ADVERTISEMENT

ദുബായ്∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആദ്യനാൾ മുതൽ സജീവമായ സന്നദ്ധ പ്രവർത്തകൻ എ. എസ്. ദീപുവിന്റെ ഫോണിലേക്ക് ഇപ്പോഴും നന്ദി സന്ദേശങ്ങൾ എത്തുകയാണ്.  ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയതിന്, ആഹാരവുമായി എത്തിയതിന്, പുതിയ താമസയിടം ഒരുക്കിയതിന്...ഇങ്ങനെ നീണ്ടുപോകുന്നു അവ. ഒപ്പം ദുബായ് പൊലീസിന്റെയും വതാനി അൽ ഇമറാത്ത് ഫൗണ്ടേഷന്റെയും ആദരവും ദീപുവിനെ തേടിയെത്തി.

സഹജീവികളോട് കാണിച്ച സ്നേഹത്തിന് നിരവധി സംഘടനകളും ദീപുവിനോട് ഇന്നും നന്ദി അറിയിക്കുന്നു. അക്കാഫ് വൊളന്റിയർ ഗ്രൂപ്പിന്റെയും തിരുവനന്തപുരം എൻജിനീയറിങ് കോളജ് പൂർവവിദ്യാർഥി കൂട്ടായ്മ സീറ്റയുടെയും സജീവ പ്രവർത്തകനാണ് ദീപു. കൊല്ലം അഞ്ചൽ ഏരൂർ വൈശാഖത്ത്  ദീപു ദുബായിൽ വ്യവസായിയാണ്. 

deepu
എ.എസ് ദീപു

ഇടയ്ക്കിടെ പിണങ്ങുന്ന നടുവിന്റെ ഡിസ്കുമായാണ് കോവിഡിന്റെ എല്ലാ റിസ്കുമെടുത്ത് ദീപു ആദ്യനാൾ മുതൽ സജീവമായി രംഗത്തിറങ്ങിയത്. ഓടിയോടി നടുവ് വല്ലാതെ പിണങ്ങിയപ്പോൾ രണ്ടാഴ്ച മുമ്പ് കിടപ്പിലുമായി. പക്ഷേ അപ്പോഴും ഒരു ഫോൺ വിളിയിൽ പലർക്കും സഹായമെത്തി. വിവിധ സഹായങ്ങളുടെ രൂപത്തിൽ ആ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നു.
    
നായ്ഫിൽ തുടങ്ങി

നായ്ഫ് പ്രദേശത്ത് കാസർകോട് നിന്നുള്ളവർക്ക് കോവിഡ് ബാധിച്ചെന്ന സന്ദേശമാണ് ആദ്യമെത്തിയത്. നാട്ടിൽ പോയവർ അവിടെയും കോവിഡ് ബാധയ്ക്കു കാരണമായെന്ന വാർത്ത വന്നതോടെ തികഞ്ഞ ഗൗരവമായാണ് കാര്യങ്ങളെ കാണേണ്ടതെന്ന് ദീപുവിന് മനസ്സിലായി. പക്ഷേ അപ്പോഴും എവിടെത്തുടങ്ങണമെന്ന് അറിയാത്ത അവസ്ഥ. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുമായി ബന്ധപ്പെട്ടതോടെ മെല്ലെ  രംഗത്തിറങ്ങി. നൗഷാദ്, മുനീർ,ബുഹാരി, സക്കറിയ, നസീഫ്,ജാബിർ, സബ,ബിന്ദു എന്നിവരുടെ ഒരു സംഘമായി മുന്നോട്ടു പോയി. ഏപ്രിൽ ഒന്നിന് കോവിഡ് പരിചരണത്തിനായി കണ്ടു വച്ച വർസാനിലേക്ക് സംഘം എത്തി. മൂന്നു ദിവസം മുഴുവൻ അവിടുത്തെ ജോലികളിൽ ഏർപ്പെട്ടു. പിന്നീട് നായ്ഫ് പൊലീസ് സ്റ്റേഷന്റെ മുന്നിൽ നിന്ന് പൊലീസ് സഹകരണത്തോടെ രോഗം  രൂക്ഷമായ  നായ്ഫിലെ താമസ ഇടങ്ങളിലേക്ക് പോയി.  രോഗികളെ ആർടിഎയുടെ വാഹനത്തിൽ എത്തിക്കുന്ന ജോലി. മലയാളി സമൂഹവുമായി ബന്ധപ്പെടാൻ പൊലീസിന് ദീപുവിനെപ്പോലുള്ളവരുടെ സഹായം ഗുണകരമായി. മുഹമ്മദലി പാറക്കടവിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കെ.എംസിസി,എംഎസ്എസ്, അക്കാഫ് വൊളന്റിയർ ഗ്രൂപ്പ്, ഓർമ, നോർക്ക തുടങ്ങിയവരെല്ലാം വിവിധ മേഖലകളിൽ സജീവമായി.

