ADVERTISEMENT

ദോഹ ∙ തകർപ്പൻ പോരാട്ടങ്ങൾക്കിടെ കളിക്കളത്തിൽ വിശ്രമത്തിന്റെ വിസിൽ മുഴങ്ങുമ്പോഴേയ്ക്കും ഖത്തറിന്റെ താരങ്ങളുടെ വിളിപ്പുറത്തുണ്ടായിരുന്നു വടകരക്കാരൻ അബ്ദുറഹ്മാൻ ചന്ദ്രോത്ത് എന്ന ടീം കിറ്റ്മാൻ. കഴിഞ്ഞ 40 വർഷമായി ഖത്തർ ദേശീയ ഫുട്‌ബോൾ താരങ്ങളുടെ നിഴലായി ഗോൾ മഴയും പെനൽറ്റി ഷൂട്ടൗട്ടുകളും ജയപരാജയങ്ങളും നേരിട്ട് അനുഭവിച്ചറിഞ്ഞ വടകര പുറമേനി മുതുവടത്തൂർ സ്വദേശിയായ അബ്ദുറഹ്മാൻ നാട്ടിലേക്ക് മടങ്ങുകയാണ്. 2022 ലോകകപ്പിലും ദേശീയ ടീമിന്റെ കിറ്റ്മാൻ ആയി തുടരണമെന്നാണ് അബ്ദുറഹ്മാൻ ആഗ്രഹിച്ചതെങ്കിലും വയസ്സ് സമ്മതിച്ചില്ല. 60 വയസ്സ് പൂർത്തിയാകുന്നവർക്കു സർക്കാർ സർവീസിൽ തുടരാനാകില്ലെന്നതാണ് കാരണം. സ്വദേശികളും കളിക്കാരും പരിശീലകരുമൊക്കെയുള്ള വലിയ സൗഹൃദ വലയത്തിന്റെ ഉടമയായാണ് അബ്ദുവിന്റെ മടക്കം.

അണ്ടർ 19ൽ തുടക്കം

1980ൽ ഫ്രീ വീസയിലെത്തി ഖത്തർ ഫുട്‌ബോൾ അസോസിയേഷന്റെ അണ്ടർ 19 ദേശീയ ടീമിനൊപ്പം കിറ്റ്മാൻ ആയി തുടക്കം. അന്നു മുതൽ പ്രാദേശിക, മേഖലാ, രാജ്യാന്തര മത്സരങ്ങളിൽ താരങ്ങൾക്ക് തൊട്ടടുത്ത് നിന്ന് മത്സര ചൂടറിഞ്ഞു. ഖത്തറിന്റെ ദേശീയ ടീമുകൾക്കൊപ്പം അബ്ദുറഹ്മാൻ സഞ്ചരിക്കാത്ത രാജ്യങ്ങൾ കുറവ്. നെയ്മർ ഉൾപ്പെടെയുള്ള മിക്ക ഫുട്‌ബോൾ ഇതിഹാസങ്ങളെയും നേരിട്ട് കാണാനും പരിചയപ്പെടാനും ഭാഗ്യം ലഭിച്ച നിമിഷങ്ങളും ധാരാളം. അടുത്തിടെ ഉസ്‌ബെക്കിസ്ഥാനിൽ നടന്ന അണ്ടർ 19, ബഹ്‌റൈനിൽ നടന്ന അണ്ടർ 16 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളോടെയാണ് കിറ്റ്മാന്റെ കുപ്പായം അഴിച്ചത്.

