ADVERTISEMENT

ദോഹ ∙ കത്താറ പൈതൃക കേന്ദ്രത്തിൽ നാലാമത് രാജ്യാന്തര വേട്ട-ഫാൽക്കൺ പ്രദർശന (സുഹെയ്ൽ-2020)ത്തിന് തുടക്കമായി. മേളയുടെ ആദ്യ ദിവസമായ ഇന്നലെ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി, മിന മേഖലയിലെ ബ്രിട്ടിഷ് സഹമന്ത്രി ജയിംസ് ക്ലെവർലി എന്നിവർ പവിലിയനുകൾ സന്ദർശിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ് സുഹെയ്ൽ നടത്തുന്നത്.

ഖത്തർ ഉൾപ്പെടെ 13 രാജ്യങ്ങളിൽ നിന്നുള്ള പ്രദർശകരാണ് മേളയിലുള്ളത്. 112 പവിലിയനുകളിലായി അത്യാധുനിക വേട്ട ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും വിപണികൾ, വ്യത്യസ്ത ഇനം ഫാൽക്കണുകളുടെ പ്രദർശനം, ഫാൽക്കണുകൾക്കുള്ള വിവിധ തരം മുഖാവരണങ്ങൾ, ഫാൽക്കണറിയുമായി ബന്ധപ്പെട്ട കരകൗശല ഉൽപന്നങ്ങൾ എന്നിവയെല്ലാമാണ് മേളയിലുള്ളത്. മികച്ച പവിലിയൻ, മികച്ച ബുർഖ എന്നിവയ്ക്കുള്ള മത്സരങ്ങളും നടക്കുന്നുണ്ട്. മികച്ച ഡിസൈനിലുള്ള പവിലിയന് 20,000 റിയാൽ ആണ് സമ്മാനത്തുക. ഫാൽക്കണുകളുടെ മികച്ച മുഖാവരണത്തിന് (ബുർഖ) ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 3,000, 2,000, 1,000 ഡോളർ വീതമാണ് സമ്മാനം.

falcone
വിൽപനയ്ക്കായി പ്രദർശിപ്പിച്ചിരിക്കുന്ന ഫാൽക്കണുകളുടെ മുഖാവരണങ്ങളിലൊന്ന്.

സന്ദർശകർക്ക് രുചി പകരാൻ  കഫേകളും റസ്റ്ററന്റുകളും സജീവമാണ്. കോവിഡ് സാഹചര്യമായതിനാൽ ഇത്തവണ ഫാൽക്കണുകളുടെ ലേലം വെർച്വൽ വേദിയിലാണ് നടക്കുന്നത്. കത്താറയുടെ ഓൺലൈൻ വെബ്സൈറ്റ് മുഖേന മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം. രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 2.00 വരെയും വൈകിട്ട് 4.00 മുതൽ രാത്രി 11.00 വരെയുമാണ് പ്രവേശനം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.00 മുതൽ രാത്രി 11.00 വരെയും. ദിവസവും ഉച്ചയ്ക്ക് പ്രദർശന നഗരി അണുവിമുക്തമാക്കുന്നുണ്ട്. 4 ദിവസത്തെ മേള 24 ന് സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com