ADVERTISEMENT

ദുബായ് ∙ പിങ്ക് കാരവൻ ഉൾപ്പെടെയുള്ള ബോധവൽക്കരണം  ഊർജിതമായതോടെ സ്തനാർബുദം ഭേദമാകുന്നവരുടെ എണ്ണം കൂടുന്നു. രോഗത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ പരിശോധന നടത്തി  കുറഞ്ഞ ചെലവിൽ രോഗം പൂർണമായും ഭേദമാക്കാമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. സ്തനാർബുദ തോത്  ഓരോ വർഷവും കുറയുന്നതായി  പിങ്ക് കാരവന്റെ ചുമതലയുള്ള റീം ബിൻത് കരം പറഞ്ഞു.

ഈ വർഷം 11,077 പരിശോധന നടത്തിയതിൽ 5  പേർക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം 11.  പ്രതിവർഷം 7,000ൽ ഏറെ സ്താനാർബുദ പരിശോധനകൾ നടത്തുന്നു. എല്ലാ പ്രായത്തിലുമുള്ളവർ പരിശോധനയ്ക്ക് എത്തുന്നത് വലിയ മാറ്റമാണ്. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാനും ബോധവൽക്കരണം സഹായിച്ചു.

പിങ്ക് കാരവൻ തുടങ്ങിയ 2011 മുതൽ ഇതുവരെ 46,000 പേർ പരിശോധനയ്ക്കു വിധേയമായി. ഫ്രണ്ട് ഓഫ് കാൻസർ പേഷ്യന്റ്സിന്റെ സഹകരണത്തോടെ വിവിധ എമിറേറ്റുകളിൽ പര്യടനം നടത്തുന്ന പിങ്ക് കാരവനിൽ എല്ലാ രാജ്യക്കാരുടെയും സജീവ പങ്കാളിത്തമുണ്ട്. രോഗം മാറിയവരുടെ പങ്കാളിത്തമാണു മറ്റൊരു പ്രത്യേകത.  വിവിധ കേന്ദ്രങ്ങളിൽ സൗജന്യ പരിശോധന നടത്തി വിദഗ്ധ ഡോക്ടർമാർ മാർഗനിർദേശ‌വും നൽകുന്നു.

അവഗണന അപകടകരം

malini
ഡോ. മാലിനി വിജയൻ

ജീവിത രീതികളും   ഭക്ഷണശീലങ്ങളാണ് സ്തനാർബുദത്തിനുള്ള പ്രധാന കാരണമെന്നു അജ്മാൻ ആമിന ആശുപത്രി ഗൈനക്കോളജി വിഭാഗം ഡോക്ടർ മാലിനി വിജയൻ. അമിത മാംസോപയോഗം, മദ്യപാനം, അമിതവണ്ണം തുടങ്ങിയവ കാരണമായേക്കാം. രോഗലക്ഷണങ്ങൾ അവഗണിക്കരുത്. വിദഗ്ധ പരിശോധന നടത്തണം. ഫൈബ്രോയ്ഡുകളും (ഗർഭാശയ മുഴകൾ) പൊതുവേ കാണപ്പെടുന്ന രോഗമാണ്.

45–  55നും ഇടയിൽ  പ്രായമുള്ളവരിലാണ് കൂടുതലായി സ്തനാർബുദം കാണുന്നത്. പുരുഷന്മാരെയും  ബാധിക്കാം. മുലയൂട്ടുന്നവരിൽ രോഗസാധ്യത കുറവാണ്. 5  മുതൽ 10% പേരിൽ മാത്രമാണ് പാരമ്പര്യമായി ഈ രോഗം കണ്ടുവരുന്നത്.മാമോഗ്രാം പരിശോധന ശരീരത്തിന് ഹാനികരമല്ല. ഇതിൽ ചെറിയ അളവിൽ മാത്രമാണ്  റേഡിയേഷൻ. യഥാസമയം രോഗം കണ്ടെത്താൻ വിദഗ്ധ പരിശോധന ആവശ്യമാണ്.

മാറ്റാം, തെറ്റിദ്ധാരണകൾ

∙ ചെറുപ്പക്കാർക്കും ആർത്തവ വിരാമം വന്നവർക്കും സ്തനാർബുദം പിടിപ്പെടാം.  മുഴകളും തടിപ്പുകളും നിസ്സാരമായി തള്ളരുത്. സ്തനങ്ങൾക്കു സമീപവും രോഗം ബാധിക്കാം.

∙ എല്ലാ തടിപ്പും മുഴയും കാൻസർ ആകണമെന്നില്ല. 80% ചെറുമുഴകളും അപകടകാരിയല്ല.  എന്നാൽ ഇതെല്ലാം ഉറപ്പിക്കാൻ വിദഗ്ധ പരിശോധന വേണം.

∙ ഒരിക്കൽ ചികിത്സ പൂർത്തിയാക്കിയാൽ രോഗം വീണ്ടും വരില്ലെന്നു കരുതരുത്. കൃത്യമായ ഇടവേളകളിൽ തുടർപരിശോധനകൾ നടത്തണം.

∙ സ്തനങ്ങളിൽ  അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ പുരുഷന്മാരും പരിശോധന നടത്തണം.

∙ ശസ്ത്രക്രിയ കൊണ്ട്  രോഗം മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കില്ല. കാൻസർ കോശങ്ങൾ നേരിയ തോതിലെങ്കിലും മറ്റിടങ്ങളിൽ ബാധിച്ചാൽ വീണ്ടും രോഗമുണ്ടാകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com