ADVERTISEMENT

അബുദാബി∙ ഇ–ലേണിങ് തുടങ്ങിയ ശേഷം കണ്ണാശുപത്രിയിൽ എത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ 25% വർധന. വിദ്യാർഥികളിൽ ഭൂരിഭാഗം പേരുടെയും കണ്ണടയുടെ പവർ കൂട്ടി. വിശ്രമമില്ലാതെ മണിക്കൂറുകളോളം സ്ക്രീനിനു മുന്നിൽ ഇരിക്കുന്നതാണ് കുട്ടികളിൽ കാഴ്ചക്കുറവിനുള്ള പ്രധാന കാരണമെന്ന് ഡോക്ടർമാർ.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്കൂൾ അടച്ചതോടെയാണ് ഇ–ലേണിങ് തുടങ്ങിയത്. അതുവരെ വിനോദത്തിനു മാത്രം  ഉപയോഗിച്ചിരുന്ന  കംപ്യൂട്ടറും മറ്റും  പഠനത്തിന്റെ ഭാഗമായതോടെ കണ്ണിന്റെ ജോലി കൂടി. ദിവസേന കുറഞ്ഞത് 5 മണിക്കൂർ ഇ–ലേണിങ് ക്ലാസ് ഉണ്ട്. കൂടാതെ അസൈന്‍മെന്റിനും പരീക്ഷയ്ക്കുമെല്ലാം ഓൺലൈനിനെ തന്നെ ആശ്രയിക്കേണ്ടിവന്നതും സ്ക്രീനിൽ നോക്കുന്ന സമയം കൂട്ടി. ഇതും  കാഴ്ചയെ ബാധിക്കാൻ കാരണമായി.

ആയാസമില്ലാതെ നോക്കാം

ലാപ്ടോപ്, ടാബ്, ഫോൺ എന്നിവ ഏതുമാകട്ടെ കുറഞ്ഞത് 35 സെന്റീമീറ്റർ അകലത്തിൽ വയ്ക്കണം. സ്ക്രീൻ കണ്ണിനെക്കാൾ അൽപം താഴെ വയ്ക്കുന്നത് കാഴ്ചയെ ആയാസ രഹിതമാക്കും. ടിവി നിശ്ചിത അകലത്തിൽ ഇരിക്കുന്നതിനാൽ അതിൽ നോക്കുമ്പോൾ കണ്ണിന്  അത്ര പ്രശ്നം ഉണ്ടാകില്ല. അടുത്തുള്ളവ മാത്രം കാണുന്ന ലക്ഷണമുള്ളവർ തുറസ്സായ സ്ഥലങ്ങളിൽ കൂടുതൽ നേരം ചെലവഴിക്കാൻ ശ്രമിക്കണമെന്നും ഡോ. പയസ് സെബാസ്റ്റ്യൻ പറഞ്ഞു.

ദൂരേക്ക് നോക്കി കൺചിമ്മാം

ഇ–ലേണിങ് തിരഞ്ഞെടുത്ത വിദ്യാർഥികൾ കാഴ്ചയ്ക്ക് പ്രയാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും 20 മിനിറ്റ് ഇടവേളകളിൽ ദൂരേക്കു നോക്കിയും കൺചിമ്മിയും കണ്ണിന്റെ ആരോഗ്യം ഉറപ്പാക്കണം. മണിക്കൂറിൽ കുറഞ്ഞത് 10 മിനിറ്റെങ്കിലും ദൂരേക്കു നോക്കുന്നതിലൂടെ കണ്ണിനു മതിയായ വിശ്രമം ലഭിക്കും. പ്രശ്നം തുടരുന്നവർക്ക് കണ്ണിന്റെ വരൾച്ച മാറാൻ സഹായിക്കുന്ന തുള്ളിമരുന്ന് എടുക്കാം. എന്നിട്ടും പരിഹാരമായില്ലെങ്കിൽ അടുത്തുള്ള നേത്രരോഗ വിദഗ്ധനെ കാണിച്ച് കാഴ്ച പരിശോധിക്കണമെന്ന് ദെയ്റ ആസ്റ്റർ മെഡിക്കൽ സെന്ററിലെ സ്പെഷലിസ്റ്റ്  ഒഫ്താൽമോളജിസ്റ്റ് ഡോ. സലീം മൂപ്പൻ പറഞ്ഞു.

സ്ക്രീനിൽ കണ്ണുനട്ടിരുന്നാൽ...

20 മിനിറ്റിലേറെ സ്ക്രീനിലേക്കു നോക്കിയിരിക്കുന്നത് കണ്ണിലെ  നനവ് ഇല്ലാതാക്കും. കണ്ണെരിച്ചിൽ, വെള്ളം നിറയൽ, തലവേദന എന്നിവയെല്ലാം വരൾച്ചയുടെ ലക്ഷണങ്ങളാണ്. കൂടാതെ കണ്ണും  സ്ക്രീനും തമ്മിലുള്ള അകലം, അശാസ്ത്രീയമായ ഇരുത്തം എന്നിവയെല്ലാം കണ്ണിനെ ബാധിക്കും. 20–20–20 നിയമം പാലിച്ചാൽ കുട്ടികളിലും ലാപ്ടോപ് ഉപയോഗിക്കുന്ന മുതിർന്നവരിലും ഉണ്ടാകുന്ന കാഴ്ച പ്രശ്നത്തിന് ഒരു പരിധിവരെ പരിഹരിക്കാമെന്ന് അബുദാബി അഹല്യ ഐ കെയറിലെ മെഡിക്കൽ ഡയറക്ടർ ഡോ. പയസ് സെബാസ്റ്റ്യൻ പറഞ്ഞു.

എന്താണ്  20–20–20

ഇ–ലേണിങ്ങിനു ഇരിക്കുന്ന കുട്ടികളും കംപ്യൂട്ടറിൽ ജോലി ചെയ്യുന്നവരും 20 മിനിറ്റ് ഇടവേളയിൽ സീറ്റിൽനിന്ന് എഴുന്നേൽക്കണം.  ജനലിനരികിലോ മറ്റോ നിന്ന് 20 മീറ്റർ ദൂരേക്കു നോക്കുക. 20 തവണ കണ്ണ് ചിമ്മിത്തുറക്കണം. ഇത് കണ്ണിലെ  നനവ് നിലനിർത്താൻ സഹായിക്കും.

വെളിച്ചത്തിലിരുന്ന് വായിക്കാം

ഇരുട്ടത്തിരുന്നും കിടന്നും ലാപ്ടോപും  ടാബും മൊബൈലും ഉപയോഗിക്കരുത്. മുറിയിൽ ‍മതിയായ വെളിച്ചം  ഉറപ്പാക്കണം. ഇ–ലേണിങ് സമയത്തു മാത്രം  ഗാഡ്ജെറ്റ്  ഉപയോഗിച്ച് മറ്റു സമയങ്ങളിൽ പുസ്തകം ഉപയോഗിച്ച്  പഠിക്കുന്നതിലൂടെ  കണ്ണിന് അൽപം  ആയാസം കുറയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com