വർസാനിലേക്കും ക്യാംപുകളിലേക്കും

പിന്നീട് വീടുകളിൽ നിന്ന് കോവിഡ് ബാധിതരെ  വർസാനിൽ എത്തിക്കുന്ന ജോലിയായി. ഇതിനിടെ വയോധികർക്ക് വീടുകളിലെത്തി മരുന്നും ആഹാരവും നൽകുന്ന സർക്കാർ പദ്ധതിക്കൊപ്പവും ചേർന്നു. രാവിലെ ആറിന് വീട്ടിൽ നിന്നിറങ്ങി പലപ്പോഴും പുലർച്ചെ രണ്ടിനും മൂന്നിനും മാത്രം വീട്ടിൽ കയറിയ ദിനങ്ങൾ. ഇങ്ങനെ മൂന്നു മാസത്തോളം ഓടി.

ഇതിനിടെ അക്കാഫ് വൊളന്റിയർ ഗ്രൂപ്പിന്റെ സജീവ സഹായത്തോടെ രോഗികളുടെ ഡേറ്റ ഉൾപ്പെടെ തയാറാക്കി പൊലീസിനെയും ആരോഗ്യ വകുപ്പിനെയും സഹായിക്കാനും മുന്നിൽനിന്നു. അക്കാഫ് വൊളന്റിയർ ഗ്രൂപ്പിന്റെ ചുമതലയിൽ അൽഖൂസ്, സോനാപൂർ, സത്വ, ജബൽ അലി എന്നിവിടങ്ങളിൽ കോവിഡ് പരിശോധനാ കേന്ദ്രങ്ങളും തുറന്നു. ഇരുപതിനായിരം പേർക്കു മുകളിൽ ഇവിടെ പരിശോധന നടത്തി. ഇവിടെല്ലാം സജീവമായി ഇടപെട്ട ദീപു ലേബർ ക്യാംപുകളിൽ പ്രചാരണ രംഗത്തും പോയി. പലരുടെയും ദയനീയ അവസ്ഥ കണ്ട കണ്ണുനിറഞ്ഞ നിരവധി സന്ദർഭങ്ങളുണ്ടെന്ന് ദീപു.

നായ്ഫിൽ ഒരു മുറിയിൽ നിന്ന് കോവിഡ് ബാധിച്ചയാളി രാത്രിയോടെ കൂട്ടുകാർ പുറത്താക്കി. പിറ്റേന്ന് ഉച്ചയോടെ ഫോൺ വിളിയെത്തുമ്പോഴും പൊരിവെയിലത്ത് തളർന്നു നിൽക്കുന്ന രോഗിയെയാണ് കണ്ടത്. ഭക്ഷണം വെള്ളവുമില്ലാതെ തളർന്നുപോയി ആ മനുഷ്യൻ. ഹോർലാൻസിൽ ജോലി നഷ്ടപ്പെട്ട വീട്ടു ജോലിക്കാരുടെ അവസ്ഥയും ദയനീയമായിരുന്നു. പെരുവഴിയിലായ ഇവർക്ക് നാട്ടിലേക്ക് വിമാന സർവീസ് ആരംഭിക്കുന്ന നാൾവരെയും പാർപ്പിടം  ഒരുക്കാനും പിന്നീട് സൗജന്യമായി നാട്ടിലെത്തിക്കാനും കഴിഞ്ഞതിൽ സന്തോഷിക്കുകയാണ് ദീപു.

 
ഏതായാലും ദുബായ് പൊലീസ് തലവൻ നേരിട്ട് അഭിനന്ദിച്ചതിനൊപ്പം അവരുടെ യോഗത്തിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചതും മറക്കാനാവില്ലെന്ന് ദീപു പറയുന്നു. ഇതു പോലെ സന്നദ്ധപ്രവർത്തകർക്ക് പ്രവർത്തിക്കാൻ അവസരവും ആദരവും നൽകിയാൽ പലതും നമ്മുടെ നാട്ടിലും സാധ്യമാണെന്നു ദീപു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com