ADVERTISEMENT

ദോഹ ∙  രാജ്യത്തെ തൊഴിലാളികളുടെ ഒളിച്ചോട്ടം റിപ്പോർട്ട് ചെയ്യുന്ന സംവിധാനം നിർത്തലാക്കാൻ തൊഴിൽ മന്ത്രാലയം തയാറെടുക്കുന്നു. ഇതുസംബന്ധിച്ച മന്ത്രിതല തീരുമാനം അധികം താമസിയാതെ പ്രഖ്യാപിക്കും. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ഒളിച്ചോട്ടം റിപ്പോർട്ട് ചെയ്യുന്ന സംവിധാനം നിർത്തലാക്കുന്നത്. റദ്ദാക്കൽ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയവുമായി ചേർന്നുള്ള നടപടികൾ പുരോഗതിയിലാണെന്നു തൊഴിൽ മന്ത്രാലയത്തിലെ തൊഴിലാളി കാര്യ വിഭാഗം അസി.അണ്ടർസെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഒബെയ്ദലി പറഞ്ഞു.

മന്ത്രാലയവും കനേഡിയൻ എംബസിയും ചേർന്ന് നടത്തിയ ഖത്തറിലെ തൊഴിൽ പരിഷ്‌കരണം സംബന്ധിച്ച വെബിനാറിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.സംവിധാനം റദ്ദാക്കുന്നതോടെ ഒളിച്ചോടിയെന്ന നിലയില്‍ തൊഴിലാളികളുടെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തൊഴിലുടമക്ക് അവകാശമുണ്ടാകില്ല. പകരം തൊഴിലാളിയുടെ പേരില്‍ ഭാവിയിലുണ്ടായേക്കാവുന്ന ബാധ്യതകള്‍ ഒഴിവാക്കാന്‍ വേണ്ടി മാത്രം അക്കാര്യം അറിയിച്ചാല്‍ മതിയാകും. ഒളിച്ചോടുന്ന തൊഴിലാളിയുടെ സാഹചര്യത്തെക്കുറിച്ച്  മന്ത്രാലയം അന്വേഷണം നടത്തും.

നിയമപ്രകാരം പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഒളിച്ചോടുന്ന തൊഴിലാളിക്കും തന്റെ അവകാശങ്ങള്‍ നേടാന്‍ അര്‍ഹതയുണ്ട്. തൊഴില്‍ സംബന്ധിച്ച പരാതിയും തൊഴില്‍ മാറ്റത്തിനുള്ള അപേക്ഷയും തൊഴിലാളിക്ക് നല്‍കാം. ഒളിച്ചോടിയെന്ന റിപ്പോര്‍ട്ട് തൊഴിലാളിയുടെ ജോലി സാഹചര്യത്തെ ബാധിക്കില്ല.

തൊഴിൽ മാറ്റം സുഗമം

നിലവിലെ സംവിധാന പ്രകാരം തൊഴിലാളി തൊഴിൽ മാറ്റത്തിനുള്ള അപേക്ഷ നൽകുന്നതിന് മുൻപായി തൊഴിലുടമ ഒളിച്ചോട്ടം സംബന്ധിച്ച റിപ്പോർട്ട് മന്ത്രാലയത്തിന് നൽകിയാൽ തൊഴിൽ മാറ്റത്തിന് കഴിയില്ല. ഇത് പരിഹരിക്കാനായി, തൊഴിൽ മാറ്റത്തിന് തൊഴിലാളി തീരുമാനിച്ചാൽ തൊഴിലാളിയെ കാണാതായെന്ന തരത്തിൽ തൊഴിലുടമയ്ക്ക് കേസ് നൽകാൻ സാധിക്കാത്ത നടപടികളാണ് പുരോഗമിക്കുന്നത്. ഒളിച്ചോട്ടം റിപ്പോർട്ട് ചെയ്യുന്ന സംവിധാനം റദ്ദാക്കുന്നതോടെ തൊഴിലാളിക്ക് സുഗമമായി തൊഴിൽ മാറ്റത്തിന് സാധ്യമാകും. ലേബർ ക്യാംപിൽ കഴിയുമ്പോഴും തൊഴിലാളിയെ കാണാതായെന്ന തരത്തിൽ കേസുകളും പരാതികളും നൽകുന്ന തൊഴിലുടമകളുണ്ട്. ഇത്തരത്തിൽ വേതന സംരക്ഷണ സംവിധാന വ്യവസ്ഥ ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അൽ ഒബെയ്ദലി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com