ADVERTISEMENT

ദോഹ ∙ ഇത്തവണത്തെ വാരാന്ത്യം രുചി സ്ട്രീറ്റുകളിലും മേളകളിലുമായി ചെലവിടാം. കത്താറയിലെ ഷേക്സ്പിയർ സ്ട്രീറ്റിലെ രുചി സ്ട്രീറ്റിലെ ഡ്രൈവ്-ത്രൂ ഭക്ഷ്യ മേള ദിവസവും രാത്രി 3.00 മുതൽ പുലർച്ചെ വരെയാണ്. 2021 മാർച്ച് വരെ മുന്നൂറിലധികം വരുന്ന ഭക്ഷ്യ സ്റ്റാളുകളുടെ രുചിപ്പെരുമ ആസ്വദിക്കാം. മുഷ്‌റെബ് ഡൗൺ ടൗൺ ദോഹയിലെ 'ഗൗർമെറ്റ് സ്ട്രീറ്റ്' സന്ദർശിക്കുന്നവർക്ക് വ്യത്യസ്ത രുചികളിലുള്ള ഐസ്‌ക്രീം നുണയാം.

പ്രഥമ അൽ സിക്ക ഗൗർമെറ്റ് സ്ട്രീറ്റിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. പ്രവേശനത്തിന് സ്മാർട് ഫോണിലെ ഇഹ്‌തെറാസ് ആപ്പിൽ പച്ച കത്തണം. മാസ്‌കും ധരിക്കണം. സിക്കത്ത് വാദി മുഷ്‌റെബിലാണ് ഗൗർമെറ്റ് സ്ട്രീറ്റ്. ദിവസവും വൈകിട്ട് 4.00 മുതൽ രാത്രി 11.00 വരെയാണ് പ്രവേശനം. കത്താറയിൽ രാജ്യാന്തര വേട്ട-ഫാൽക്കൺ പ്രദർശനം കാണാം.

വിസ്ഡം സ്‌ക്വയറിലും 12-ാം ബിൽഡിങ്ങിലുമായി നടക്കുന്ന മേള കാണാൻ കത്താറ വെബ്‌സൈറ്റ് മുഖേന മുൻകൂർ അനുമതി തേടണമെന്ന് മാത്രം. ഈ മാസം 24 വരെയാണ് മേള. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.00 മുതൽ രാത്രി 11.00 വരെയും ശനിയാഴ്ച രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 2.00 വരെയും വൈകിട്ട് 4.00 മുതൽ രാത്രി 11.00 വരെയുമാണ് പ്രവേശനം.

കലാ പ്രദർശനങ്ങളിൽ പൈതൃക തനിമ

ഫയർ സ്‌റ്റേഷനിൽ ചെന്നാൽ ഖത്തർ അൽ ഫൻ പ്രദർശനം കാണാം. ഖത്തറിന്റെ കലയും പൈതൃകവുമെല്ലാം ലളിതമായ തരത്തിൽ സമകാലിക ഫങ്ഷനൽ കലാ സൃഷ്ടികളാക്കി മാറ്റിയുള്ള പ്രദർശനത്തിൽ കാർപെറ്റുകൾ, അലങ്കാര വിളക്കുകൾ, ലാൻഡ്‌സ്‌കേപ് ഫർണിച്ചറുകൾ എന്നിവയെല്ലാമാണുള്ളത്. ചൊവ്വാഴ്ച വരെ നീളുന്ന പ്രദർശനം രാവിലെ 9.00 മുതൽ വൈകിട്ട് 7.00 വരെയാണ്. ഖത്തർ ദേശീയ മ്യൂസിയത്തിൽ കുവൈത്തിലെ അൽ സബാഹ് ശേഖരത്തിലെ അപൂർവ സൃഷ്ടികളുടെ പുരാതന കിഴക്കിന്റെ പ്രതാപം എന്ന തലക്കെട്ടിലുള്ള പ്രദർശനവും നടക്കുന്നുണ്ട്. ഖത്തർ മ്യൂസിയം വെബ്‌സൈറ്റ് മുഖേന പ്രവേശന ടിക്കറ്റ് എടുക്കാം. മുഷ്‌റെബിലെ സിക്കത്ത് വാദി മുഷ്‌റെബിൽ അൽ ഹോഷ് ഗാലറിയിൽ 'ഇൻ ഡൗൺടൗൺ' എന്ന പ്രദർശനവും കാണാം. ഖത്തറിലെ 17 ചിത്രകാരന്മാരുടെ സൃഷ്ടികളാണ് ഇവിടെയുള്ളത്. വൈകിട്ട് 4.00 മുതൽ രാത്രി 9.00 വരെയാണ് പ്രവേശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com