ADVERTISEMENT

ദുബായ് ∙ കോവിഡ് സാഹചര്യത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലകളിലടക്കം സഹകരണം ശക്തമാക്കി ഗൾഫ് രാജ്യങ്ങൾ. വിവിധ മേഖലകളിലെ വെല്ലുവിളി നേരിടാൻ സംയുക്ത പദ്ധതികൾക്കു തുടക്കമിടും. യുവജനങ്ങൾക്കു കൂടുതൽ അവസരങ്ങളൊരുക്കുക, പുതിയ സംരംഭകരെ ആകർഷിക്കുക, നിക്ഷേപാനുകൂല സാഹചര്യമൊരുക്കുക, സംയുക്ത ഗവേഷണം ആരംഭിക്കുക  എന്നിവ  പദ്ധതികളിൽ  ഉൾപ്പെടുന്നു.

വിദ്യാഭ്യാസ രംഗത്തു സമഗ്ര മാറ്റത്തിനു വഴിയൊരുക്കാനും ജിസിസി വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രിമാരുടെ യോഗത്തിൽ ധാരണയായി. കോവിഡിനെ തുടർന്നു വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകൾ വൻ വെല്ലുവിളിയാണു നേരിടുന്നതെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രി   ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി. അറിവുകൾ പങ്കുവയ്ക്കുന്നതിനൊപ്പം ഓരോ രംഗത്തും വൈദഗ്ധ്യം നേടണം.

കോവിഡിനു ശേഷമുള്ള കാലഘട്ടത്തിൽ മാറ്റങ്ങളിലൂടെ മാത്രമേ  മുന്നേറാനാകു. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര മാറ്റം ഇതിൽ പ്രധാനം. 2017ൽ രൂപം നൽകിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ കൂടുതൽ കാര്യങ്ങൾ  ഉൾപ്പെടുത്തും. വിവിധ ഗവേഷണ ഫലങ്ങളുടെയും പഠന റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാകും ഇതെന്നും വ്യക്തമാക്കി.

പദ്ധതികൾ എന്ത്, എങ്ങനെ

∙ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക, പദ്ധതികൾ ആസൂത്രണം ചെയ്യുകയും സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്യുക  തുടങ്ങിയ കാര്യങ്ങൾക്കു പുതിയ തലമുറയെ പ്രാപ്തമാക്കും.

∙ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ആരംഭിക്കുക. റോബട്ടിക്സ്, നിർമിത ബുദ്ധി ലാബുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെ സ്കൂളുകൾ.

∙ നിർമിതബുദ്ധിയുടെ (എഐ) സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുക.     

∙ നൂതന സാങ്കേതിക വിദ്യകൾ പാഠ്യപദ്ധതിയിൽ  ഉൾപ്പെടുന്നതോടെ പുതിയ തൊഴിലവസരങ്ങൾ.

∙ ശാസ്ത്ര- സാങ്കേതികം, കൃഷി, മൃഗപരിപാലനം, മാനേജ്മെന്റ്, ബഹിരാകാശ- സമുദ്ര ഗവേഷണം തുടങ്ങിയ എല്ലാ മേഖലകളെക്കുറിച്ചും പഠനം.

ഉന്നത വിദ്യാഭ്യാസ  മേഖലയുടെ വളർച്ച അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തിന് കോവിഡ് തടസ്സമായി. പല പദ്ധതികളും പൂർത്തിയാക്കാൻ താമസം നേരിട്ടു. മൊത്തം വികസന പ്രക്രിയയെയാണ് ബാധിച്ചത്. മുന്നേറ്റത്തിനു കരുത്തേകാൻ നൂതന സാങ്കേതിക വിദ്യകൾ അനിവാര്യമാണ്-ജനറൽ ഡോ. നായിഫ് അൽ ഹജ്റഫ് ജിസിസി സെക്രട്ടറി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com