sections
MORE

സൗദിയിൽ തുർക്കി ഉത്പന്നങ്ങൾക്കെതിരെയുള്ള ബഹിഷ്കരണ ക്യാംപയിൻ ശക്തമാകുന്നു

boycott-Turkish-products-saudi
SHARE

റിയാദ് ∙ മേഖലയിലെ ഇടപെടൽ നയങ്ങളെച്ചൊല്ലി സൗദിയിൽ തുർക്കി ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള പ്രചാരണം തുടരുന്നു.  സൗദിയിലെ പ്രമുഖ റീട്ടെയ്ൽ ശൃംഖലകൾ തുർക്കി ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിർത്തിയതായി പ്രഖ്യാപിച്ചു. ഈ വഴിക്ക് കൂടുതൽ സ്ഥാപനങ്ങൾ ബഹിഷ്കരണ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ്. 

എല്ലാ തുർക്കി ഉത്പന്നങ്ങളുടെയും ഇറക്കുമതിയും പ്രാദേശിക വിതരണക്കാരിൽ നിന്നുള്ള സംഭരണവും താൽകാലികമായി നിർത്തിവയ്ക്കുകയാണെന്ന് അബ്ദുല്ല അൽ ഉതൈം മാർകറ്റ്സ് കമ്പനി കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. എല്ലാ ശാഖകളിലും സംഭരണ ശാലകളിലും നിലവിലെ തുർക്കി സാധനങ്ങൾ ഉടൻ തീർക്കാനും പുതിയ ഓർഡറുകളൊന്നും നൽകാതിരിക്കാനുമാണ് തീരുമാനമെന്ന്  കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

റിയാദിലെ ഏറ്റവും പഴയ സ്റ്റോറുകളിലൊന്നായ അൽസദാൻ ഗ്രൂപ്പും  പ്രചാരണത്തിന് പിന്തുണ അറിയിച്ചു. രാജ്യത്തെയും സൗദി നേതൃത്വത്തെയും ബഹുമാനിക്കാത്ത ഏതൊരു രാഷ്ട്രത്തിന്റെയും ഉല്പന്നങ്ങൾ ബഹിഷ്കരിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് വ്യാപാരികൾ പറഞ്ഞു. ബഹിഷ്‌ക്കരണം രാജ്യത്തെ സംരക്ഷിക്കാൻ ഉപയോഗിക്കാവുന്ന മറ്റേതൊരു ആയുധത്തെയും പോലെ കാര്യക്ഷമമായ ഒന്നാണ്. പ്രാദേശിക വിപണിയിൽ ഉത്പന്നങ്ങൾ വൈവിധ്യവത്കരിക്കാനും ഏതെങ്കിലും കുത്തക പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും  ഇത്  നല്ല അവസരമാണെന്നും ഇവർ പറഞ്ഞു.

ഇറാൻ തീവ്രവാദികളെ ഉപയോഗിച്ച് മേഖലയിൽ അസ്ഥിരത സൃഷ്ടിക്കാനുള്ള ശ്രമത്തെയും ലോകത്തെ പല രാജ്യങ്ങളിലും പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ബ്രദർഹുഡിനുള്ള പിന്തുണയും ആണ് സൗദിയെ പ്രകോപിച്ചിരിക്കുന്നത്. തുർക്കിയുടെ നിലപാട് മാറ്റിയില്ലെങ്കിൽ അത്  അറബ് രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ കടുത്ത സുരക്ഷാ ഭീഷണിയാകും. ഖത്തർ  പ്രതിസന്ധിയെ ചൂഷണം ചെയ്യാനും തുർക്കി ശ്രമിക്കുന്നതായി ആരോപണമുണ്ട്.   

ബഹിഷ്കരണ പ്രവർത്തനങ്ങൾ ജനകീയ സ്വഭാവത്തിലേക്ക് നീങ്ങുകയാണ്. അത് തുർക്കിയെ തകർച്ചയിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല. അതേസമയം തുർക്കി ജനതയോട് ആദരവുണ്ടാകും. തുർക്കി സർകാരിന്റെ ലജ്ജാകരമായ പ്രവൃത്തികളോടുള്ള പ്രതിഷേധത്തിൽ  നിന്ന് സൗദിയിൽ കഴിയുന്ന പൗരന്മാരെ ഒഴിവാക്കുമെന്നും സ്ഥാപനങ്ങൾ പറഞ്ഞു.

ചില്ലറവ്യാപാര മേഖലയിലെ ഇത്തരം നീക്കങ്ങൾ തുർക്കി ബഹിഷ്കരണത്തിന്റെ പൊതു പ്രചാരണങ്ങൾ വർധിച്ചു. ഇറക്കുമതി, നിക്ഷേപം, ടൂറിസം എന്നിവയുൾപ്പെടെ എല്ലാ മേഖലയും ബഹിഷ്കരിക്കാൻ ഈ മാസം ആദ്യം സൗദി ചേംബർ ഓഫ് കൊമേഴ്‌സ് മേധാവി അജ്‌ലാൻ അൽ-അജ്‌ലാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ, “തുർക്കി ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കുക” എന്ന അറബി ഹാഷ്‌ടാഗും വൻതോതിൽ പ്രചാരം നേടി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA