ADVERTISEMENT
ദോഹ ∙ രാജ്യത്തെ ഏറ്റവും നീളമേറിയ പാലം ഗതാഗതത്തിനായി തുറന്നു. സബാഹ് അൽ അഹമ്മദ് കോറിഡോർ പദ്ധതിയിലെ രാജ്യത്തിന്റെ നീളമേറിയ പാലം ഉൾപ്പെടുന്ന അൽ വാബ്, മുറൈഖ് ഇന്റർചേഞ്ചുകൾ നവീകരണത്തിന് ശേഷം ഗതാഗതത്തിന് തുറന്നതോടെയാണിത്. 8 പാലങ്ങളും 2 പ്രധാന ഗതാഗത സിഗ്‌നലുകളും ഉൾപ്പെടുന്ന രണ്ട് മൾട്ടി ലവൽ ഇന്റർസെക്‌ഷനുകളാണ് അൽ വാബ് ഇന്റർചേഞ്ചിലുള്ളത്.

ഗതാഗതത്തിന് തുറന്നവ
 
∙ രാജ്യത്തെ ഏറ്റവും നീളമേറിയ, അൽ വാബ്, മുറൈഖ് ഇന്റർചേഞ്ചുകളിലേക്ക് വ്യാപിച്ചു കിടക്കുന്ന അൽ മുകഫഹ ഇന്റർചേഞ്ച് വരെ നീളുന്ന 2.6 കിലോമീറ്റർ പാലം.

∙ അൽ വാബ് ഇന്റർചേഞ്ചിൽ അൽ വാബ് സ്ട്രീറ്റിനേയും മൈതറിൽ നിന്ന് അൽ റയ്യാനിലേക്കുമുള്ള പാതയേയും ബന്ധിപ്പിക്കുന്ന  1,140 മീറ്റർ നീളമുള്ള പുതിയ മേൽപാലം.

∙ അൽ വാബ് സ്ട്രീറ്റിൽ അൽ സദ്ദ്, ദോഹ എക്‌സ്പ്രസ് വേ എന്നിവിടങ്ങളിൽ നിന്നുള്ള  ഗതാഗതം അൽ വാബ്, സൽവ റോഡ് എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന 740 മീറ്റർ മേൽപാലം.

∙ അൽവാബ്, മുറൈഖ് ഇന്റർചേഞ്ചുകളിലേക്കുള്ള പ്രവേശനവും എക്‌സിറ്റും സുഗമമാക്കുന്നതിനുള്ള 5 പാലങ്ങൾ.

നേട്ടങ്ങൾ അറിയാം

∙ നീളമേറിയ പാലം തുറന്നതോടെ ഇരുവശങ്ങളിലേക്കും നാലു വരി പാതകളുള്ള പാലത്തിലൂടെ സൽവ റോഡ്, അൽ വാബ് എന്നിവിടങ്ങളിൽ നിന്ന് അൽ റയ്യാൻ, അൽ റയ്യാൻ റോഡിലേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാകും.

∙ ഗതാഗത സിഗ്നലിൽ നിന്ന് മൂന്ന് നിരപ്പായുള്ള ഇന്റർചേഞ്ചാക്കി അൽ വാബ് ഇന്റർചേഞ്ച് തുറന്നതോടെ എല്ലാ സ്ഥലങ്ങളിലേക്കും മെട്രോ സ്‌റ്റേഷനുകളിലേക്കുമുള്ള യാത്ര എളുപ്പമായി. ദോഹ എക്‌സ്പ്രസ് വേ, സൽവ റോഡ്, സബാഹ് അൽ അഹമ്മദ് കോറിഡോർ യാത്ര ഉഷാർ.

∙ രണ്ട് നിരപ്പായുള്ള ഇന്റർസെക്‌ഷനാക്കി മാറ്റിയതോടെ അൽ വാബ് സ്ട്രീറ്റിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ മുറൈഖ് ഇന്റർചേഞ്ചിന് കഴിയും. ദോഹ എക്‌സ്പ്രസ് വേയിൽ നിന്ന് സബാഹ് അല് അഹമ്മദിലേക്കും അൽ ഖുഫൗസ്, അൽ ഫുറൗസിയ സ്ട്രീറ്റുകളേയും ബന്ധിപ്പിക്കുന്നതാണിത്. കോറിഡോറിൽ നിന്ന് അൽ റയ്യാൻ റോഡിലേക്ക് ബന്ധിപ്പിക്കുന്ന അൽ മുകഫഹ ഇന്റർചേഞ്ചുമായി ബന്ധിപ്പിച്ചുള്ളതായതിനാൽ ദോഹ എക്‌സ്പ്രസ് വേ, 22 ഫെബ്രുവരി സ്ട്രീറ്റ് എന്നിവിടങ്ങളിലെ സമാന്തര ഗതാഗതം കുറയ്ക്കാനും കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com