത്സ്യങ്ങൾക്കും ഇതര ജീവികൾക്കും ഭീഷണിയാെണന്ന് പരിസ്ഥിതി സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

റബർ-പ്ലാസ്റ്റിക് ഗ്ലൗസ്, മാസ്ക്  എന്നിവ ഉപയോഗശേഷം ശാസ്ത്രീയമായി ഉപേക്ഷിക്കണം. 3 ലെയറുകളുള്ള മാസ്കുകളിൽ പോളിപ്രൊപലിൻ ഘടകങ്ങളുണ്ട്. ഇവ ശാസ്ത്രീയമായി സംസ്കരിക്കണം. 

യുഎഇയിൽ പ്രതിദിനം 6,000 മുതൽ 8,000 മാസ്കുകൾ വരെ വിൽക്കുന്നതായാണ് റിപ്പോർട്ട്.

dr-sajeev-nair
ഡോ. സജീവ് എസ്. നായർ

ഒത്തൊരുമിച്ചാൽ തടയാം രോഗവ്യാപനം

എല്ലാവരും മാസ്ക് ധരിച്ചാൽ വൈറസ് വ്യാപനം 16 ഇരട്ടിയോളം കുറയുമെന്ന് അബുദാബി മുസഫ എൽഎൽഎച്ച് ആശുപത്രി പൾമനോളജി സ്പെഷലിസ്റ്റ് ഡോ. സജീവ് എസ്. നായർ. 

ഏതുതരം മാസ്കും സുരക്ഷിതം. സർജിക്കൽ മാസ്ക് 85% വരെ സുരക്ഷ ഉറപ്പാക്കുന്നു.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സൂക്ഷ്മകണങ്ങൾ തടയാനും പുറമേ നിന്നുള്ളവയെ പ്രതിരോധിക്കാനും സഹായിക്കും.

തുടർച്ചയായി ധരിക്കുന്നതാണ് ആരോഗ്യകരം. തിരക്കുള്ള മാളുകളിലോ   ആശുപത്രികളിലോ പോയി വന്നയുടൻ മാസ്ക് ഉപേക്ഷിക്കണം. ഓഫിസിൽ ആണെങ്കിൽ ഇടയ്ക്ക് പുറത്തിറങ്ങി ടോയ്‌ലറ്റിലും മറ്റും പോയി വന്നശേഷം  മാറ്റി പുതിയതു ധരിക്കാം. വീട്ടിലേക്കു മടങ്ങുമ്പോഴും പുതിയത് ധരിക്കുന്നത് ശീലമാക്കാം.

 ഫെയ്സ് ഷീൽഡിനെക്കാൾ സുരക്ഷിതം.

മാസ്കിന്റെ പുറത്ത് സ്പർശിക്കരുത്. ഉപയോഗിച്ച  മാസ്ക് മാറ്റുമ്പോൾ ചരടിൽ പിടിക്കണം. കവറിലാക്കി സുരക്ഷിതമായി മാലിന്യപ്പെട്ടിയിൽ ഇടാം. 

 നനയുകയോ മലിനമാകുകയോ ചെയ്താൽ ഉപയോഗിക്കരുത്. മാസ്ക് മാറ്റിയശേഷവും കൈകൾ അണുമുക്തമാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com