ADVERTISEMENT

ദുബായ് ∙ എക്സ്പോ വേദിയിലേക്കു  614 ഹൈടെക്   ബസുകൾ സർവീസ് നടത്തുമെന്നും  23  റൂട്ടുകൾ ആരംഭിക്കുമെന്നും ആർടിഎ. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള സർവീസുകൾക്കു പുറമേയാണിത്. സന്ദർശകരുടെ സൗകര്യാർഥം 6 താൽക്കാലിക ബസ് സ്റ്റോപ്പുകളും ഉണ്ടാകും.
 
താത്കാലിക ബസ് സ്റ്റോപ്പുകൾ

ദുബായ് സിലിക്കൺ ഒയാസിസ്, ഇന്റർനാഷനൽ സിറ്റി, ദുബായ് മാരിടൈം സിറ്റി, പാം ജുമൈറ, ബിസിനസ് ബേ 1, മെയ്ദാൻ എന്നിവിടങ്ങളിലാകും താൽക്കാലിക സ്റ്റോപ്പുകൾ.17 ബസ് സ്റ്റേഷനുകളുടെയും സ്റ്റോപ്പുകളുടെയും നിർമാണം പുരോഗമിക്കുകയാണ്. 7 എമിറേറ്റുകളിൽ നിന്നും അതിവേഗമെത്താൻ സൗകര്യമൊരുക്കും. മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചുള്ള ഫീഡർ സർവീസുകൾ കൂടാതെയാണിത്. കാർബൺ മലിനീകരണം കുറഞ്ഞ, യൂറോ   6 മാനദണ്ഡങ്ങൾ പാലിക്കുന്ന ബസുകളാണ് ഉപയോഗിക്കുക. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ 4 വർഷത്തിനകം 1,550 എസി ബസ് ഷെൽറ്ററുകൾ നിർമിക്കും. ഗതാഗത മേഖലയിൽ പുരോഗമിക്കുന്ന വൻ പദ്ധതികളുടെ ഭാഗമായി പൂർത്തിയാക്കിയ അൽ ഗുബൈബ  ബസ് സ്റ്റേഷൻ സമുച്ചയം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. വിവിധ പദ്ധതികളെക്കുറിച്ച് ആർടിഎ ചെയർമാൻ മത്തർ അൽ തായർ വിശദീകരിച്ചു. 2,452 ചതുരശ്ര മീറ്റർ  വിസ്തൃതിയുള്ള സ്റ്റേഷൻ സമുച്ചയത്തിലെ 6 ബ്ലോക്കുകളിലായി  ഓഫിസുകൾ, കടകൾ, റസ്റ്ററന്റുകൾ എന്നിവയുണ്ട്. 50 ബസുകളും 48 മറ്റു വാഹനങ്ങളും ഒരേസമയം നിർത്തിയിടാം. 34 ടാക്സികൾക്കു പാർക്കിങ് സൗകര്യവുമുണ്ട്.

ഇ-സ്കൂട്ടറുകൾ വാടകയ്ക്ക്

scooter
ബസ് സ്റ്റേഷനോടനുബന്ധിച്ചുള്ള ഇ-സ്കൂട്ടർ ഡോക്കിങ് മേഖല.

ദുബായിൽ ഇനി മുതൽ ഇ-സ്കൂട്ടറുകളും വാടകയ്ക്ക് എടുക്കാം. അടുത്തയാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ ഇതിനു തുടക്കം കുറിക്കും. ‌ബർദുബായ് ബസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം സ്കൂട്ടർ ലഭ്യമാകും. സ്മാർട് സൈക്കിളുകൾ വാടകയ്ക്കു ലഭ്യമാക്കുന്ന പദ്ധതി വൻ വിജയമായതിനെ തുടർന്നാണിത്. 5 കമ്പനികൾക്കാണ് ഇ-സ്കൂട്ടറുകളുടെ നടത്തിപ്പ് ചുമതല. രാജ്യാന്തര കമ്പനികളായ കരീം, ലൈം, ടിയർ (Tier) എന്നിവയ്ക്കു പുറമേ 2 സ്വദേശി കമ്പനികളുമുണ്ട്. മുഹമ്മദ് ബിൻ റാഷിദ്  ബൊലെവാഡ്, ദുബായ് ഇന്റർനെറ്റ് സിറ്റി, ഡിസംബർ 2 സ്ട്രീറ്റ്, അൽ റിഗ്ഗ, ജുമൈറ ലെയ്ക് ടവേഴ്സ് എന്നിവിടങ്ങളിൽ ഇ-സ്കൂട്ടർ ലഭിക്കും.

