ADVERTISEMENT

ദുബായ് ∙ വൻ തോതിൽ ലഹരിമരുന്ന് വിൽക്കാനുള്ള ശ്രമം ദുബായ് പൊലീസ് ‘സ്റ്റെപ് ബൈ സ്റ്റെപ്’ ഒാപ്പറേഷനിലൂടെ തകർത്തു. മൂന്നംഗ രാജ്യാന്തര സംഘത്തെ അറസ്റ്റ് ചെയ്തു. രാജ്യത്തിനകത്ത് 33 കിലോഗ്രാം പരൽരൂപത്തിലുള്ള മെതഡിൻ ആണ് സംഘം വിൽപനയ്ക്ക് ശ്രമിച്ചതെന്ന് ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്.ജനറൽ അബ്ദുല്ല ഖലീഫ അൽ മെറി പറഞ്ഞു. ലഹരിമരുന്ന് വിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ചതനുസരിച്ച് ഷാർജ പൊലീസിന്റെ സഹകരണത്തോടെയായിരുന്നു പ്രതികളെ ദുബായ് പൊലീസ് വലയിലാക്കിയത്. 

പൊലീസിന്റേത് ആസൂത്രിത നീക്കം

വൻ തോതിൽ ലഹരിമരുന്ന് യുഎഇയിലേയ്ക്ക് കടത്തിയതായി ദുബായ് പൊലീസിന് രഹസ്യ വിവരം ലഭിച്ചതനുസരിച്ച് ദുബായ് ആസൂത്രിത നീക്കം നടത്തുകയായിരുന്നു. ‘സ്റ്റെപ് ബൈ സ്റ്റെപ്’ ഒാപ്പറേഷൻ എന്ന പേരിൽ നടത്തിയ അന്വേഷണം ഫലപ്രാപ്തിയിലെത്തി. ദുബായിലെ ഒരു വെയർഹൗസിലായിരുന്നു ലഹരിമരുന്ന് ഒളിപ്പിച്ചുവച്ചിരുന്നത്. തുടർന്ന് വെയർഹൗസ് കണ്ടെത്തി. രണ്ടു പ്രതികളെ ദിവസങ്ങളോളം പൊലീസ് നിരീക്ഷിച്ചുവരികയുമായിരുന്നുവെന്ന് ദുബായ് പൊലീസ് ആന്റി നാർകോർടിക് വിഭാഗം ഡയറക്ടർ ബ്രി.ഇൗദ് മുഹമ്മദ് താനി ഹാരിബ് പറഞ്ഞു. 

പിന്നീട് പ്രതികൾ ലഹരിമരുന്ന് വെയർഹൗസിൽ നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു. രണ്ട് പേർ ചേർന്ന് 22 കിലോ മെത് പൊടി ഷാർജ വ്യവസായ മേഖലയിലേയ്ക്ക് മാറ്റി. ഇതിനിടെയാണ് ഷാർജ പൊലീസിന്റെ സഹകരണത്തോടെ പ്രതികളെ പിടികൂടിയതെന്ന് ബ്രി.ഹാരിബ് വ്യക്തമാക്കി.

dubai-police-foiled-a-major-drug-operation1

രണ്ട് സംഘങ്ങളായി ലഹരി വ്യാപാരം; മൂന്നാമനും അറസ്റ്റിൽ

സംഘത്തിലെ മൂന്നാമനെക്കുറിച്ചും പൊലീസിന് വൈകാതെ വിവരം ലഭിച്ചു. ഇയാൾ വെയർ ഹൗസിലെത്തി 11 കിലോ ഗ്രാം ലഹരിമരുന്ന് ഷാർജയിലേയ്ക്ക് കടത്തുന്നതിനിടെയാണ് അറസ്റ്റിലായത്. രണ്ടു സംഘങ്ങളായാണ് സംഘത്തലവൻ ലഹരി വ്യാപാരം ആസൂത്രണം ചെയ്തിരുന്നത്. സംഘത്തിലെ രണ്ടു പേർ 22,000 ദിർഹത്തിനും മൂന്നാമൻ 3,500ത്തിനുമാണ് ലഹരിമരുന്ന് വിൽപനയ്ക്ക് ശ്രമിച്ചത്. തുടരന്വേഷണത്തിനായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com