ADVERTISEMENT

അബുദാബി ∙ യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാൻ കോവിഡ്19 വാക്സ‌ീൻ സ്വീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം വാക്സീൻ സ്വീകരിക്കുന്ന ചിത്രം സഹിതം ട്വീറ്റ് ചെയ്തത്. മെഡിക്കൽ ജീവനക്കാർക്കും വാക്സീൻ വിദഗ്ധർക്കും അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ നന്ദി പറഞ്ഞു. എല്ലാവരും സുരക്ഷിതരായിരിക്കട്ടെ എന്നാശംസിച്ചു.

ഈ മാസം 16ന് യുഎഇ വിദേശകാര്യ–രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ വാക്സിൻ സ്വീകരിച്ചിരുന്നു. കൊറോണ വാക്സീനേഷൻ നമ്മൾ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരുന്നതിന് പാതയൊരുക്കലാണെന്ന് അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തിരുന്നു.

യുഎഇ ആരോഗ്യ–രോഗപ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഉവൈസ്, ദേശീയ അടിയന്തര നിവാരണ വിഭാഗം ഡയറക്ടർ ജനറൽ ഉബൈദ് അൽ ഷംസി, സാംസ്കാരിക–യുവ കാര്യ മന്ത്രി നൗറ അൽ കഅബി, എക്സിക്യുട്ടീവ് അംഗവും അബുദാബി എക്സിക്യുട്ടീവ് ഓഫീസ് ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരാണ് ഇതിനകം വാക്സീൻ സ്വീകരിച്ച മറ്റു പ്രമുഖർ. 

Sheikh-Abdullah-bin-Zayed-Al-Nahyan-Noura-Al-Kaabi
യുഎഇ വിദേശകാര്യ–രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, സാംസ്കാരിക–യുവ കാര്യ മന്ത്രി നൗറ അൽ കഅബി എന്നിവർ കോവിഡ് വാക്സീൻ സ്വീകരിക്കുന്നു.

പ്രതീക്ഷയോടെ വാക്സീൻ പരീക്ഷണം

കഴിഞ്ഞ മാസം യുഎഇ അടിയന്തര ഘട്ടത്തിൽ യുഎഇയിൽ പരീക്ഷണം തുടരുന്ന കോവി‍ഡ് വാക്സീൻ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിക്കുന്ന വാക്സീൻ ക്ലിനിക്കൽ പരീക്ഷണത്തിന്റെ മൂന്നാമത്തേയും അവസാനത്തേയും ഘട്ടത്തിലാണ്. മലയാളികളടക്കം 31,000 ത്തിലേറെ പേരാണ് വാക്സീൻ പരീക്ഷണത്തിന് തയാറായിട്ടുള്ളത്. ഇതുവരെ എല്ലാവരും സുരക്ഷിതരും ഫലം ശുഭപ്രതീക്ഷ നൽകുന്നതുമാണെന്ന് അധികൃതർ പറഞ്ഞു. 

യുഎഇ ആരോഗ്യ–രോഗപ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഉവൈസ് കോവിഡ് 19 വാക്സീൻ ആദ്യ ഡോസ് സ്വീകരിക്കുന്നു.
യുഎഇ ആരോഗ്യ–രോഗപ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഉവൈസ് കോവിഡ് വാക്സീൻ സ്വീകരിക്കുന്നു.

കോവിഡ് മുന്നണിപ്പോരാളികൾക്കാണ് ഇതിനകം വാക്സീൻ നൽകിയിരിക്കുന്നത്. ചില ഉന്നതോദ്യോഗസ്ഥരും വാക്സീൻ സ്വീകരിച്ചു. റഷ്യയുടെ കോവി‍ഡ് വാക്സീനായ സ്പുട്നിക്കിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് യുഎഇ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com