ADVERTISEMENT

അബുദാബി∙ നിയമനം നൽകാൻ സ്വകാര്യ കമ്പനികൾ നടത്തുന്ന കൂടിക്കാഴ്ചകൾക്കു സർക്കാർ  മേൽനോട്ടം വഹിക്കണമെന്നു സ്വദേശി തൊഴിലന്വേഷകർ ആവശ്യപ്പെട്ടു. നിയമനമെന്ന പേരിലുള്ള പല ഇന്റർവ്യൂകളും നാമമാത്രമാണെന്നാണ് ആരോപണം.

സ്വദേശിവൽക്കരണത്തിനു സന്നദ്ധത അറിയിച്ച കമ്പനികൾ പോലും പേരിനു മാത്രം ഇന്റർവ്യൂ നടത്തി നിയമനം നൽകാതിരിക്കുന്നുണ്ടെന്നു സ്വദേശി ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി. താൽപര്യപൂർവം ഇന്റർവ്യൂവിനു ഹാജരാകുന്നവരെ നിയമനവുമായി ബന്ധപ്പെട്ട തുടർ നടപടികൾക്ക് വിളിക്കാറില്ല. അധികൃതരുടെ കണ്ണിൽ പൊടിയിടുക മാത്രമാണ് ഇത്തരം കൂടിക്കാഴ്ചകളുടെ താൽപര്യം. അതു കൊണ്ടു നിയമനം ലക്ഷ്യമിട്ടു സ്വകാര്യ കമ്പനികൾ നടത്തുന്ന വ്യക്തിഗത നിയമന കൂടിക്കാഴ്ചകൾ സർക്കാരിന്റെ മേൽ നോട്ടത്തിലാക്കണമെന്നാണു നിയമനം കാത്തുകഴിയുന്ന സ്വദേശികൾ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.

ബിരുദവും ബിരുദാനന്തര ബിരുദവും തൊഴിൽ പരിചയവുമുള്ള സ്വദേശികളുടെ അപേക്ഷകൾ നിരസിക്കുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്നുണ്ട്. ഇന്റർവ്യൂ കഴിഞ്ഞാൽ പലർക്കും സ്ഥാപനങ്ങളിൽ നിന്നും ഒരു ടെലിഫോൺ വിളിയോ പ്രതികരണമോ ലഭിക്കുന്നില്ല. മന്ത്രാലയം സംഘടിപ്പിക്കുന്ന തൊഴിൽ തസ്തിക പ്രദർശന മേളയിൽ മെച്ചപ്പെട്ട ജോലിയും വേതന വ്യവസ്ഥകളും വാഗ്ദാനം ചെയ്യുമെങ്കിലും ഇതിൽ പലതും  യാഥാർഥ്യവൽക്കരിക്കാറില്ലെന്നും തദ്ദേശീയരായ തൊഴിലന്വേഷകർ പറയുന്നു. 

സ്വകാര്യ സ്ഥാപനങ്ങളിൽ 5 ഇന്റർവ്യൂ വരെ കഴിഞ്ഞ് നിയമനം പ്രതീക്ഷിച്ചവർക്കും നിരാശയാണുണ്ടായത്. കുറഞ്ഞ വേതനമോ താഴ്ന്ന തസ്തികയോ കാണിച്ച് സ്വയം പിൻവലിയാൻ സ്വദേശികളെ പ്രേരിപ്പിക്കുന്ന കമ്പനികളുമുണ്ടെന്ന് ഇവർ വെളിപ്പെടുത്തി. ഇത്തരം സാഹചര്യങ്ങൾ വിലയിരുത്തി സ്വദേശി യുവാക്കളുടെ നിയമനം നിരസിക്കാനുള്ള കാരണങ്ങൾ പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com