ദോഹ ∙ ഏത് ഇനങ്ങളിലുള്ള ദിനോസറുകളുടെ ചിത്രങ്ങൾ കാണിച്ചാലും നിമിഷങ്ങൾക്കുള്ളിൽ അവയുടെ പേരും പ്രത്യേകതകളും ഉൾപ്പെടെപറയും ദോഹയിലെ മലയാളി വിദ്യാർഥിയായ ആറുവയസ്സുകാരൻ പത്മനാഭൻ നായർ. ചുരുങ്ങിയ സമയത്തിനുള്ളിൽ വ്യത്യസ്ത ഇനം ദിനോസറുകളെ തിരിച്ചറിഞ്ഞതിലൂടെ ചെറു പ്രായത്തിൽ തന്നെ ഒട്ടേറെ ലോക റെക്കോർഡുകളും പത്മനാഭൻ സ്വന്തമാക്കി കഴിഞ്ഞു.
ദോഹയിലെ ബിർല പബ്ലിക് സ്‌കൂളിലെ ഒന്നാം ക്ലാസുകാരനായ പത്മനാഭൻ നായർ വേൾഡ് റെക്കോർഡ്‌സ് ഓഫ് യുകെ, ലിംക, ഏഷ്യ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവയിലെല്ലാം ഇടം നേടിയിട്ടുണ്ട്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് നേട്ടവും സ്വന്തമാക്കാനുള്ള അപേക്ഷ നൽകി കാത്തിരിപ്പിലാണ് ഈ കുരുന്നു പ്രതിഭ.
ഒരു മിനിറ്റിൽ 41 വ്യത്യസ്ത ഇനങ്ങളുടെയും 5 മിനിറ്റിൽ 97 ഇനങ്ങളും ഉൾപ്പെടെ 130 ഇനം ദിനോസറുകളെ തിരിച്ചറിഞ്ഞാണ് പത്മനാഭൻ നേട്ടം കൈവരിച്ചത്. അതിവേഗം തന്നെ ദിനോസറുകളുടെ പേരുകൾ പറയും. മാതാപിതാക്കളും അധ്യാപകരുമാണ് പത്മനാഭന് പിന്തുണ. ആലപ്പുഴ മാന്നാർ സ്വദേശികളായ ജയപ്രകാശിന്റെയും ജ്യോതിലക്ഷ്മിയുടെയും മകനാണ് ഇൗ മിടുക്കന്‍.