ADVERTISEMENT

അബുദാബി∙ യുഎഇയിൽ വാക്സീൻ വൊളന്റിയർമാർ 49 ദിവസത്തെ നിരന്തര നിരീക്ഷണത്തിനു ശേഷം രണ്ടാഴ്ചയിൽ ഒരിക്കൽ കോവിഡ് പരിശോധനയ്ക്കു വിധേയമാകണമെന്ന് ആരോഗ്യസേവന വിഭാഗമായ സേഹ അറിയിച്ചു. സമയബന്ധിതമായി കോവിഡ് ടെസ്റ്റ് നടത്തി സജീവ അംഗമായി തുടരുന്നവർക്കു മാത്രമേ വൊളന്റിയർ ആനുകൂല്യം ലഭിക്കൂ. അല്ലാത്തവർ സാധാരണ പൗരന്മാർക്കുള്ള നടപടികൾ പൂർത്തിയാക്കണം.

വൊളന്റിയറെങ്കിൽ ആനുകൂല്യങ്ങളേറെ

വൊളന്റിയർ കാലയളവിൽ സൗജന്യ ചികിത്സയും കോവിഡ് പരിശോധനയും ലഭ്യമാണ്.  അബുദാബി അതിർത്തി കടന്ന് തിരിച്ചെത്താനും ഇവർക്കു പ്രത്യേക കോവിഡ് പരിശോധന ആവശ്യമില്ല. അതിർത്തി കവാടങ്ങളിൽ കാത്തുനിൽക്കാതെ എമർജൻസി ലെയ്നിലൂടെ   പെട്ടെന്നു  പുറത്തുകടക്കാനും അനുവാദമുണ്ട്. നിർബന്ധിത ഹോം ക്വാറന്റീൻ വേണ്ട.

അബുദാബിയിലെത്തി 6 ദിവസം കഴിഞ്ഞ് വീണ്ടും പിസിആർ എടുക്കുന്നതിൽ നിന്നും ഇവരെ ഒഴിവാക്കി. ഇനി 2 ആഴ്ചയിൽ ഒരിക്കൽ കോവിഡ് പരിശോധിച്ചില്ലെങ്കിൽ അൽഹൊസൻ ആപ്പിൽ നിന്ന് വൊളന്റിയർ പദവി അപ്രത്യക്ഷമാകും. ഇതോടെ സാധാരണ നടപടികൾക്കു വിധേയരാകേണ്ടിവരും. ഫോർ ഹ്യൂമാനിറ്റി എന്ന പേരിൽ യുഎഇയുടെ കോവിഡ് വാക്സീൻ മൂന്നാം ഘട്ട പരീക്ഷണത്തിൽ  മലയാളികളടക്കം 120 രാജ്യക്കാരായ 31,000 പേർ പങ്കാളികളായിരുന്നു.

ആദ്യ 2 ‍ഡോസ് കുത്തിവയ്പിനു ശേഷം  2 ആഴ്ച  ഇടവേളകളിൽ 2 പിസിആർ ടെസ്റ്റ് ചെയ്യുന്നതോടെ 49 ദിവസത്തെ നിരന്തര നിരീക്ഷണത്തിൽ നിന്ന് ഒഴിവാകാം. എന്നാൽ 14 ദിവസത്തെ ഇടവേളകളിൽ കോവിഡ് പരിശോധന തുടരണം. ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നു ഉറപ്പാക്കി വാക്സീൻ സുരക്ഷിതമാണെന്ന് വിലയിരുത്തുന്നതിനാണിത്. 

വാക്സീൻ ആർക്കൊക്കെ

ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിന്റെയും ‌സേഹയുടെയും സഹകരണത്തോടെ ഗ്രൂപ്പ് 42 ഹെൽത്ത് കെയറിന്റെ (ജി42) നേതൃത്വത്തിലാണ് യുഎഇയിൽ വാക്സീൻ പരീക്ഷണം നടത്തിയത്. ചൈനയിലെ സിനോഫാം സിഎൻബിജി കമ്പനി വികസിപ്പിച്ച വാക്സീന്റെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങൾ ചൈനയിലും മൂന്നാം ഘട്ടം യുഎഇയിലും വിജയകരമായി ‍പൂർത്തിയാക്കി. ഇതോടെ കോവിഡ് വാക്സീന് യുഎഇ അംഗീകാരം നൽകിയിരുന്നു. അടിയന്തര സ്വഭാവമുള്ള ജോലികൾ ചെയ്യുന്ന ആരോഗ്യപ്രവർത്തകർ, പൊലീസ്, സൈനികർ എന്നിവർക്കാണ് പ്രതിരോധ വാക്സീൻ നൽകിവരുന്നത്.

വാക്സീൻ, സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള വഴി:  മന്ത്രി

അബുദാബി∙ സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള വഴിയാണ് കോവിഡ് വാക്സീൻ  എന്ന് യുഎഇ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. അടിയന്തര ഉപയോഗത്തിന് യുഎഇ അംഗീകരിച്ച ചൈനീസ് നിർമിത കോവിഡ് പ്രതിരോധ വാക്സീൻ സ്വീകരിക്കുകയായിരുന്നു മന്ത്രി. യുഎഇയിൽ വാക്സീൻ പരീക്ഷണശേഷം സുരക്ഷിതമാണെന്ന് കണ്ടെത്തിയതോടെ ആരോഗ്യമന്ത്രി അബ്ദുൽറഹ്മാൻ അൽഒവൈസ് ആദ്യ കുത്തിവയ്പ് എടുത്തിരുന്നു. പിന്നീട് ആരോഗ്യപ്രവർത്തകർ, പൊലീസ്, സൈനികർ, അധ്യാപകർ എന്നിവർക്കും വാക്സീൻ നൽകിവരുന്നു. ഏറ്റവും ഒടുവിൽ സാംസ്കാരിക, യുവജന മന്ത്രി നൂറ അൽകാബിയും പ്രതിരോധ വാക്സീൻ സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com