നെയ്മറെ വിട്ടൊരു കളിയില്ല
 
നെയ്മറാണ് അബ്ദുറഹ്മാന്റെ ഇഷ്ടതാരം. നെയ്മർ കഴിഞ്ഞാൽ ഖത്തറിന്റെ ദേശീയ ടീം ക്യാപ്റ്റൻ ഹസൻ അൽ ഹെയ്‌ദോസും കേരളത്തിന്റെ ഐ.എം.വിജയനും മനസ്സിലുണ്ട്. പരിശീലകരിൽ ഖത്തറിന്റെ മുൻ പരിശീലകൻ എവറിസ്റ്റോ ഡി മെക്കെഡോയാണ് താരം. ഫെലിക്‌സ് സാൻചെസ്, ചാവി ഹെർനാണ്ടസ് ഇവരൊക്കെ അബ്ദുറഹ്മാന്റെ ഇഷ്ട പരിശീലകർ എങ്കിലും ഗ്രൗണ്ടിൽ കളിക്കാർക്കൊപ്പം ഇറങ്ങി കളിച്ച് തന്ത്രങ്ങൾ പയറ്റി കാണിച്ചു കൊടുക്കുന്ന മെക്കെഡോയുടെ ശൈലിയാണ് അബ്ദുവിന്റെ മനസ്സിനെ പിടിച്ചിരുത്തിയ പരിശീലനശൈലി. 40 വർഷത്തിനിടെ അധികൃതരുടെയും കളിക്കാരുടെയും ഊഷ്മളമായ സൗഹൃദവും സഹകരണവും വിവേചനമില്ലാതെയുള്ള പെരുമാറ്റവും സഹോദര സ്‌നേഹവും അനുഭവിക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് മടക്കം. മകൻ മുഹമ്മദും അച്ഛന്റെ പാതയിൽ ഖത്തർ ഫുട്‌ബോൾ അസോസിയേഷനിൽ കിറ്റ്മാൻ ആണ്. ഭാര്യ സുലേഖയ്ക്കും പെൺമക്കളായ റുക്‌സാന, റുബീന, ആയിഷ എന്നിവർക്കുമൊപ്പം ഇനി നാട്ടിൽ തന്നെയെങ്കിലും 2022ൽ ഖത്തർ ലോകകപ്പ് കാണാൻ മടങ്ങിയെത്തും.അതിനിടയിൽ  ഐ.എം.വിജയനുമായി ചേർന്ന് കുട്ടികൾക്കായി ഫുട്‌ബോൾ പരിശീലന അക്കാദമിയാണ് തുടങ്ങുകയാണ് അബ്ദുറഹ്മാന്റെ സ്വപ്നം.

അന്ന് മഴ പെയ്തില്ലായിരുന്നെങ്കിൽ....

1981ൽ ഓസ്ട്രേലിയയിൽ നടന്ന ഫിഫ ലോക യൂത്ത് ചാംപ്യൻഷിപ്പിൽ ബ്രസീലിനെ രണ്ടിനെതിരെ 3 ഗോളുകൾക്ക് തോൽപിച്ച് ഖത്തറിന്റെ അണ്ടർ-19 ദേശീയ ടീം രണ്ടാം സ്ഥാനം നേടിയതാണ് അബ്ദുറഹ്മാന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനം. മധ്യപൂർവ ദേശത്ത് നിന്ന് അണ്ടർ 19 ലോകകപ്പിന്റെ മുൻനിര സ്ഥാനത്തെത്തിയ ആദ്യ രാജ്യമായി ഖത്തർ. തിരികെ ദോഹ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ കിറ്റ്മാൻ ഉൾപ്പെടെയുള്ള എല്ലാവരെയും അലങ്കരിച്ച 40 കാറുകളിലായി കോർണിഷിലൂടെ ഖലീഫ സ്റ്റേഡിയത്തിലെത്തിച്ച് താരപ്പൊലിമയിൽ സ്വീകരണം. അന്ന് ഓസ്ട്രേലിയയിൽ മഴ പെയ്തില്ലായിരുന്നെങ്കിൽ ഖത്തർ ലോകകപ്പ് സ്വന്തമാക്കിയേനെ എന്ന് അടിയുറച്ച് വിശ്വസിക്കുന്ന ആളാണ് അബ്ദുറഹ്മാൻ. അണ്ടർ 23യിൽ മലേഷ്യയിൽ നടന്ന മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലൂടെയുള്ള ഖത്തറിന്റെ വിജയവും അബ്ദുവിന്റെ മനസ്സില്‍ ഇപ്പോഴും പതിഞ്ഞുകിടപ്പുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com