ADVERTISEMENT

ദോഹ ∙ മുൻ വർഷങ്ങളിലെ ശൈത്യകാലങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും ഇത്തവണ പകർച്ചപ്പനിയുടെ വ്യാപനമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. നിലവിലെ കോവിഡ് സാഹചര്യത്തെ തുടർന്നാണ് പകർച്ചപ്പനിക്കെതിരെ മുൻവർഷത്തേക്കാൾ കൂടുതൽ കരുതൽ വേണമെന്ന് അധികൃതർ പറയുന്നത്. കോവിഡിനും പകർച്ചപ്പനിക്കും സമാന ലക്ഷണങ്ങളാണെന്നതിനാൽ തുടക്കത്തിലെ തിരിച്ചറിയാൻ സാധിക്കില്ല. പകർച്ചപ്പനിയോടൊപ്പം കോവിഡ് കൂടി ബാധിച്ചാൽ, അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.

പകർച്ചപ്പനി പ്രതിരോധ വാക്‌സീൻ രാജ്യത്ത് മതിയായ അളവിൽ ലഭ്യമാണ്. അബ്ബോട്ട്, സനോഫി തുടങ്ങിയ വൻകിട കമ്പനികളിൽ നിന്നുള്ള വാക്‌സീൻ തന്നെയാണ് എല്ലാ വർഷവും രാജ്യത്ത് വിതരണം ചെയ്യുന്നത്. വർഷങ്ങളായി ഈ മരുന്നിന് ഗുണഫലങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതേ വാക്‌സീൻ തന്നെയാണ് യുഎസ്എ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഉൾപ്പെടെ ഉപയോഗിക്കുന്നതെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ പകർച്ചവ്യാധി പ്രതിരോധ വകുപ്പ് മേധാവി ഡോ.അബ്ദുല്ലത്തീഫ് അൽഖാൽ വെളിപ്പെടുത്തി.

വാക്‌സീൻ സുരക്ഷിതം

പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് സുരക്ഷിതമാണ്. കുത്തിവയ്പ് എടുത്തവരിൽ ചെറിയ തോതിലുള്ള പനിയും കുത്തിവയ്പ് എടുക്കുന്ന സ്ഥലത്ത് നേരിയ വേദനയും പാർശ്വഫലങ്ങളായി ചെറിയ ശതമാനം പേർക്ക് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സങ്കീർണ ആരോഗ്യപ്രശ്‌നങ്ങൾക്ക് കൂടുതൽ സാധ്യതയുള്ളവരിൽ പകർച്ചപ്പനി പിടിപെട്ടാൽ ഗുരുതരമാകാൻ ഇടയുണ്ടെന്നും ഡോ.അൽഖാൽ ഓർമപ്പെടുത്തി.

ഇതുവരെ കുത്തിവയ്പ് എടുത്തത് 20,000 പേർ

ദേശീയ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്നിന്റെ ഭാഗമായി രാജ്യത്ത് ഇതുവരെ 20,000 പേർക്ക് കുത്തിവയ്പ് നൽകി. കൂടുതൽ പേരും ഹമദ് മെഡിക്കൽ കോർപറേഷനിലേയും പ്രാഥമിക പരിചരണ കോർപറേഷനിലേയും ആരോഗ്യപ്രവർത്തകരാണ്. പൊതുജനങ്ങൾക്ക് പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചിട്ടുണ്ട്. 50നു മുകളിൽ പ്രായമുള്ളവർ, 6 മാസത്തിനും 5 വയസ്സിനും ഇടയിലുള്ള കുട്ടികൾ, വിട്ടുമാറാത്ത രോഗമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് പ്രധാനമായും വാക്‌സീൻ നൽകുന്നത്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും നിശ്ചിത അർധസർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി കുത്തിവയ്പ് എടുക്കാം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ കുത്തിവയ്പ് എടുക്കാൻ 107ൽ വിളിച്ച് മുൻകൂർ അനുമതി തേടണമെന്ന് മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com