വരും, കൂടുതൽ സൈക്കിൾ ട്രാക്കുകൾ

ദുബായിലെ 8 ഡിസ്ട്രിക്ടുകളിലായി 88 കിലോമീറ്റർ സൈക്കിൾ ട്രാക്ക് നിർമാണം മുന്നോട്ട്. ജുമൈറ ബീച്ച്, മുഹമ്മദ് ബിൻ റാഷിദ് ബൊലെവാഡ്, അൽ ഖവാനീജ് ഡിസ്ട്രിക്ടുകൾക്കാണ് ആദ്യ പരിഗണന. ഇതര സൈക്കിൾ ട്രാക്കുകൾ, ബസ്-മെട്രോ സ്റ്റേഷനുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കും. 2025 ആകുമ്പോഴേക്കും 647 കിലോമീറ്റർ സൈക്കിൾ ട്രാക്ക് പൂർത്തിയാക്കുകയാണു ലക്ഷ്യം. നിലവിൽ  425 കിലോമീറ്ററാണ്. ജനവാസമേഖല, സുരക്ഷിതത്വം എന്നിവയ്ക്കു മുൻഗണന നൽകിയാണ്  ട്രാക്ക് നിർമാണം. സൈക്കിൾ യാത്രികർക്കുള്ള സമഗ്ര ഗതാഗത നിയമാവലിക്കു  രൂപം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യശീലങ്ങൾ വളർത്തുക, കാർബൺ മലിനീകരണം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൂടി കണക്കിലെടുത്താണ് നടപടി.

കർശന സുരക്ഷയ്ക്ക് വൻ തയാറെടുപ്പ്

expo
യുഎഇ രാജ്യാന്തര സഹകരണ സഹമന്ത്രിയും എക്സ്പോ ദുബായ് ബ്യൂറോ ഡയറക്ടർ ജനറലുമായ റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമിയും ദുബായ് പൊലീസ് മേധാവി ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയും കൂടിക്കാഴ്ച നടത്തിയപ്പോൾ.

ദുബായ് ∙ എക്സ്പോയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാൻ വൻ ക്രമീകരണങ്ങൾ. സന്ദർശകരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും. ഇതുസംബന്ധിച്ച് രാജ്യാന്തര സഹകരണ സഹമന്ത്രിയും എക്സ്പോ ദുബായ് ബ്യൂറോ ഡയറക്ടർ ജനറലുമായ റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമിയും ദുബായ് പൊലീസ് മേധാവി ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയും പൊലീസ് ആസ്ഥാനത്തു കൂടിക്കാഴ്ച നടത്തി. ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. എക്സ്പോയ്ക്ക് സുരക്ഷയൊരുക്കാൻ പൊലീസിനൊപ്പം സൈന്യവും ഉണ്ടാകും. ഇതിനുള്ള പ്രത്യേക സംഘത്തിന്റെ പരിശീലനം ഏവിയേഷൻ സെക്യൂരിറ്റി ട്രെയിനിങ് സെന്ററിൽ പുരോഗമിക്കുകയാണ്. നൂതന സാങ്കേതിക വിദ്യകളിലടക്കം തീവ്ര പരിശീലനമാണു നൽകുന്നത്. ത്രിതല സുരക്ഷാ സംവിധാനമാണ് ഒരുക്കുക. മുൻനിരയിൽ പ്രവർത്തിക്കുന്ന കർമസേന, സപ്പോർട് ആൻഡ് ബാക്കപ് വിഭാഗം, ക്രിമിനൽ ഗവേഷണ വിഭാഗം എന്നിവ. സുരക്ഷാ ക്രമീകരണങ്ങൾക്ക് നിർമിതബുദ്ധി (എഐ) ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com